19 April 2024, Friday

കാഴ്ചകളുടെ കടമക്കുടി

ദീപ ഗോപകുമാര്‍
November 27, 2021 1:30 pm

ഒരു ‘വൺഡേ ട്രിപ്പ്’ പോകണമെന്ന് ആഗ്രഹിച്ചപ്പോൾ തുടങ്ങിയ കൺഫ്യൂഷ്യനാണ് എവിടേക്കാണ് പോകേണ്ടതെന്ന്. തൃശൂർ മുല്ലക്കരയിലെ വീട്ടിൽ നിന്ന് ഒരു ദിവസത്തെ യാത്രയും സന്ദർശനവും നടത്തി വൈകീട്ട് തിരിച്ചെത്താൻ കഴിയുന്ന ഒട്ടേറെ സ്ഥലങ്ങളുണ്ട്. അതിരപ്പിള്ളി — വാഴച്ചാൽ ആയാലോ ? ഛെ… .…വേണ്ട. വെള്ളച്ചാട്ടവും വനചാരുതയുമൊക്കെയുണ്ടെങ്കിലും ഒരു പതിവ് വിനോദസഞ്ചാരകേന്ദ്രത്തിന്റെ മടുപ്പിക്കുന്ന എല്ലാവിധ ഭാവഹാവാദികളും ഉണ്ട്.…..എങ്കിൽ നെല്ലിയാമ്പതി..? അയ്യോ.… അതിതീവ്രമഴ, ഉരുൾപൊട്ടൽ, ആനയിറക്കം.…. വേണ്ടേ .… വേണ്ട. എന്നാൽപിന്നെ ഏതെങ്കിലും ബീച്ച് സന്ദർശനമായാലോ .……? ഏയ്. അത് ഒട്ടും വേണ്ട. ചുഴലിക്കാറ്റും, ചുവപ്പ് ജാഗ്രതയും മുന്നറിയിപ്പുമായി മുൻപേനടക്കുന്ന സാഹചര്യത്തിൽ ബീച്ച് സന്ദർശനം എന്ന ചിന്ത പോലും അഹമ്മദിയാണ്.…..
അങ്ങനെ, “കൺഫ്യൂഷ്യൻ തീർക്കണമേ…” എന്ന് മുട്ടിപ്പായി പ്രാര്ഥിച്ചിരുന്നപ്പോൾ ആണ് അനിയൻ സാബു ‘കടമക്കുടി സജഷൻ’ മുന്നോട്ട് വച്ചത്. ഒറ്റ ദിവസത്തെ ട്രിപ്പ് എന്നുമാത്രമല്ല, ഒരു വെറൈറ്റി ട്രിപ്പ് കൂടിയാകും. സാബുവിന്റെ ഒരു സുഹൃത്ത് കടമക്കുടിയിൽ ഉണ്ട്. ജോലിത്തിരക്കുണ്ടെങ്കിലും അദ്ദേഹം എന്ത് സഹായം വേണമെങ്കിലും ഉറപ്പ് തന്നിട്ടുണ്ട്.
പിന്നെ കൂടുതൽ ആലോചിച്ചില്ല.…കടമക്കുടി ഉറപ്പിച്ചു. രണ്ടാം ശനിയാഴ്ച അവധിയായതിനാൽ അന്നേക്ക് പ്രോഗ്രാം പ്ലാൻ ചെയ്തു. ഞങ്ങൾ മൂന്നുപേരെ കൂടാതെ, അനിയനും ഭാര്യയും മകളും — അങ്ങനെ ആറുപേർ. 

