പര്‍വ്വതങ്ങളും ആകാശവും

Web Desk
Posted on September 29, 2019, 6:42 am

രശ്മി എന്‍ കെ

പര്‍വ്വതാരോഹകര്‍ക്ക്, സാഹസികയാത്രികര്‍ക്ക്… പ്രകൃതിസ്‌നേഹികള്‍ക്ക്. ഭക്തര്‍ക്ക്.. എല്ലാം എത്ര ആസ്വദിച്ചാലും മതിയാകാത്ത വിഭവങ്ങളുമായി കാത്തുനില്‍ക്കുകയാണ് ഹിമാലയം. ഡിഗ്രിക്കാലത്ത് വായിച്ച രാജന്‍ കാക്കനാടന്റെ ‘ഹിമാലയത്തിന്റെ മുകള്‍ത്തട്ടില്‍’ മുതലിങ്ങോട്ട് എം കെ രാമചന്ദ്രന്‍, സ്വാമിരാമ യോഗാനന്ദ പരമഹംസര്‍, പോള്‍ ബ്രണ്ടന്‍ വരെ ഉള്ളവരുടെ പുസ്തകങ്ങളിലൂടെ പരിചയപ്പെട്ട ഹിമാലയം എന്തെല്ലാമാശ്ചര്യങ്ങളാണോ ഈ ചെറുയാത്രയില്‍ എനിക്കായി കാത്തുവച്ചിരിക്കുന്നത്! 26 ഓഗസ്റ്റ് അതിരാവിലെ കൊച്ചിയില്‍ നിന്ന് ഡല്‍ഹി വരെ വിമാനത്തില്‍. അവിടെ നിന്നും ഹരിദ്വാറിലേക്ക് ട്രെയിനില്‍.
ഹരിദ്വാര്‍ റയില്‍വെ സ്റ്റേഷനില്‍ നിന്നും അരക്കിലോമീറ്റര്‍ മാത്രം ദൂരെയാണ് മലയാളികളുടെ അയ്യപ്പമന്ദിര്‍. അവിടത്തെ സത്രവും പൂജാരിയായ വിഷ്ണു ഏട്ടനും ഹിമാലയ യാത്രികര്‍ക്ക് ഒരു അത്താണിയാണ്. തുടര്‍ന്നുള്ള യാത്രക്ക് വണ്ടി ഏല്‍പ്പിക്കാനും താല്‍ക്കാലിക താമസ സൗകര്യത്തിനും നല്ല കേരളീയ ഭക്ഷണത്തിനും എല്ലാം ചുരുങ്ങിയ തുക മാത്രമാണിവിടെ ഈടാക്കുന്നത്.
ഹരിദ്വാര്‍ ഹിമാലയ യാത്രകളുടെ കവാടമാണ്. ഏതൊരു തീര്‍ഥാടന കേന്ദ്രങ്ങളെയും പോലെ ഇവിടവും വൃത്തിഹീനം. തിരക്കുള്ള ഇടുങ്ങിയ തെരുവുകള്‍, കച്ചവടകേന്ദ്രങ്ങള്‍, ബീഡിക്കുറ്റികളും മുറുക്കിത്തുപ്പലുകളും, അഴുക്കുകൂനകളും പന്നികളും. കൂടെ ഭക്തി പ്രകടനങ്ങളും. ഇതിനിടയില്‍ ആത്മാന്വേഷികള്‍ എവിടെയാണാവോ? ഹിമവാനിലേക്ക് യാത്ര തുടങ്ങുകയാണ്. ആദ്യം യമുനോത്രിയിലേക്ക്.

യമുനോത്രി

ഇന്ന് ബരാക്കോട്ടിനടുത്തുള്ള ‘കരാഭി‘യില്‍ യമുനാനദിക്കരികില്‍ ഒരു രാത്രി. ഹരിദ്വാര്‍ മുതല്‍ ഇതുവരെ പര്‍വ്വത രാജന്‍മാരിലൂടെ വെള്ളിനൂന്‍ പോലൊഴുകുന്ന യമുനയെ കണ്ടുകൊണ്ട് സ്വയം മറന്നൊരു യാത്ര.. നിമിഷങ്ങളില്‍ ജീവിക്കാന്‍ നിര്‍ബന്ധിതമാക്കുന്ന, ആനന്ദം നിറയ്ക്കുന്ന പ്രകൃതി… ആര്‍ക്കാണിവിടെ ധ്യാനലീനരാവാതിരിക്കാന്‍ കഴിയുക? സ്ഫടികം പോലെതിളങ്ങുന്ന അരുവികള്‍. പച്ചപുതച്ച് പൂക്കള്‍ നിറഞ്ഞ ഹിമാലയം. ഇടയ്ക്കിടെ കുതിച്ചൊഴുകുന്ന മനോഹരങ്ങളായ ജലപാതങ്ങള്‍. ശുദ്ധമായ സുഗന്ധം നിറഞ്ഞ വായു. വിശപ്പും ദാഹവും ക്ഷീണവുമകറ്റാന്‍ പ്രകൃതി തന്നെ ധാരാളം. ഇടയില്‍ കെംപ്റ്റി ഫാള്‍സില്‍ ഒരു നീന്തിക്കുളി. മനസില്‍ ആനന്ദം നിറഞ്ഞ് തുളുമ്പുന്നു.
