കശ്മീരിൽ 450 പേർക്ക് യാത്രാവിലക്ക്

Web Desk
Posted on November 03, 2019, 9:20 pm

ശ്രീനഗർ: കശ്മീരിൽ 450 വ്യക്തികളുടെ വിദേശയാത്രകൾ അനിശ്ചിതകാലത്തേക്ക് നിരോധിച്ചു. രാഷ്ട്രീയ പ്രവർത്തകരും മാധ്യമ പ്രവർത്തകരും, അഭിഭാഷകരും വ്യവസായ പ്രമുഖരും യാത്രാവിലക്ക് നേരിടുന്നവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. കശ്മീരിന്റെ പ്രത്യേക പദവി അസാധുവാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത സാഹചര്യത്തിലാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്.

കശ്മീരിൽ ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തുന്നവർക്ക് വിദേശയാത്ര സാധ്യമല്ലെന്ന് ഉറപ്പാക്കാനാണ് ഈ നടപടി. കാശ്മീരിന്റെ സുരക്ഷയെ മുൻനിർത്തിയുള്ള മുൻകരുതലാണ് യാത്രാനിരോധനമെന്ന് ഭരണകൂടം വ്യക്തമാക്കി. കശ്മീർ പുനഃസംഘടനയെത്തുടർന്ന് മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരുൾപ്പെടെ നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കൾ, ഹുറിയത്ത് നേതാക്കൾ, ബിസിനസുകാർ, അഭിഭാഷകർ, മറ്റ് സാധാരണക്കാർ എന്നിവർ ഇപ്പോഴും തടങ്കലിലാണ്.

പ്രതിഷേധങ്ങൾ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി മൂന്ന് മാസത്തോളമായി മൊബൈൽ ഫോൺ, ഇന്റർനെറ്റ് നെറ്റ്‍വർക്ക് എന്നിവ വിലക്കിയിരിക്കുകയാണ്. പോസ്റ്റ് പെയ്ഡ് മൊബൈലുകൾ മാത്രമാണ് ഇവയിൽ പുനസ്ഥാപിച്ചിട്ടുള്ളത്.
അതേസമയം യാത്രാവിലക്കിന്റെ കാലയളവിനെക്കുറിച്ച് ഭരണകൂടം വിവരം നൽകിയിട്ടില്ല . ഒരു വിദേശ രാജ്യത്തെ ഏതെങ്കിലും വേദിയിൽ കശ്മീരിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ആരും ശബ്ദമുയർത്തരുതെന്ന് ഭരണകൂടം ആഗ്രഹിക്കുന്നുവെന്ന് രാഷ്ട്രീയ പാർട്ടിയായ ജെ & കെ പീപ്പിൾസ് മൂവ്മെന്റ് നേതാവും അഭിഭാഷകനുമായ ഉസൈർ റോംഗ പറഞ്ഞു