മഴമുന്നറിയിപ്പും, രണ്ടു മൂന്നു ദിവസമായി തോരാതെ പെയ്യുന്ന മഴയും കുറച്ച് ഉത്സാഹം കെടുത്തി എന്ന് പറയാം. കാരണം, ചെറിയതോതിൽ മഴ പെയ്താൽ തന്നെ ആകെ ചെളിപിളിയാകുന്ന ഭൂപ്രകൃതിയാണ് കടമക്കുടിയുടേത് എന്ന് സാബുവിന്റെ കടമക്കുടിക്കാരൻ സുഹൃത്ത് പറഞ്ഞിരുന്നു. അങ്ങനെയാണെങ്കിൽ കടമക്കുടി ട്രിപ്പ് മാറ്റിവക്കേണ്ടി വരും. എന്തായാലും ശനിയാഴ്ച നേരം വെളുത്തിട്ട് പോകണോ വേണ്ടയോ എന്നു തീരുമാനിക്കാമെന്നുറപ്പിച്ചു. ശനിയാഴ്ച രാവിലെയും നല്ല മഴ. ആകാശമാണെങ്കിൽ മൂടിക്കെട്ടി ഇരുണ്ടു നിൽക്കുന്നു. പോരാത്തതിന്, എറണാകുളം ജില്ലയിൽ നല്ല മഴയാണെന്ന വിവരവും കിട്ടി. മഴയെങ്കിൽ മഴ. മുൻപോട്ട് വെച്ചകാൽ പിൻപോട്ടെടുക്കുന്ന പ്രശ്നമില്ല. ട്രിപ്പ് റൂട്ട് ഭേദഗതി ചെയ്തു എറണാകുളം ലുലുമാൾ സന്ദർശനം ആക്കി എന്നുമാത്രം. കുട്ടികൾക്കാണെങ്കിൽ ഇതിൽപരം സന്തോഷം വേറെയില്ല. അവർക്ക് ആദ്യമേ കടമക്കുടി യാത്ര വലിയ താത്പര്യമുണ്ടായിരുന്നില്ല. ലുലുമാളിൽ പോയി സാമാന്യം നല്ല രീതിയിൽ മേയുക എന്നതായിരുന്നു അവരുടെ ഉള്ളിലിരുപ്പ്.
പക്ഷെ, യാത്രയാരംഭിച്ച് ചാലക്കുടി കഴിഞ്ഞപ്പോൾ അന്തരീക്ഷം മെല്ലെ തെളിയാൻ തുടങ്ങി. ചെറുതായി വെയിലും തെളിഞ്ഞു. ആലുവ എത്തിയപ്പോൾ മഴ മാറി നിന്ന പ്രതീതി……വെയിലും ഉണ്ട്. എന്നാൽപ്പിന്നെ കടമക്കുടി പുനഃപരിഗണിച്ചാലെന്താ എന്ന് തോന്നി. അങ്ങനെയെങ്കിൽ രണ്ടുണ്ട് കാര്യം — കടമക്കുടിയും കാണാം ; ലുലുമാളിൽ കയറി പിള്ളേരുടെ പൈസ പൊടിക്കലും ഒഴിവാക്കാം. സൗത്ത് കളമശ്ശേരി എത്തിയപ്പോൾപിന്നെ ഒന്നും ചിന്തിച്ചില്ല. വലത്തോട്ട് തിരിഞ്ഞ് കണ്ടെയ്നർ റോഡിലേക്ക് കയറി.…. നേരെ കടമക്കുടിയിലേക്ക്… അല്ല പിന്നെ!! 

എറണാകുളത്ത് നിന്ന് വരുമ്പോൾ ചേരാനെല്ലൂർ — വരാപ്പുഴ റൂട്ടിൽ, വരാപ്പുഴ പാലം കഴിഞ്ഞാൽ ഇടത്തോട്ട് തിരിഞ്ഞു വേണം കടമക്കുടിക്ക് പോകേണ്ടത്. പതിനാല് ചെറു ദ്വീപുകൾ ചേർന്നതാണ് കടമക്കുടി പഞ്ചായത്ത്. എറണാകുളത്തുനിന്ന് 10–12 km മാത്രമേ ദൂരമുള്ളു. വരാപ്പുഴ പാലം കഴിയുമ്പോൾ ഇടതുവശം ചേർന്ന് ഒരു ദിശാ ഫലകം അതിൽ “കാഴ്ചകളുടെ കടമക്കുടിയിലേക്ക് 5 KM” എന്ന് വലിയ അലങ്കാരമൊന്നുമില്ലാതെ എഴുതിയിട്ടുണ്ട്. ആ വഴിയിലേക്ക് ഇറങ്ങി നേരെ വിട്ടാൽ മതിയായിരുന്നു. എന്നാൽ, ജി.പി.എസിനെയും, ദിശാ ഫലകങ്ങളെയും, കടമക്കുടിക്കാരൻ കൂട്ടുകാരൻ പറഞ്ഞു പഠിപ്പിച്ച “വഴിക്കണക്കു“കളെയും ഒരേ സമയം പിണക്കാതെ കൊണ്ടുപോകാൻ ശ്രമിച്ചതിനാൽ അല്പം ചുറ്റിക്കളിക്കേണ്ടിവന്നെങ്കിലും, ഒടുവിൽ ശരിയായ വഴിയിൽ തന്നെ എത്തപ്പെട്ടു. 