ബരാക്കോട്ടിനടുത്ത കരാടിയില്‍ താമസം. അവിടെനിന്നും ആറുമണിക്ക് തന്നെ പുറപ്പെട്ടും രാംചട്ടി ഥുല്‍ചടി വഴി ജാനകിചട്ടി വരെ വണ്ടി എത്തും. അതുകഴിഞ്ഞുള്ള ആറുകിലോമീറ്റര്‍ കുത്തനെയുള്ള കയറ്റം നടന്നുകയറാനുണ്ട്. കുതിരകളും മഞ്ചലുകളും കൊട്ടകയും ഒക്കെ ലഭ്യമാണ്. ഞങ്ങള്‍ നടക്കാന്‍ തീരുമാനിച്ചു. എപ്പോഴും ഇടിയുകയും അറ്റകുറ്റ പണികള്‍ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന അപകടകരമായ വഴികള്‍ ഇവിടെ സ്വാഭാവികമാണ്. ഒരു തരം ‘ഭയങ്കര’ സൗന്ദര്യം (െ്രടറിബിള്‍ ബ്യൂട്ടി) എന്ന ഡബ്ല്യൂ ബി യെറ്റ്‌സ് പറഞ്ഞതുപോലെ) നിറഞ്ഞ പ്രകൃതി ഭയത്തിനു പകരം ഒരു തരം ആനന്ദമായിരുന്നു ഉള്ളില്‍ ആറുകിലോമീറ്റര്‍ കയറാന്‍ 5 മണിക്കൂര്‍ എടുത്തു ഞങ്ങള്‍. ഹിമാലയം പൂക്കളുടെ കൈലാസം കൂടിയാണ്. 3323 മീറ്റര്‍ ഉയരമുള്ള യമുനോത്രിയില്‍ മാത്രം. നാഗപുഷ്പം അടക്കം മുപ്പത്തഞ്ചോളം പുഷ്പ്പിക്കുന്ന സസ്യവര്‍ണങ്ങളെയും പലതരത്തിലുള്ള പഴങ്ങള്‍ സസ്യങ്ങളെയും കണ്ടു. കയറിപ്പോകുമ്പോള്‍ ഇടയ്ക്ക് ക്ഷീണമകറ്റാനും വിശ്രമിക്കാനും ചെറിയ ഷെല്‍റ്ററുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. രാജഗിരിയിലെ വരയാടുകളെപ്പോലെ പര്‍വ്വതങ്ങളിലൂടെ ചെങ്കുത്തായ ഇടങ്ങളിലൂടെ അനായാസം സഞ്ചരിക്കാന്‍ കഴിവും. ലഭിച്ചിരിക്കുന്നവരാണ് ഇവിടുത്തെ സുന്ദരികളും സുന്ദരന്‍മാരും. ആരോഗ്യമുള്ള മെലിഞ്ഞ ശരീരമുള്ളവര്‍. ഭക്ഷണം കഴിക്കാതെ തുടങ്ങിയ നടത്തം കഴിഞ്ഞ് എന്തെങ്കിലും കഴിച്ചത് വൈകിട്ട് മൂന്ന് മണിക്ക് ‑യമുനോത്രിയില്‍. അവിടെ നിന്നു നോക്കിയാല്‍ യമുനാനദി ഉല്‍ഭവിക്കുന്ന ഹിമാനികാണാം അങ്ങു ദൂരെ മഞ്ഞുമൂടിയ പര്‍വ്വതശിഖരത്തില്‍ നിന്നും ആ ഹിമശിഖരത്തിനു താഴെ പച്ചയുടെ സമുദ്രം..

ഗംഗോത്രി

യമുനോത്രിയില്‍ നിന്നു നേരെ ഉത്തരകാശി. ഹര്‍സില്‍ വഴി യമുനോത്രിയിലേക്ക്. കണ്ണുകളുടേയും ക്യാമറയുടേയും ഫ്രെയിമുകള്‍ക്കുള്ളില്‍ ഒതുക്കാനാവാത്ത ശ്വാസം നിലച്ചുപോകുന്ന അതിസുന്ദരമായ ഭയാനകമായ ചെങ്കുത്തായി നില്‍ക്കുന്ന പാറക്കല്‍ പര്‍വ്വതങ്ങളുടെ പാറതുരന്നുണ്ടാക്കിയ നേരിയ റോഡുകളിലൂടെയുള്ള യാത്ര വല്ലാത്തൊരനുഭവമാണ്. എന്തിനായിരിക്കും മനുഷ്യര്‍ ഇത്ര ദുര്‍ഘടങ്ങളായ ഉയരങ്ങള്‍ ആരാധനാലയങ്ങള്‍ ഉണ്ടാക്കിയത് എന്ന് ഒരു നിമിഷം ആലോചിച്ചു. ഒരു പക്ഷേ അതിശക്തമായ പ്രകൃതിയുടെ സാന്നിധ്യം മനുഷ്യന്റെ ഉള്ളിലെ അഹങ്കാരത്തെ മുഴുവന്‍ തുടച്ചു നീക്കാന്‍ പര്യാപ്തമായതുകൊണ്ടായിരിക്കും. ഗംഗോത്രി ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ ആരാധനാലയമാണ്. ഗംഗാമാതാവിന്റെ മനോഹരമായ വെളുത്ത നിറമുള്ള ക്ഷേത്രം. വെളുത്ത മാര്‍ബിള്‍ പതിച്ച മുറ്റം. വൃത്തിയായി സൂക്ഷിക്കുന്ന പരിസരം. വഴിയില്‍ ഒരു ചെറു മാര്‍ക്കറ്റ്. നദിയുടെ ഇരുകരകളിലും ഒരുപാട് ആശ്രമങ്ങള്‍ സത്രങ്ങള്‍-ധാരാളം താമസസൗകര്യം ഉള്ള സ്ഥലം. രാത്രി നല്ല തണുപ്പുണ്ടായിരുന്നു. ഒരു നദിയെ പ്രകൃതിയെ ഇതിലും മനോഹരമായി എവിടെ ആരാധിക്കാനാണ്! ക്ഷേത്രത്തില്‍ നിന്നുനോക്കിയാല്‍ ഗോമുഖിലേക്കുള്ള ട്രക്കിംഗ് പാത കാണാം. 