Web Desk

February 27, 2020, 10:08 pm

പോകാം വനസൗന്ദര്യം ആവോളം നുകർന്ന് കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടം വരെ ഒരു യാത്ര

Janayugom Online

തലസ്ഥാന നഗരിയുടെ തിരക്കിൽ നിന്നും ഏറെ ആശ്വസം പകരുന്ന, മനസിനും ശരീരത്തിനും കുളിർമയേകുന്ന കാഴ്ചകളാണ് മീൻമുട്ടി വെള്ളച്ചാട്ടം സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. പൊൻമുടിപ്പാതയിൽ കല്ലാർ പാലത്തിൽ നിന്ന് രണ്ട് കിലോ മീറ്റർ സഞ്ചരിച്ചാൽ മീൻമുട്ടിയിലെത്താം. പ്രധാന ഗേറ്റിനരികെ നിന്നും യാത്രക്കാർക്കും വാഹനത്തിനുമുള്ള പാസ് വാങ്ങിയ ശേഷം യാത്ര തുടരാം. പൊൻമുടിയിലേക്കുള്ള മിക്ക സഞ്ചാരികളുടേയും ഇഷ്ടകേന്ദ്രമായി മാറിയിരിക്കുകയാണ് വാമനപുരമാറിലെ മീൻമുട്ടി വെള്ളച്ചാട്ടം. പൊൻമുടിയിലേക്കുള്ള യാത്രയിൽ വിതുര കഴിഞ്ഞ് കുറേ ദൂരം ചെല്ലുമ്പോൾ ഇടതു വശത്തുകൂടി കല്ലാർ ഒഴുകിപ്പോകുന്നു. അകലെ മൂടൽ മഞ്ഞിൽ കുളിച്ചു കിടക്കുന്ന പൊൻമുടി മല നിരകളും കാണാം. യാത്ര തുടങ്ങി പകുതി ദൂരം വാഹനത്തിൽ സഞ്ചരിച്ചാൽ പിന്നീട് കാൽ നടയാത്രയാണ്.

സസ്യജന്തു ജാലങ്ങളെ കണ്ട്, അടുത്തറിഞ്ഞ് കാടിനെ മനസിലാക്കി വളരെ രസകരമായ ഒരു യത്ര. വനനിബിഢമായ ഈ പ്രദേശത്ത് അപൂർവയിനം ഔഷധ സസ്യങ്ങളും പക്ഷികളും കാപ്പെടുന്നുണ്ട്. ചെമ്മുഞ്ചിമൊട്ടയിൽ നിന്ന് പാറക്കെട്ടുകളിലൂടെ പതഞ്ഞൊഴുകിയെത്തുന്ന കുളിർ ജലത്തിൽ കുളിക്കാനാണ് മിക്ക സഞ്ചാരികളും എത്തുന്നത്. കാടിനെയും ജീവ ജാലങ്ങളെയും മനുഷ്യന്റെ സ്വാർത്ഥ താത്പര്യങ്ങൾക്കായ് നശിപ്പിക്കാതിരുന്നാൽ അവ നമുക്ക് തന്നെ എത്ര ഉപകാരപ്രധമാണെന്ന് ഈ കാനന യാത്രയിൽ മനസിലാകും. ഈറക്കാടുകള്‍ക്കിടയിലൂടെ, വളഞ്ഞു തിരിഞ്ഞുപോകുന്ന കയറ്റിറക്കങ്ങള്‍ നിറഞ്ഞ വഴിയിലൂടെ, മലയിറങ്ങി വരുന്ന തണുത്ത കാറ്റുമേറ്റ്, വനമരങ്ങളുടെ കൂറ്റന്‍ വേരുകളില്‍ ചവിട്ടി വേണം യാത്ര തുടരാൻ. വഴിയില്‍ തന്നെ ഒരു കൂറ്റന്‍ ഗുഹാമുഖമുണ്ട്. ആകാശത്തെ മറച്ച് നില്‍ക്കുന്ന ഒരു കൂറ്റന്‍ പാറ. അരികിലൂടെ ചെറിയ വഴി. തെന്നിപ്പോകാതിരിയ്ക്കാനായി മരത്തടികള്‍ കൂട്ടിയോജിപ്പിച്ച് പാറക്കഷണങ്ങള്‍ക്ക് മുകളിലായി വച്ചിരിയ്ക്കുന്നു.

You may also like this video

തുടർന്ന് കുറേ ദൂരം വെയില്‍ തീരെ വീഴാത്ത ഇരുണ്ട പ്രദേശമാണ്, ഈറക്കാടുകളിലൂടെ ഒഴുകിവരുന്ന ചെറിയ അരുവികള്‍ ചിലപ്പോഴൊക്കെ നടപ്പാതയെ മുറിച്ചു ഒഴുകിക്കൊണ്ടിരുന്നു. അത്യപൂര്‍വ ശലഭമായ ബ്ലൂ നവാബിനെ ഒരു വര്‍ഷം മുമ്പ് ഇവിടെ കണ്ടെത്തിയിരുന്നു. കാനനറോസ്, വനദേവത, പുള്ളിവാലന്‍, സുവര്‍ണ്ണശലഭം, മരോട്ടിശലഭം, ബുദ്ധമയൂരി, വെള്ളിവാലന്‍, നീലരാജന്‍, നീര്‍മാതള ശലഭം, ഗരുഡശലഭം ഇവയെല്ലാം ഇവിടെ ഉണ്ടാകുമെന്ന് സഞ്ചാരികൾക്ക് അറിയിപ്പു നൽകുന്ന ബോഡുകൾ കാണാം. യാത്രയ്ക്കിടെ വനം വകുപ്പ് നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കുന്നത് സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കും. വഴുക്കുന്ന പാറകളും വെള്ളാരം കല്ലുകളും നിറഞ്ഞ നീരൊഴുക്കായതിനാൽ വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.

Eng­lish Sum­ma­ry: Traval to kallar meen­mut­ty waterfall