ജീവിതം വാലിന്മേൽ തീപിടിച്ചപോലെ ഇരമ്പിയോടുന്ന എറണാകുളം പട്ടണത്തിൽ നിന്നും അത്ര ദൂരെയല്ല കടമക്കുടി. എന്നാൽ, ഗതാഗതത്തിരക്കും വാഹനങ്ങളുടെ ശബ്ദവും നിറഞ്ഞ ദേശീയ പാതയിൽ നിന്ന് ദ്വീപിലേക്ക് നീളുന്ന ഇടുങ്ങിയ റോഡിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ അവിശ്വസനീയമായ ഒരു ശാന്തതയാണ് നമ്മെ എതിരേൽക്കുക. കടകളും മറ്റുമുള്ള ഒരു ജംഗ്ഷൻ കഴിഞ്ഞ് മുന്നോട്ട് നീങ്ങുന്തോറും ആളനക്കം കുറഞ്ഞു വരും. 14 തുരുത്തുകൾ ചേർന്ന കടമക്കുടി പഞ്ചായത്തിന്റെ അകെ വിസ്തൃതി ഏകദേശം 13 ചതുരശ്രകിലോമീറ്റർ ആണ്. ജനസംഖ്യ 17000 ‑ൽ താഴെ മാത്രം. വലിയ കടമക്കുടി, ചെറിയകടമക്കുടി, മുറിക്കൽ, പാല്യം തുരുത്ത് , പിഴല, പുലിക്കപ്പുറം, മൂലമ്പിള്ളി, പുതുശ്ശേരി, ചരിയംതുരുത്ത്, ചേന്നൂർ, കോതാട്, കോരാമ്പാടം, കണ്ടനാട്, കരിക്കാട് എന്നീ തുരുത്തുകൾ ഉൾപ്പെടുന്നതാണ് കടമക്കുടി പഞ്ചായത്ത്. കരഭൂമി വളരെ കുറവാണ്. വെള്ളം നിറഞ്ഞു കിടക്കുന്ന ചതുപ്പു സ്വഭാവമുള്ള പാടങ്ങളുടെ ഇടയിലൂടെ തലങ്ങും വിലങ്ങും നീളുന്ന വരമ്പുകൾ കൈരേഖകൾ പോലെ തോന്നിച്ചു; പാടങ്ങളിൽ പൊക്കാളി നെൽകൃഷി നടത്താറുണ്ട്. ആറുമാസം കൃഷി; ബാക്കി ആറ് മാസം ചെമ്മീൻ കെട്ട്; അതാണ് ചിട്ട. മീൻ വളർത്തുന്ന കെട്ടുകളും ഉണ്ട്. ദ്വീപിനെ തഴുകി വീരമ്പുഴ ഒഴുകുന്നു. കായലിൽ നിന്ന് പാടങ്ങളിലേക്ക് വെള്ളം കയറ്റാനും, അധികവെള്ളം ഒഴുക്കി വിടാനും ചിലയിടങ്ങളിൽ സ്ലുയിസ് ഗേറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഓരുവെള്ളക്കയറ്റം ഉള്ളതിനാൽ ശുദ്ധജലലഭ്യത വിരളമാണ്. 