3140 മീറ്റര്‍ ഉയരത്തില്‍ കിടക്കുന്ന ഗംഗോത്രി അതിസുന്ദരിതന്നെയാണ്. കുതിച്ചൊഴുകുന്ന ഗംഗയും അവള്‍ക്കു കാവല്‍ നില്‍ക്കുന്ന ചെങ്കുത്തായ പര്‍വ്വതങ്ങളും കേദാരത്തില്‍ നടക്കാന്‍ റെയിന്‍ കോട്ടും തണുപ്പിന് കൈയുറകളും എല്ലാം വാങ്ങി സൂക്ഷിച്ചു ഞങ്ങള്‍. പ്രഭാതത്തില്‍ ഗംഗോത്രിയുടെ സൗന്ദര്യത്തില്‍ മുഴുകി. കുറച്ചു മണിക്കൂറുകള്‍ ചുറ്റുമുള്ള പര്‍വ്വതങ്ങള്‍ കോടയില്‍ മറയുന്നതും, പിന്നെ തെളിയുന്നതും ശുദ്ധമായ നീലയില്‍ തെളിയുന്ന വെണ്‍മേഘത്തുണ്ടുകള്‍ ആകാശഗോപുരങ്ങള്‍ തീര്‍ക്കുന്നതും കണ്ട് കട്ടപിടിച്ച തണുപ്പില്‍ ഗംഗാതീരത്തിലെ ഒരു പ്രഭാതനടത്തം. ഉദിക്കുന്ന വെയിലിന് കനല്‍ത്തിളക്കം. ഏതാണ്ട് പതിനൊന്നുമണിയോട് കൂടി റൂം വെക്കേറ്റ് ചെയ്ത്, ഉത്തരകാശി വഴി 250 കിലോ മീറ്റര്‍ അകലത്തിലുള്ള കേദാരത്തിലേക്ക് യാത്ര തുടങ്ങി. രാത്രി തിന്‍വാദയില്‍ ആണ്. യമുനോത്രിയില്‍ 6 കിലോമീറ്റര്‍ കയറിയിറങ്ങിയതിന്റെ ക്ഷീണം കാലിന് അറിയുന്നുണ്ട്. കൂടാതെ കൂട്ടത്തിലൊരാള്‍ക്ക് പനിയും അതുകൊണ്ട് അടുത്ത ദിവസം പൂര്‍ണവിശ്രമം തീരുമാനിച്ചു.
തിന്‍വാദയിലേക്ക് ഉള്ള യാത്രയില്‍ പൊട്ടിപ്പൊളിഞ്ഞ റോഡുകളും കാട്ടുപ്രദേശങ്ങളും. ഇടയ്ക്കിടെ വന്നുപോകുന്ന ഗ്രാമങ്ങളും. ഇരുട്ടുപരന്നു തുടങ്ങി അപ്രതീക്ഷിതമായി ഒരു പുള്ളിപ്പുലി വണ്ടിയുടെ മുന്നിലേക്ക് ചാടിവീണു. പക്ഷേ ഞങ്ങളുടെ ഡ്രൈവര്‍ വളരെ സ്വാഭാവികമായി അതിനെ അഭിമുഖീകരിച്ചു. വണ്ടിയുടെ ഹെഡ് ലൈറ്റ് അണച്ച് ശബ്ദമുണ്ടാക്കാതെ കുറച്ചു നേരം ഞങ്ങള്‍ ഇരുന്നു. വീണ്ടും ലൈറ്റ് ഓണ്‍ ചെയ്തപ്പോഴേക്കും പുലി മറുവശത്തേക്ക് മാറി കുറ്റിക്കാടുകളിലേക്ക് അപ്രത്യക്ഷനായി.

കേദാറിലേക്ക്

ഒരു ദിവസത്തെ പൂര്‍ണ വിശ്രമത്തിനുശേഷം സെപ്റ്റംബര്‍ ഒന്നിന് ഞങ്ങള്‍ രാവിലെ 6.30 ന് തന്നെ കേദാറിലേക്ക് പുറപ്പെട്ടു. എന്തുകൊണ്ടോ അകാരണമായ ഒരു ഭയം എല്ലാവര്‍ക്കും ഉള്ളിലുണ്ടായിരുന്നു. ഒരു പക്ഷേ, 18 കിലോമീറ്റര്‍ ട്രക്കിംഗ് ആലോചിച്ചിട്ടായിരിക്കും. വഴി അതി ദുര്‍ഘടം ആയിരുന്നു. തലേദിവസത്തില്‍ ഒലിച്ചുപോയവ, ചളി നിറഞ്ഞവ. ഗുപ്തകാശിയിലും ഫാട്ടയിലും സെര്‍സിയിലും കേദാറിലേക്ക് ഹെലികോപ്റ്റര്‍ സൗകര്യം ഉണ്ട്. ഗുപ്തകാശിയില്‍ അന്വേഷിച്ചപ്പോള്‍ ലഭ്യമല്ല എന്ന് വിവരം ലഭിച്ചു. പിന്നെ അന്വേഷിക്കാന്‍ പോയില്ല. നടന്നു തന്നെ കയറാം എന്ന തീരുമാനത്തിലെത്തി- 9.45 ന് സോനാപ്രയാഗ് എത്തി. അവിടെ നിന്നും ഗൗരികുണ്ടിലേക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. അവിടെയുള്ള ജീപ്പ് സര്‍വ്വീസ് ഉപയോഗപ്പെടുത്തണം. ഞങ്ങള്‍ അത്യാവശ്യം ഒരു ദിവസത്തേക്കുള്ള വസ്ത്രങ്ങള്‍ ബാഗിലാക്കി. മറ്റുലഗേജ് വണ്ടിയില്‍ത്തന്നെ വച്ച് ഗൗരികുണ്ടലേക്കുള്ള ജീപ്പില്‍ കയറി. തുടക്കം തന്നെ വഴിയുടെ അപകടം കാണിച്ചുതന്നു. മുന്നില്‍ മലയിടിഞ്ഞിരുന്നു. ഒരു മണിക്കൂര്‍ കാത്തുനിന്നു അപ്പോഴേക്കും മണ്ണുമാറ്റി വീണ്ടും വഴി തുറന്നു. 