29 March 2024, Friday

Related news

March 28, 2024
March 27, 2024
March 26, 2024
March 26, 2024
March 26, 2024
March 25, 2024
March 24, 2024
March 24, 2024
March 23, 2024
March 23, 2024

കല്ലില്‍ കുടുങ്ങി അംഗത്വം മുടങ്ങി; കോണ്‍ഗ്രസ് ക്യാമ്പയിന്‍ പ്രതിസന്ധിയില്‍

കെ രംഗനാഥ്
തിരുവനന്തപുരം
March 26, 2022 10:36 pm

കോണ്‍ഗ്രസില്‍ അരക്കോടി അംഗങ്ങളെ ചേര്‍ക്കാനുള്ള ക്യാമ്പയിന്‍ സില്‍വര്‍ ലൈന്‍ അടയാളക്കല്ലുകളിലുടക്കി മുടങ്ങി. രണ്ടു ദിവസം മുമ്പ് കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് അംഗത്വവിതരണയജ്ഞം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഉദ്ഘാടനം ചെയ്തത്.

ഇപ്പോള്‍ 33 ലക്ഷം അംഗസംഖ്യയുള്ളത് മാര്‍ച്ച് 31 ന് അരക്കോടിയായി വര്‍ധിപ്പിക്കുമെന്ന് ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു. അംഗങ്ങളെ ചേര്‍ക്കാന്‍ മുന്നിട്ടിറങ്ങാത്ത നേതാക്കളുടെ ഭാവി ഇരുളടഞ്ഞതായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പും നല്കിയിരുന്നു. എറണാകുളത്ത് അഞ്ചു ലക്ഷവും ഇടുക്കിയില്‍ ഒന്നേകാല്‍ ലക്ഷവും കോട്ടയത്ത് രണ്ടു ലക്ഷവും ആലപ്പുഴയില്‍ രണ്ടേകാല്‍ ലക്ഷവും അംഗങ്ങളെ ചേര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു. അംഗത്വം ഡിജിറ്റല്‍ ആയതിനാല്‍ കാല്‍മുട്ടില്‍ വച്ചെഴുതി വ്യാജ അംഗങ്ങളെ ചേര്‍ക്കാനാവില്ലെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് ഒന്നു മുതല്‍ അംഗത്വവിതരണം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ഗ്രൂപ്പുപോരിനും എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും കുത്തിത്തിരിപ്പുകളും മൂലം അംഗത്വവിതരണം നീണ്ടുപോകുകയായിരുന്നു.

ബൂത്തുതല നേതാക്കള്‍ മുതല്‍ സംസ്ഥാന നേതാക്കള്‍ വരെ സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തിന്റെ നേതൃനിരയിലാണ്. ചാനലുകളില്‍ മുഖം വരുമെന്നതിനാല്‍ കെ റയില്‍ കടന്നുപോകാത്ത ജില്ലകളിലെ നേതാക്കളും അണികളും അടയാളക്കല്ലുകള്‍ പിഴുതെടുക്കാനും തോട്ടിലെറിയാനും ദിവസങ്ങളായി രംഗത്തുണ്ട്. ഇതിനിടെ സില്‍വര്‍ലൈന്‍ കടന്നുപോകാത്ത കിഴക്കന്‍ ജില്ലകളിലെ നേതാക്കളെ കുത്തിയിളക്കി അംഗത്വ ക്യാമ്പയിനിറക്കാനുള്ള ശ്രമങ്ങളും പാളി.

കെ സുധാകരനും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വി ഡി സതീശനും എംഎല്‍എമാരും എംപിമാരും പോലും തങ്ങളുടെ മണ്ഡലങ്ങളിലെ അംഗത്വവിതരണ ക്യാമ്പയിന്‍ ഊര്‍ജിതമാക്കാന്‍ രംഗത്തിറങ്ങിയില്ലെന്നതാണ് കൗതുകകരം. അംഗത്വ ക്യാമ്പയിനിലെ ഈ സമ്പൂര്‍ണ ആലസ്യത്തില്‍ അതിരറ്റു സന്തോഷിക്കുന്നവരാണ് വി ഡി സതീശന്‍ — കെ സി വേണുഗോപാല്‍ ഗ്രൂപ്പ്. എ, ഐ ഗ്രൂപ്പുകളും സുധാകരനും ഗ്രൂപ്പില്ലാത്തവരും ചേര്‍ന്ന് അംഗങ്ങളെ ചേര്‍ക്കാന്‍ മത്സരിച്ച് രംഗത്തിറങ്ങിയാല്‍ കെപിസിസി തെരഞ്ഞെടുപ്പു വരുമ്പോള്‍ തങ്ങള്‍ പൂര്‍ണമായി കളത്തിനു പുറത്താകുമെന്നാണ് ഇവരുടെ അങ്കലാപ്പ്. അതിനാല്‍ അംഗത്വ വിതരണത്തിനു പകരം കെ റയില്‍ വിരുദ്ധ സമരത്തിന് അണികളെ കൂട്ടാനാണ് ഇവര്‍ ശ്രമിക്കുന്നത്.

ഇതിനെല്ലാമിടയിലും ഡല്‍ഹിയിലിരുന്ന് തന്റെ റിമോട്ട് കണ്‍ട്രോള്‍ സംവിധാനത്തിലൂടെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള അജണ്ടയും വേണുഗോപാല്‍ നടപ്പാക്കിവരുന്നു. തനിക്കെതിരെ നവമാധ്യമങ്ങളിലൂടെ രമേശ് പരസ്യമായി തേജോവധം ചെയ്യുന്നുവെന്ന് കേരളത്തിലെ തന്റെ അനുയായികളെക്കൊണ്ട് പരാതി പ്രളയം സൃഷ്ടിച്ചത് ഇതിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കേന്ദ്ര നേതൃത്വത്തിലെ ജി 23 വിമതരെ കോണ്‍ഗ്രസ് അധ്യക്ഷ ഏതാണ്ട് വരുതിയിലാക്കിയതോടെ വേണുഗോപാലിന്റെ കസേര തെറിക്കാനുള്ള സാധ്യതകള്‍ തല്ക്കാലം ഇല്ലാതായി. ഈ സാഹചര്യം മുതലെടുത്താണ് എ, ഐ ഗ്രൂപ്പുകള്‍ക്കും സുധാകരനുമെതിരായ പൊതുവായ അങ്കം മതിയാക്കി രമേശിനെതിരായ പടപ്പുറപ്പാടിലേക്ക് വേണുഗോപാല്‍ തന്റെ പദ്ധതി മാറ്റിയെഴുതിയതെന്നും വിലയിരുത്തലുണ്ട്.

Eng­lish Sum­ma­ry: Trapped in a stone, mem­ber­ship sus­pend­ed; Con­gress cam­paign in crisis

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.