ദേശീയപാതയോരത്തെ മഞ്ഞനിറത്തിലുള്ള ദിശാസൂചക ഫലകത്തിൽ കറുത്ത അക്ഷരങ്ങളിൽ എഴുതി വച്ചിരിക്കുന്നത് പോലെ, കടമക്കുടി കാഴ്ചകളുടെ ദ്വീപ് തന്നെയാണ്. “എറണാകുളം ജില്ലയുടെ കുട്ടനാട് ” എന്നാണ് ദ്വീപിന്റെ വിശേഷണം തന്നെ .….….… തിരക്കേറിയ ജീവിത ക്രമങ്ങളിൽ നിന്ന് ഒരു ദിനം, അല്ലെങ്കിൽ ഏതാനും മണിക്കൂറുകൾ അടർത്തിയെടുത്ത് ഇവിടേയ്ക്ക് വരുന്നവർക്ക് സൗമ്യ മനോഹരമായ ഈ ദ്വീപ് വ്യത്യസ്തമായ ഒരു അനുഭവം തന്നെയായിരിക്കും; തീർച്ച. പാടങ്ങളിൽ ഇടതൂർന്ന് ഇളം പിങ്ക് നിറത്തിൽ പൂത്തുനിറഞ്ഞുകിടക്കുന്ന കുളവാഴപ്പൂക്കളുടെ ദൃശ്യ ചാരുതയാണ് ആദ്യം വരവേറ്റത്. പാടവരമ്പിനോട് ചേർന്ന് ആകാശം നോക്കുന്ന വേരുകളുള്ള കണ്ടൽ ചെടികൾ ധാരാളമുണ്ട്. വെള്ളത്തിൽ ഉയർന്നു നിൽക്കുന്ന മരക്കുറ്റികളിൽ ധാരാളം പക്ഷികൾ ആരെയും മൈൻഡ് ചെയ്യാതെ അതീവ ശ്രദ്ധയോടെ വെള്ളത്തിലേക്ക് മാത്രം നോക്കി ഒരേ ഇരുപ്പ് ഇരിക്കുന്നു. നാട്ടുകാരും ഏകദേശം ഇതേപ്രകൃതം തന്നെയാണ്. പൊതുവെ ഒരു സൗഹൃദമനോഭാവം ഉണ്ടെങ്കിൽ പോലും സന്ദർശകരുടെ കാര്യങ്ങളിൽ അനാവശ്യമായ ഇടപെടലുകളോ, തുറിച്ചു നോട്ടമോ ഒന്നും തന്നെയില്ല. വീടുകളുടെ പുറത്തേക്ക് അധികം പേരെ കാണുന്നത് തന്നെയില്ല. പുറത്ത് ഓരോ പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നവരാകട്ടെ, അവരവർ ചെയ്യുന്ന പണികളിൽ മാത്രം മുഴുകിയിരിക്കുന്നു. 

1341 ലെ വെള്ളപ്പൊക്കത്തിൽ രൂപം പ്രാപിച്ച ദ്വീപുകളിൽ ഒന്നാണത്രെ കടമക്കുടി. ഇതേ ഘട്ടത്തിൽ തന്നെയാണ് കൊച്ചി അഴിമുഖവും വൈപ്പിൻ ദ്വീപും ഒക്കെ രൂപം കൊണ്ടത്. ദ്വീപിന്റെ വിനോദ സഞ്ചാരസാദ്ധ്യതകൾ വിപുലീകരിക്കുവാനോ ചൂഷണം ചെയ്യുവാനോ സന്ദർശകരെ കച്ചവടമനസ്ഥിതിയോടെ കയ്യിലെടുക്കുവാനോ നാട്ടുകാരുടെ ഭാഗത്തുനിന്നും ശ്രമങ്ങൾ ഒന്നും ഉള്ളതായി തോന്നിയില്ല. ഇപ്പോൾ ഈ ദ്വീപിൽ റോഡുമാർഗ്ഗം എത്തിച്ചേരാം. എന്നാൽ, ഏതാനും വർഷങ്ങൾക്ക് മുൻപ് അങ്ങനെയായിരുന്നില്ല. തികച്ചും ഒറ്റപ്പെട്ട