11 മണിയോടുകൂടി ഞങ്ങള്‍ ഗൗരികുണ്ടിലെത്തി ഒരു വടി വാങ്ങി നടന്നു തുടങ്ങി. 10 കി.മീ. പിന്നിട്ടപ്പോഴേക്കും വൈകിട്ട് 7 മണിയായിരുന്നു. ചുറ്റും കോടമൂടി. ഇരുട്ട് നിറഞ്ഞു. വഴിയില്‍ മറ്റുയാത്രക്കാരെ തീരെ കാണാതായി. ഇങ്ങനെ പോയാല്‍ രാത്രി 12 മണിയെങ്കിലും ആവാതെ മുകളിലെത്തില്ല. കയറാന്‍ വലിയപ്രയാസം അനുഭവപ്പെട്ടു തുടങ്ങി. ഭാഗ്യത്തിന് അപ്പോള്‍ അതിലെ വന്ന നാല് കുതിരകളില്‍ കയറി ഞങ്ങള്‍ നാലുപേര്‍ മുകളിലേക്ക് പോയി. വഴിയില്‍ മഞ്ഞുറഞ്ഞ പാറകളും കണ്ടു. കുതിരപ്പുറത്തിരിക്കുന്നതിന്റെ അസ്വസ്ഥത. ഇരുട്ടു തണുപ്പ് പിന്നെ ചുറ്റുമൊന്നും കാണാന്‍ ഉണ്ടായിരുന്നില്ല. ഏകദേശം 8.45 ന് ഞങ്ങള്‍ ബേസ്‌ക്യാമ്പില്‍ എത്തി. പുറകെ വന്നവര്‍ക്കുവേണ്ടി കാത്തിരുന്നു. തണുപ്പ് 7ഡ്രിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നിരിക്കുന്നു. അവര്‍ എത്തിയപ്പോള്‍ തന്നെ ഗവണ്‍മെന്റ് നടത്തുന്ന ഒരു ഹട്ട് വാടകക്കെടുത്ത് എല്ലാവരും കിടന്നു. കുതിരപ്പുറത്ത് കയറുന്നത് പാപമാണ് ഞങ്ങള്‍ നടന്നുതന്നെ കയറും എന്ന് വീണ്ടും പറഞ്ഞവരൊക്കെ നിവൃത്തിയില്ലാതെ അഹങ്കാരമുപേക്ഷിച്ച് ആ പാവം ജീവിയുടെ ദാക്ഷിണ്യം സ്വീകരിക്കേണ്ടി വന്നു.
കേദാരത്തിലെ പ്രഭാതം സുന്ദരമായിരുന്നു. വശ്യവും ഭയപ്പെടുത്തുന്നതും. ബ്രഹ്മകമല്‍ എന്ന പൂ വിരിഞ്ഞു നില്‍ക്കുന്ന ചെടികണ്ടു. കേദാരത്തില്‍ മന്ദാകിനി രണ്ടു കൈവഴികളിലൂടെ ഒഴുകി ക്ഷേത്രത്തിനു മുന്നില്‍ ഒന്നുചേരുന്നു. വെള്ളത്തിന് മരവിപ്പിക്കുന്ന തണുപ്പ്. മുകളില്‍ മഞ്ഞുമൂടിയ ഗിരിശൃംഗങ്ങളെക്കാണാം. 2013 ലെ പ്രളയത്തിന്റെ അവശേഷിപ്പുകള്‍ ഇപ്പോഴും കാണാം. ക്ഷേത്രത്തെ അതില്‍ നിന്നും രക്ഷിച്ചു നിര്‍ത്തിയ ഭീമന്‍ പാറ ക്ഷേത്രത്തിനു പുറകില്‍. ആ മരം കോച്ചുന്ന തണുപ്പിലും ഈറന്‍ ഉടുത്ത് നഗ്നപാദരായി ഒറ്റ വസ്ത്രം മാത്രമുടുത്ത് നടക്കുന്ന സന്യാസിമാര്‍. പലവേഷത്തിലുള്ള സന്യാസിമാര്‍ ചിലര്‍ പഴയ മലയാള സിനിമയിലെ ലാടവൈദ്യന്‍മാരുടെ വേഷം ധരിച്ചവര്‍. ചിലര്‍ ദേഹം മുഴുവനും ചാരം പൂശിയവര്‍. ക്ഷേത്രത്തിനുള്ളിലെ കുന്നുപോലുള്ള ശില. കാളയുടെ രൂപം പൂണ്ട ശിവന്റെ മുതുകിലെ കൂന് ആയിട്ടാണ് കരുതപ്പെടുന്നത്. പാണ്ഡവരുടേയും ദ്രൗപതിയുടെയും കൃഷ്ണന്റെയും കുന്തിയുടെയും പ്രതിഷ്ഠകള്‍ ക്ഷേത്രത്തിനകത്തുണ്ട്. കുരുക്ഷേത്രയുദ്ധത്തിനു ശേഷം പാണ്ഡവര്‍ ശിവന്റെ അനുഗ്രഹം ലഭിക്കാന്‍ അദ്ദേഹത്തെ തേടിയപ്പോള്‍ അവരില്‍ നിന്നൊളിക്കാന്‍ കൗരവരുടെ ഇഷ്ടദേവനായിരുന്ന അദ്ദേഹം ശ്രമിച്ചു ഒരു കാളയുടെ രൂപംപൂണ്ടു എന്നാണ് ഐതിഹ്യം. പഞ്ചകേദാരുകളില്‍ ഒന്നാണ് ഇവിടം. രുദ്രനാഥിലാണ് തലയുടെ രൂപത്തില്‍ ശിവനെ ആരാധിക്കുന്നത്. തുംഗനാധില്‍ കാലുകളുടെ രൂപത്തിലും എട്ടാം നൂറ്റാണ്ടിലെ ആദിശങ്കരന്‍ സമാധിയായതും ഇവിടെ എന്ന് വിശ്വസിക്കപ്പെടുന്നു. 12-ാം നൂറ്റാണ്ടു മുതല്‍ ഇത് വലി തീര്‍ത്ഥാടന കേന്ദ്രമാണ്.
