ഇനി ശബരിമലയിലേയ്ക്ക് പോകാന്‍ തടസ്സങ്ങളില്ല; യാത്രാ നിയന്ത്രണങ്ങള്‍ നീക്കി

Web Desk
Posted on November 21, 2018, 10:18 pm

പത്തനംതിട്ട:  ശബരിമലയിലേയ്ക്കുള്ള യാത്രാ തടസ്സങ്ങള്‍ നീക്കിയതായി പൊലീസ്. നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതായും പൊലീസ് അറിയിച്ചു. ഇനി മുതല്‍ 24 മണിക്കൂറും പമ്പയിലേക്കും സന്നിധാനത്തേക്കും യാത്ര ചെയ്യാം. തിരക്കു ക്രമാതീതമായി കുറഞ്ഞതാണ് നിയന്ത്രണങ്ങള്‍ നീക്കാന്‍ കാരണം. നിലയ്ക്കലില്‍ നിന്നു ദിവസം മുഴുവന്‍ പമ്പയിലേക്കു കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തും. നേരത്തെ, രാത്രി 9:30 മുതല്‍ പുലര്‍ച്ചെ രണ്ടര വരെ ശബരിമലയിലേക്കു പോകുന്നതിനു നിയന്ത്രണമുണ്ടായിരുന്നു. എന്നാല്‍ രാത്രിയില്‍ നടഅടച്ച ശേഷം സന്നിധാനം, വാവരുനട, വടക്കേനട തുടങ്ങിയ ഭാഗങ്ങളില്‍ വിരിവയ്ക്കുന്നതിനുള്ള നിയന്ത്രണം മാറ്റിയിട്ടില്ല.

അതേസമയം, സന്നിധാനത്ത് നാമജപയജ്ഞം നടത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 75 ഓളം പേര്‍ അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു നാമജപയജ്ഞം. വടക്കേ നടയിലാണ് ഇവര്‍ ഒത്തുകൂടിയത്. സന്നിധാനത്ത് ശരണം വിളിക്കുന്നവര്‍ക്കെതിരെ പൊലീസ് കേസെടുക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു നാമജപയജ്ഞം. നടപ്പന്തലിലേക്കു നീങ്ങാനുള്ള ഇവരുടെ ശ്രമം പൊലീസ് തടഞ്ഞു. ഇവര്‍ക്കു ചുറ്റും പൊലീസ് വലയം തീര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.