ദ്വീപ് ആയ കടമക്കുടിയിൽ എത്തണമെങ്കിൽ തോണി അല്ലെങ്കിൽ ബോട്ട് തന്നെ ശരണം. മഴ കൂട്ടിപ്പിടിച്ചാൽ ദ്വീപിനകത്തുതന്നെയുള്ള സഞ്ചാരം പോലും ബുദ്ധിമുട്ടാകുമായിരുന്നു. ആകെ വെള്ളക്കെട്ടും ചെളിയും. ശുദ്ധജലം അത്ര സുലഭവുമല്ല. ഇക്കാരണങ്ങൾ കൊണ്ടാവാം, കടമക്കുടിയിൽ ഏതെങ്കിലും സ്ഥാപനത്തിൽ പോസ്റ്റിങ്ങ് കിട്ടിയാൽ രണ്ടാമതൊന്ന് ആലോചിക്കാതെ വേണ്ടെന്നുവച്ച് പോകുന്നവർ മുൻകാലങ്ങളിൽ ഉണ്ടായിരുന്നു. എറണാകുളം പട്ടണത്തിൽ നിന്നും അധികം അകലെയല്ലാതിരുന്നിട്ടും ഒരു “റെസിഡെൻഷ്യൽ ഹബ്ബ്” ആയി ഈ ദ്വീപ് ഇതിനകം രൂപാന്തരം പ്രാപിക്കാതിരുന്നതിനും കാരണവും ഇതൊക്കെത്തന്നെയാവാം. … പക്ഷെ, അതുകൊണ്ട് മറ്റൊരു ഗുണമുണ്ടായി. കടമക്കുടി കടമക്കുടിയായിത്തന്നെ തുടരുന്നു.….ഒരു മഹാനഗരത്തിന്റെ പ്രാന്ത പ്രദേശത്തു നിലകൊണ്ടിട്ടും കോൺക്രീറ്റ് വനമായി മുഖം മാറ്റപ്പെടാൻ ദുര്യോഗമില്ലാത്തതായി ഇത്തരം അപൂർവ്വം ചില പ്രദേശങ്ങൾ മാത്രമേ കേരളത്തിൽ ഉള്ളൂ എന്ന് പറയാം. 

കെട്ടുപിണഞ്ഞതും, ഇടക്കൊക്കെ ഒറ്റതിരിഞ്ഞും നീണ്ടുനീണ്ട് പോകുന്ന പാടവരമ്പുകൾ. ചിലയിടത്ത് അത്യാവശ്യം വീതിയുണ്ട്. ചിലയിടങ്ങളിൽ ഒറ്റയടിപ്പാതകളുമാകും. വാഹനങ്ങൾക്ക് വിശ്രമം കൊടുത്ത്, ഈ വരമ്പുകളിലൂടെ അൽപനേരം നടക്കാൻ നിങ്ങൾ തയ്യാറാണോ ? എങ്കിൽ പത്തു പൈസ ചെലവില്ലാതെ കടമക്കുടിയുടെ ക്ലാസിക് സൗന്ദര്യം നിങ്ങൾക്കാസ്വദിക്കാം. വരമ്പുകളിൽ ഞണ്ടളകൾ കാണും. ഒന്ന് സൂക്ഷിച്ചേക്കണേ.…. അല്ലെങ്കിൽ ചിലപ്പോൾ ഞണ്ടുകൾ പണി തരും. വരമ്പുകളിൽ തെങ്ങുകൾ ധാരാളമായി നിരന്നു നിൽക്കുന്നുണ്ട്. കള്ളുചെത്ത് ദ്വീപുകാരുടെ ഒരു ഉപജീവന മാർഗ്ഗമാണ്. പാടങ്ങളിലെ വെള്ളത്തിൽ ഉണ്ടക്കണ്ണു മിഴിച്ച് കൗതുകത്തോടെ നോക്കുന്ന തവളകളെക്കണ്ടപ്പോൾ എന്തുകൊണ്ടോ സന്തോഷം തോന്നി. പണ്ടൊക്കെ രാത്രികാലങ്ങളിൽ വീട്ടുമുറ്റങ്ങളിൽ ഭയലേശമന്യേ വിഹരിച്ചിരുന്ന കൂട്ടരായിരുന്നു ഇവർ. ഇപ്പോൾ തവളകളെ കണ്ട കാലം തന്നെ മറന്നിരിക്കുന്നു.