പര്‍വ്വതങ്ങള്‍, നദികള്‍ കാലാവസ്ഥ എല്ലാം മനുഷ്യന്റെ അഹങ്കാരത്തെ തകര്‍ത്തു തരിപ്പണമാക്കുന്നുണ്ട് ഇവിടെ എത്തിച്ചേരുമ്പോഴേക്കും. ഇത്ര ദുര്‍ഘടമായ സൗന്ദര്യ ധാമങ്ങള്‍ വല്ലാത്തൊരാകര്‍ഷണമാണ്. തിരികെ പോരുമ്പോഴും നടക്കാന്‍ കഴിയുമോ എന്ന് പേടിയുണ്ടായിരുന്നു. പക്ഷെ ഹെലികോപ്റ്റര്‍ കിട്ടി പത്തുമിനിറ്റുകൊണ്ട് സിതാപ്പുര്‍ബെര്‍സിയില്‍ എത്തി. അവിടെ ഹെലിപാഡിനു താഴെത്തന്നെ നല്ല ദക്ഷിണേന്ത്യന്‍ ഭക്ഷണം കിട്ടുന്ന ഒരു ഹോട്ടല്‍ ഉണ്ട്. ഞങ്ങള്‍ നല്ല നെയ്‌റോസ്റ്റ് കഴിച്ചു. കൂടെയുള്ളവര്‍ക്കായി കാത്തിരുന്നു. രാത്രി ത്രിയുഗി നാരായണനില്‍ താമസം.
രാവിലെ നേരത്തെ തന്നെ അവിടെനിന്നും ഗുപ്തകാശി വഴി ബദരിയിലേക്ക് പുറപ്പെട്ടു. വഴിയിലാണ് ചോപ്ത. ചോപ്തയില്‍ നിന്നും 4 കി. മി. മുകളിലേക്ക് കയറിയാല്‍ തുംഗനാഥ ക്ഷേത്രമായി-ആദിശങ്കരന്‍ പ്രതിഷ്ഠിച്ചതെന്നു കരുതപ്പെടുന്ന ഈ ക്ഷേത്രം ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രമാണ്. പഞ്ചകേദാറില്‍പെട്ട ഒരു ക്ഷേത്രം കൂടിയാണിത്. 12073 അടി (3680 മീറ്റര്‍) ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തുംഗനാഥ് അതിമനോഹരമാണ്. മഞ്ഞുകാലത്ത് 13 അടിയോളം മഞ്ഞുമൂടുന്ന ഇവിടം ഞങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ പൂക്കള്‍നിറഞ്ഞ് പച്ചപ്പട്ടണിഞ്ഞ് അതിമനോഹരമായിരുന്നു. അത്യുന്നതങ്ങളില്‍ മാത്രം കാണപ്പെടുന്ന ഒരുപാട് കുഞ്ഞു പൂച്ചെടികളെ ഇവിടെ കണ്ടു. യമുനോത്രിയില്‍ കാണപ്പെടാത്ത 20 ഇനം പൂക്കളെ ഇവിടെ കണ്ടു. കൂടാതെ താഴ്‌വാരങ്ങളില്‍ വലിയമരമായി വളര്‍ന്നു റോഡോസെന്റാണ്‍സ് പര്‍വ്വതമുകളിലേക്ക് കയറുംതോറും കുറ്റിക്കാടുകളായി രൂപം പ്രാപിച്ചിരുന്നു. അവയുടെ പൂക്കാലം ഏപ്രില്‍ മാസത്തിന്റെ തുടക്കത്തിലാണ്. നീലമുത്തുകള്‍ ചിതറിക്കിടക്കുന്നതുപോലെ കാണപ്പെട്ട ഒരു തരം പൂക്കളായിരുന്നു വിചിത്രമായി തോന്നിയത്. ആദ്യം ആരുടേയോ മാലപൊട്ടി ചിതറി വീണവയെന്നു കരുതിയവ എടുത്തുനോക്കിയപ്പോള്‍ കായ്കളെപ്പോലെ തോന്നി. സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ അവ പൂക്കള്‍ ആണെന്ന് വ്യക്തമായി.
അതികഠിനമായ കയറ്റം യമുനോത്രിയിലെയും കേദാറിലെയും ട്രക്കിംഗ് കഴിഞ്ഞുവന്ന ഞങ്ങള്‍ക്ക് താങ്ങാന്‍ കഴിയില്ല എന്നു തോന്നിയപ്പോള്‍ കുറച്ചുപേര്‍ കുതിരയെ ആശ്രയിച്ചു. മൂടല്‍ മഞ്ഞും മഴയും തണുപ്പും കുത്തനെയുള്ള കയറ്റവും. ആകാശത്തേക്ക് ഒരു കോണി കയറിപ്പോകുന്ന പോലെ തോന്നി. കുതിരക്ക് തന്നെ കാല്‍വഴുതി പോകുന്നുണ്ടായിരുന്നു. ക്ഷേത്രത്തിലെത്തി അവിടെ കൂടെയുള്ളവര്‍ക്കായി കാത്തിരുന്നു. തുംഗനാഥിന്റെ ക്ഷേത്രത്തില്‍ നിന്നും 1 കി.മി. കൂടി കയറിയാലാണ് ചന്ദ്രശില (13000 അടി) അവിടെ നിന്നും നോക്കിയാല്‍ കേദാറും നന്ദാദേവിയും കാണാം. ശ്രീരാമന്‍ രാവണ വധത്തിനുശേഷം ധ്യാനിച്ചിരുന്ന സ്ഥലം എന്നു കരുതപ്പെടുന്ന ഇവിടം ഒന്നാംതരം ട്രക്കിംഗ് പോയിന്റാണ്.
തിരിച്ചിറങ്ങുമ്പോള്‍ ദേവഭൂമി എന്ന കുഞ്ഞു കടയില്‍ നല്ല ചായയും മാഗിയും തന്നു സദാപ്രസന്നനായ കടയുടമ. അവിടെ വച്ച് രാമകൃഷ്ണമിഷനിലെ സൗമ്യനായ ഒരു സന്യാസിയെയും പരിചയപ്പെട്ടു. കയറിപ്പോകുമ്പോള്‍ ഉണ്ടായിരുന്ന കട്ടിമൂടല്‍മഞ്ഞ് കുറച്ചുമാറി കാഴ്ചയുടെ ചക്രവാളം തുറന്നുതന്നു. ഇറങ്ങുമ്പോള്‍ വഴിയില്‍ ഞങ്ങള്‍ക്കായി കാത്തിരുന്നത് വലിയൊരാനന്ദമായിരുന്നു. ഹിമാലയന്‍ മയില്‍ മുരുകപക്ഷി എന്നെല്ലാം അറിയപ്പെടുന്ന മൊണാല്‍ പക്ഷി ഞങ്ങള്‍ക്കു മുന്നില്‍ വന്ന് അതിന്റെ വശ്യമായ സൗന്ദര്യം മുഴുവന്‍ ഒരു നിമിഷത്തേക്ക് നല്‍കി. യമുനോത്രിയില്‍ മൊണാലിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അവര്‍ ഇതുവരെ കണ്ടിട്ടേയില്ല എന്നായിരുന്നു മറുപടി. ഒരുവേള അതൊരു സങ്കല്‍പ്പമാണോ എന്നുപോലും അവര്‍ സംശയിച്ചു. പക്ഷേ തുംഗനാഥിലെ ഇടയന്‍, ഞങ്ങള്‍ക്കു മുന്നിലെത്തിയത് മൊണാല്‍ തന്നെയെന്ന് ഉറപ്പിച്ചുതന്നു. ഈ സ്വര്‍ഗ്ഗഭൂമി വിട്ടിറങ്ങാന്‍ തോന്നിയില്ല ശരിക്കും. ചോപ്തയില്‍ തിരിച്ചെത്തുമ്പോള്‍ വൈകിട്ട് 6.15. ഇവിടെ നിന്നും മുണ്ടല്‍ വരെ 22 കി.മീ നിബിഡ വനമാണ് രാത്രിയാത്രക്ക് നിരോധനമുണ്ട്. അതുകൊണ്ട് കഴിയുന്നതും വേഗം മുണ്ടലിലെത്താന്‍ ഞങ്ങള്‍ പുറപ്പെട്ടു. ഏകദേശം 15 കി.മി എത്തിയപ്പോള്‍ വഴിയില്‍ ഏകനായി നടന്നുകൊണ്ടിരുന്ന ഏകവസ്ത്രധാരിയായ ഒരു സന്യാസിയെ കണ്ടു ഞങ്ങള്‍ കൂടെ കൂട്ടി.