തീരെ മഴക്കാറില്ലാത്ത ദിവസം, ഒട്ടുതിരക്കില്ലാതെ ഒരു സായാഹ്നം വരെ ചെലവഴിക്കാൻ സൗകര്യമുണ്ടെങ്കിൽ കടമക്കുടിയിൽ നിന്ന് അസ്തമയം കണ്ടിട്ടേ തിരിച്ച് പോകാവൂ.… വെള്ളം നിറഞ്ഞ പാടങ്ങളും പാടവരമ്പുകളും, ചീനവലകളും, കണ്ടൽ ചെടികളും, തൈത്തെങ്ങുകളും, പൂപ്പരുത്തിച്ചില്ലകളും ഒരുക്കുന്ന മായിക പശ്ചാത്തലത്തിൽ ഒരു ജലഛായചിത്രം പോലെ അതിചാരുതയാർന്ന അസ്തമയാനുഭവം മറ്റൊരിടത്തുനിന്ന് ഒരു പക്ഷെ നിങ്ങൾക്ക് ആസ്വദിക്കാനാവില്ല…… 

ഈ ദ്വീപിലേക്ക് വരുന്നവർ അത്യാവശ്യം വെള്ളവും ഭക്ഷണവും കൂടെക്കരുതുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. ചെറിയ കുട്ടികളോ, മരുന്നും ഭക്ഷണവും മുടക്കാൻ പാടില്ലാത്തവിധം അസുഖമുള്ളവരോ കൂട്ടത്തിലുണ്ടെങ്കിൽ ഇക്കാര്യം നിർബന്ധമായും ചെയ്തിരിക്കണം. കാരണം, ഹോട്ടലുകളോ, ഭക്ഷണശാലകളോ ഇവിടെ കാണാൻ കഴിഞ്ഞില്ല. കടകളും നന്നേ കുറവ്. കുടിവെള്ളം പോലും വാങ്ങാൻ കിട്ടിയെന്നുവരില്ല.
കടമക്കുടിയിലെ ഒരു കള്ളുഷാപ്പിൽ ആണ് ഉച്ചഭക്ഷണം തീരുമാനിച്ചിരുന്നത്. കയ്യിൽ ഭക്ഷണമൊന്നും കരുതിയിരുന്നില്ല. പ്രധാന പാതയിൽ നിന്നും ഒരു 200–250 മീറ്റർ വരമ്പത്തുകൂടി നടന്നിട്ടുവേണം ഷാപ്പിൽ എത്തുവാൻ. വരമ്പിന്റെ ഇരുവശത്തും ചെളിനിറഞ്ഞ പാടമാണ്. വെള്ളവും ഉണ്ട്. രാവിലെവരെ പെയ്ത മഴയിൽ വരമ്പിന്റെ അരികുകൾ കുതിർന്ന് ഇടിഞ്ഞുനിൽക്കുന്നുണ്ട്. വരമ്പിലും നിറയെ ചെളിയായിരുന്നു. വരമ്പിലൂടെ നടക്കുമ്പോൾ ചുറ്റുപാടുമുള്ള കാഴ്ചകൾ ഒന്നുകൂടി വിശാലമാണ്. അങ്ങനെ കാഴ്ചകൾ ആസ്വദിച്ചും, ഇടയ്ക്ക് നിന്ന് സെല്ഫിയെടുത്തും ഫോട്ടോ എടുത്തും തെന്നാതെ, വീഴാതെ ഒരുവിധം ആഘോഷമായിത്തന്നെ ഷാപ്പിൽ എത്തി. എല്ലാവരുടെയും ചെരിപ്പിനടിയിൽ ഒരിഞ്ചോളം കനത്തിൽ നല്ല പശയുള്ള ചെളി പറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു. വരമ്പിൽ നിൽക്കുന്ന പുല്ലിൽ എത്ര തൂത്തിട്ടും പോകുന്ന മട്ടില്ല. അങ്ങനെ ചെരുപ്പിലെ സമൃദ്ധമായ ചെളിയടക്കമായിരുന്നു