ബദരി

മുണ്ടലില്‍ നിന്നും നേരത്തെ ബദരിയിലേക്ക് യാത്ര തിരിച്ചു. വഴിയില്‍ പലയിടത്തും റോഡുകള്‍ മണ്ണിടിഞ്ഞ് തടസ്സപ്പെട്ടിരുന്നു. കേദാറും യമുനോത്രിയും ട്രക്കിംഗ് കഴിഞ്ഞ് ഇനി നടക്കാനില്ലല്ലോ എന്ന ആശ്വാസത്തില്‍ ആണ് ബദരിയിലേക്ക് യാത്രതുടങ്ങിയതെങ്കിലും ചമോലി എത്തിയപ്പോള്‍ മനസിലായി വഴിപൂര്‍ണമായി തടസ്സപ്പെട്ടിരിക്കുന്നു. മലയിടിഞ്ഞ് റോഡില്ലാതായിരിക്കുന്നു. ഞങ്ങള്‍ വന്ന വണ്ടി അവിടെ നിര്‍ത്തിയിട്ട് അളകനന്ദയുടെ തീരത്തുകൂടെ ഒരു കി.മി മലയിടിച്ചിലിന്റെ താഴെക്കൂടെ നടന്ന് കുത്തനെയുള്ള കയറ്റം കയറി വീണ്ടും റോഡിലെത്തി. വേറെ വണ്ടിപിടിച്ച് ബദരിയിലെത്തണം. ഞങ്ങളുടെ ഡ്രൈവര്‍ അതുവരെ കൂടെ നിന്നു. ബദരിയില്‍ റാവല്‍ജിയുടെ ശങ്കരമഠത്തില്‍ അളകനന്ദയുടെ തീരത്ത് മുറിയെടുത്ത് വിശ്രമിച്ച് നേരത്തെയുള്ള ഡ്രൈവറെ വിളിച്ച് മനാഗ്രാമത്തില്‍ പോയി. വസുധാര ജലപാതം ദൂരെ നിന്നും കണ്ടു. വ്യാസ ഗുഹ സന്ദര്‍ശിച്ചു. ഏതാണ്ടൊരു പട്ടണം പോലെ ആയിത്തീര്‍ന്നിരിക്കുന്നു മനാഗ്രാമവും ആളുകളുമായി കൂടുതല്‍ ഇടപഴകുന്നു അവര്‍ അവിടെ നിന്നും സ്വര്‍ഗ്ഗാരോഹണിയിലേക്കുള്ള ട്രക്കിംഗ് പാത കണ്ടു. അഞ്ചുദിവസം വേണ്ടിവരും സ്വര്‍ഗാരോഹണിയില്‍ പോയി വരാന്‍. പാണ്ഡവരുടെ ജീവിതാവസാനത്തിലെ മഹാപ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് ഇവിടം പ്രസിദ്ധമായത്. ഗ്രാമാതിര്‍ത്തിയില്‍ ഭീമന്‍, ദ്രൗപതിക്ക് നദികടക്കാന്‍ എടുത്തു വച്ച വലിയ ഒറ്റക്കല്‍പ്പാലം എന്നു വിശ്വസിക്കപ്പെടുന്ന ഭീപാല്‍കണ്ട് ഇന്ത്യയിലെ അവസാനത്തെ ചായക്കടയില്‍ നിന്നും ചായകുടിച്ച് ഞങ്ങള്‍ തിരിച്ചു പോന്നു.
ബദരിയില്‍ കേരളത്തിലെ അവിവാഹിതരായ നമ്പൂതിരിമാരാണ് റാവല്‍ജിയായി അവരോധിക്കപ്പെടുന്നത്. രാജാവിന്റെ അംഗരക്ഷകനെപ്പോലെ റാവല്‍ജിമാര്‍ക്കും അംഗരക്ഷകരും അധികാരവുമാണ് ക്ഷേത്രത്തില്‍. കേദാറിലും തുംഗനാഥിലുംപോലെ ബദരിയിലും ആദിശങ്കരന്‍ പരമമായ സ്ഥാനം നല്‍കപ്പെട്ടിരുന്നു. ഇവിടെ യമുനോത്രിയില്‍ വച്ചുണ്ടായ രസകരമായ ഒരു സംഭവം ഓര്‍ക്കുകയാണ്. ജയ്മാതാജി എന്ന് പരസ്പരം അഭിവാദ്യം ചെയ്തുകൊണ്ടിരുന്ന തീര്‍ഥാടകരില്‍ വൃദ്ധനായ ഒരാള്‍ പരിചയപ്പെട്ടുപ്പോള്‍ ഞങ്ങള്‍ എവിടത്തുകാരാണ് എന്ന് അന്വേഷിച്ചു. കേരളം എന്ന് ഞങ്ങള്‍ മറുപടി പറഞ്ഞപ്പോള്‍ ഭുജില്‍ നിന്നും വന്ന അയാള്‍ ചോദിച്ചത്, അത് ഭാരതത്തില്‍ തന്നെയാണോ എന്നായിരുന്നു. പിന്നെ രാമേശ്വരവും ശ്രീലങ്കയും ഒക്കെ പറയേണ്ടിവന്നു കേരളമെവിടെയാണെന്ന് വിശദമാക്കാന്‍ ഇപ്പോള്‍ തോന്നുന്നു ആദിശങ്കരന്റെ നാട് എന്നൊരു വാക്ക് ഉച്ചരിച്ചിരുന്നുവെങ്കില്‍ അദ്ദേഹം അത് എളുപ്പത്തില്‍ മനസിലാക്കുമായിരുന്നു എന്ന്. മടക്കയാത്രയെക്കുറിച്ച് ഒരുപാട് ആശങ്കകള്‍ ഉണ്ടായിരുന്നു. ചമോലിക്കിപ്പുറം റോഡ് ഇല്ലാതായിരിക്കുകയാണ്. അളകനന്ദയുടെ തീരത്തുകൂടിയുള്ള യാത്ര എട്ടുമണിക്ക് തന്നെ തുടങ്ങി. തലേദിവസം കിട്ടിയ ഡ്രൈവര്‍ ഞങ്ങളെ യാത്ര തുടങ്ങിയ സ്ഥലത്തുതന്നെ എത്തിക്കാമെന്നേറ്റിരുന്നു. പോകുന്ന വഴിയില്‍ ആപൂര്‍വ്വമായൊരു കാഴ്ച കണ്ടു. നദിയുടെ അങ്ങേക്കരയിലെ കാടുകള്‍ക്കിടയില്‍ പ്രഭാത സവാരി നടത്തുന്ന ഒരു കറുത്തകരടി. 8.30 ആയപ്പോഴേക്കും ഞങ്ങള്‍ നടക്കാനുള്ള സ്ഥലത്തെത്തി. തലേ ദിവസം ഉണ്ടായിരുന്നും റോഡും ചവിട്ടുവഴി പോലു രാത്രിയിലെ മഴയില്‍ ഒലിച്ചുപോയിരിക്കുന്നു. അവിടെ ജോലിയിലേര്‍പ്പെട്ടവര്‍ വഴി ഉണ്ടാക്കുന്നതുവരെ റോഡില്‍ കാത്തിരുന്നു. അരമണിക്കൂറിനുള്ളില്‍ കുത്തനെയുള്ള വഴുക്കുന്ന ചളിയുള്ള വഴിയിറങ്ങി നദീതീരത്ത് എത്തിച്ചേര്‍ന്നു. പക്ഷേ അവിടെയും നടവഴിയില്‍ ചതുപ്പ് രൂപപ്പെട്ടിരുന്നു. പൊലീസുകാര്‍ ആരെയും കടത്തിവിടുന്നില്ല. 3 മണിക്കൂര്‍ അവിടെ കാത്തിരിക്കേണ്ടിവന്നു. മുകളില്‍ ഇടിഞ്ഞു വീഴാന്‍ നില്‍ക്കുന്ന മല. ഇടയ്ക്കിടെ വലിയ പാറക്കല്ലുകള്‍ തെന്നിവീഴുന്നുണ്ട്. താഴെ ആര്‍ത്തലച്ചൊഴുകുന്ന അളകനന്ദ അവസാനം യാത്രക്കാരായ ചെറുപ്പക്കാര്‍ പൊലീസുകാരെ സഹായിച്ച് ചതുപ്പില്‍ കല്ലുകള്‍ പെറുക്കിയിട്ട് വഴിയുണ്ടാക്കി. അപകടകരമായ പ്രദേശങ്ങളില്‍ പൊലീസുകാര്‍ കൈപിടിച്ച് സഹായിക്കാന്‍ നിന്ന് യാത്രക്കാരെ റോഡിനടുത്തേക്ക് എത്തിച്ചു. തലേദിവസം കടുത്തമഴയില്‍ വണ്ടി നിന്ന ഭാഗമെല്ലാം റോഡ് തകര്‍ന്നിരുന്നു. അതുകൊണ്ട് റോഡിനു കുറുകെയൊഴുകുന്ന ചോലയില്‍ ചളിയില്‍ പുതഞ്ഞ കഴുകി. ഒരു കി മി. വീണ്ടും നടന്ന് ഞങ്ങളുടെ വണ്ടിയില്‍ കയറി. കുറെദൂരം പോയതിനുശേഷം അപകടമേഖല ഒഴിഞ്ഞപ്പോഴാണ് ഡ്രൈവര്‍ക്കും സമാധാനമായത്.
എന്തുകൊണ്ടാണ് ഹിമാലയം ഇത്രവലിയ ടുശൃശൗേഹ രലിൃേല ആയി മാറുന്നത്. ലോകത്തിലെ മറ്റൊരു പര്‍വ്വതനിരകള്‍ക്കും അവകാശപ്പെടാനില്ലാത്ത ആത്മീയ പ്രാധാന്യം എങ്ങനെ വന്നു എന്ന ചോദ്യത്തിന്റെ ഉത്തരം ഒരു ചെറിയ വാക്യത്തില്‍ ഒതുങ്ങാന്‍ പ്രയാസമാണ്. എങ്കിലും എനിക്കുതോന്നുന്നു അതിന്റെ പ്രവചനാതീതമായ പ്രകൃതിതന്നെയാണ് ഒരു കാരണം എന്ന്. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തെക്കുറിച്ച് അത് എപ്പോഴും ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. എത്ര നശ്വരമാണ് ക്ഷണികമാണ് ജീവിതം എന്ന് അത് പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതി എന്ന അദൃശ്യ ശക്തിയെ പ്രണമിക്കാന്‍ മാത്രം അഹങ്കാരമില്ലാത്തവരായി മാറുന്നു മനുഷ്യര്‍ ഇവിടെ .
ഇനി രുദ്രപ്രയാഗ് വഴി മടക്കയാത്ര. രുദ്രപ്രയാഗ് പഞ്ചകേദാര്‍ ക്ഷേത്രങ്ങളില്‍ ഒന്നാണ് അതിമനോഹരം ശാന്തം. മടക്കയാത്രയുടെ ആശ്വാസത്തോടൊപ്പം പര്‍വ്വതനിരകളെ വിട്ടുപിരിയുന്നതിന്റെ വിഷാദവും ഉള്ളില്‍ ഉണ്ട്. ഇനിയും വരണമെന്ന് ക്ഷണിക്കുന്നുണ്ട് അവ. രുദ്രപ്രയാഗില്‍ നിന്നും ദേവപ്രയാഗ് വഴി പിറ്റെദിവസം ഹരിദ്വാറില്‍ പുറപ്പെട്ടിടത്ത് മടങ്ങിയെത്തി വൈകിട്ടത്തെ ഹര്‍ക്കിപൗരിയില്‍ നടക്കുന്ന സുന്ദരമായ ഗംഗാആരതികണ്ട് ഒരു ദിവസത്തെ വിശ്രമം 7 ന് വൈകിട്ടുള്ള ഉലഹവശ ശതാബ്ദി യില്‍ രാജകീയമായി സല്‍കാരം സ്വീകരിച്ച് ഡല്‍ഹിയില്‍. അവിടെ നിന്നു കിറശഴീയുടെ അതിരാവിലെ കൊച്ചി ഫ്‌ളൈറ്റില്‍ ഒരു ജന്‍മത്തേക്കുള്ള അനുഭവം പേറി തിരികെ കേരങ്ങളുടെ നാട്ടിലേക്ക് വീണ്ടും തിരക്കുകളിലേക്ക് തിരിച്ചുപറക്കുന്നത് എന്തിനെന്ന് ചോദിക്കുന്നു ഹൃദയം. അത്രമേല്‍ ഹൃദ്യം, സുന്ദരം, ആനന്ദപൂര്‍ണ്ണം ഹിമാലയമേ… അമ്മതന്‍ മടിത്തട്ടുപോലെ നിന്റെ സ്വര്‍ഗ്ഗം.….