കള്ളുഷാപ്പിലേക്കുള്ള എൻട്രി. ഇങ്ങനെയുള്ള ഏടാകൂടമൊക്കെ പ്രതീക്ഷിച്ചുതന്നെയാവാം ഷാപ്പിന്റെ തറയിൽ സിമെന്റോ ടൈലോ ഒന്നുമല്ല, വെറും തരിമണലാണ് വിരിച്ചിരിക്കുന്നത്. സിമന്റ് സ്ളാബ് ആണ് മേശ; ചുറ്റും അഞ്ചോ ആറോ കസേരകൾ. “പാട്ടുപാടാനോ മൊബൈലിൽ പാട്ടു വെക്കാനോ പാടില്ല” എന്ന് ഷാപ്പിന്റെ ഉള്ളിലെ പനമ്പ് ഭിത്തിയിൽ ഒരു പായ വെള്ളപേപ്പറിൽ വലിയ നീല അക്ഷരങ്ങളിൽ എഴുതി കെട്ടിതൂക്കിയിട്ടുണ്ട്. ഷാപ്പിലിരിക്കുന്ന കുടിയന്മാരും, അല്ലാത്തവന്മാരുമായ എല്ലാവരും അക്കാര്യം സർവാത്മനാ അംഗീകരിച്ച മട്ടുണ്ട്. എല്ലാവരും വളരെ സൈലന്റ് ആൻഡ് ഒബീഡീയന്റ് മര്യാദ രാമന്മാർ !!

സമയം ഏതാണ്ട് രണ്ടുമണിയോടടുത്തിട്ടുണ്ടാവും. നല്ല വിശപ്പ്. ഷാപ്പിലെ കറികളുടെ എരിപൊരി സ്വാദ് ആലോചിക്കുന്തോറും വിശപ്പ് അക്രമാസക്തമാവുകയാണ്. ഈ ഷാപ്പിൽ ഉച്ചക്ക് ഊണ് ഇല്ല. പക്ഷെ, എന്തിന് ഊണ് .…?! ചൂടുതട്ടിയാൽ വെന്തുമലരുന്ന നല്ല ഒന്നാന്തരം കപ്പ പുഴുങ്ങി കുഴയാതെ ഉടച്ച് ഉലർത്തിയതല്ലേ കിട്ടിയത്.…. കപ്പ ഉലർത്തിയതിന് കമ്പനി കൊടുക്കുവാൻ എത്തിയത്താകട്ടെ ചൊകചൊകാ ചുവന്ന് അതിതീവ്ര കമ്യൂണിസ്റ്റ് ലുക്ക് ഉള്ള മുളകിട്ട മീൻ കറി. തീർന്നില്ല, നന്നേ ചെറിയ കൊഴുവ മൊര് മൊരാ വറുത്തത്, കുരുമുളക് കുടഞ്ഞ ബീഫ്‌റോസ്റ്റ് ഗാർണിഷ്ട് വിത്ത് നാളികേരക്കൊത്ത്, ചിക്കൻ മസാലക്കറി, താറാവ് റോസ്റ്റ്, മീൻ വറുത്തത് (അത് കിട്ടുന്ന മീനുകൾക്കനുസരിച്ച് ദിവസവുംമാറാം).… ഏറ്റവുമൊടുവിൽ, ആരെയും ഭാവഗായകരാക്കുന്ന ഒരു കുപ്പി തനി നാടൻ മധുരക്കള്ള്…. ആദ്യം മീൻ ചാർ കപ്പ ഉലർത്തിയതിലേക്ക് ചേർത്ത് കപ്പയെ “കമ്യൂണിസ്‌റ്റാക്കി”.….…” തുടർന്ന് ഞങ്ങളും കമ്മ്യൂണിസ്റ്റായി. ”

പൊക്കാളി പാടങ്ങൾ വിളവെടുപ്പിനുശേഷം ചെമ്മീൻ കെട്ടുകളും, മീൻ കെട്ടുകളും ആകുന്നു. ഓരു ജലമായതിനാൽ കരിമീൻ നന്നായി വളരും. കരിമീൻ പിടിക്കുന്ന സമയമാണെങ്കിൽ ഒന്നാംതരം കരിമീൻ കറിയും, കരിമീൻ വറുത്തതും ഒക്കെ കിട്ടും. ഞങ്ങൾ ചെന്ന ദിവസം കരിമീൻ ഇല്ലായിരുന്നു. പകരം “കേര” എന്ന നല്ല സ്വാദുള്ള മീൻ കറിയാണ് ഉണ്ടായിരുന്നത്. മീനിന്റെ തല ഉപയോഗിച്ചുണ്ടാക്കുന്ന “തലക്കറിക്കും” നല്ല ഡിമാൻഡ് ആണ്. ദ്വീപിന്റെ ഒരു ഭാഗത്തുകൂടി “വീരമ്പുഴ” ഒഴുകുന്നു. കടമക്കുടിയെ ചാത്തനാട്, ഏഴിക്കര എന്നീ കരകളുമായി ബന്ധിപ്പിക്കാനുദ്ദേശിക്കുന്ന പാലത്തിന്റെ പണി മുക്കാൽ ഭാഗവും കഴിഞ്ഞു നിൽക്കുന്നു. പണി ഇപ്പോൾ സ്തംഭിച്ച മട്ടാണ്. ഇവിടെ ഒരു ജങ്കാർ സർവീസ് ഉണ്ട്. പുഴയിലൂടെ, വലുതും ചെറുതുമായ കുള വാഴക്കൂട്ടങ്ങൾ ഒഴുകുന്ന ദ്വീപുകളെപോലെ ഒറ്റയ്ക്കും തെറ്റയ്ക്കും മന്ദഗതിയിൽ ചലിക്കുന്ന കാഴച അതിമനോഹരമാണ്. 

ഉച്ചഭക്ഷണം കഴിഞ്ഞ നേരം ചെറിയ മഴക്കാർ കണ്ടതിനാൽ പിന്നെ അധികനേരം ദ്വീപിൽ ചെലവഴിച്ചില്ല. കയാക്കിങ് പോലുള്ള പരിപാടികൾ ഉണ്ടെന്നറിഞ്ഞെങ്കിലും അതൊന്നും പരീക്ഷിക്കാൻ നിന്നില്ല. 14 തുരുത്തുകൾ ചേർന്ന കടമക്കുടി പഞ്ചായത്തിന്റെ വളരെച്ചെറിയ ഒരു ഭാഗം മാത്രമാണ് ഞങ്ങൾ കണ്ടതെന്ന് തോന്നുന്നു. ഒരു പക്ഷെ, അന്തരീക്ഷശാസ്ത്രവുമായുള്ള നിരന്തരഇടപഴക്കം കൊണ്ടാവാം നാലുപാടും തിരക്കുപിടിച്ച് തിരിഞ്ഞുനോക്കാതോടുന്ന ജീവിതക്കാഴ്ചകളുടെ ഒത്തനടുവിൽ അവിശ്വസനീയമാം വിധം ശാന്തത നെഞ്ചിലേറ്റിയ ഈ ഭൂവിഭാഗം, പ്രക്ഷുബ്ധ ചുഴലിവാതങ്ങളുടെ മധ്യഭാഗത്തുള്ള അതിശാന്തമായ ചുഴലിക്കണ്ണുപോലെയാണ് (eye of a cyclone) തോന്നിയത് .….… ഹരം പിടിപ്പിക്കുന്ന നഗരക്കാഴ്ചകളും, ടിക്കറ്റെടുത്ത് ആസ്വദിക്കുന്ന വിനോദ സഞ്ചാരങ്ങളുമാണോ നിങ്ങൾക്ക് വേണ്ടത് ?.… എങ്കിൽ നിങ്ങൾ കടമക്കുടിയിലേക്ക് വരുകയേ വേണ്ട.…. കാരണം ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത് വംശനാശം തീണ്ടാത്ത ശുദ്ധഗ്രാമീണതയും, നോക്കുന്നതല്ല, കാണുന്നതാണ് കാഴ്ച്ചകൾ എന്ന തിരിച്ചറിവും മാത്രമാണ്.….……അങ്ങനെയാണ്, അങ്ങനെ മാത്രമാണ് കടമക്കുടി കാഴചകളുടേതാകുന്നത്.….

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.