19 November 2025, Wednesday

ദേശദ്രോഹം പേരുമാറും: വ്യവസ്ഥകള്‍ കടുക്കും

നിര്‍വചനങ്ങളില്‍ അവ്യക്തത 
പ്രതിഷേധവും കുറ്റകരമാകും
പ്രത്യേക ലേഖകന്‍
ന്യൂഡല്‍ഹി
August 11, 2023 11:40 pm

കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട മൂന്ന് നിയമങ്ങള്‍ക്കു പകരം പുതിയ ബില്ലുകളുമായി കേന്ദ്ര സര്‍ക്കാര്‍. പേരുമാറ്റുന്നുവെങ്കിലും കൂടുതല്‍ ശക്തമായ വകുപ്പുകളും കടുത്ത ശിക്ഷയും ഉള്‍പ്പെടുത്തിയുള്ളതാണ് ബില്ലുകളെന്നാണ് വിലയിരുത്തല്‍.
പരമോന്നത കോടതി പോലും രൂക്ഷ വിമര്‍ശനമുന്നയിച്ച ദേശദ്രോഹ നിയമം തന്നെ പ്രധാന ഉദാഹരണം. ഈ വകുപ്പ് എടുത്തുകളയുന്നുവെന്നാണ് ബില്‍ അവതരിപ്പിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരിച്ചതെങ്കിലും പേരു മാത്രമേ മാറുന്നുള്ളൂ. വ്യവസ്ഥകള്‍ കൂട്ടുകയും പരിധി വിപുലമാക്കുകയും ശിക്ഷ കടുപ്പിക്കുകയുമാണ് ചെയ്തിരിക്കുന്നത്. നിലവിലുള്ള 124 എ വ്യവസ്ഥയ്ക്ക് പകരം 150 ആണ് ഉള്‍പ്പെടുത്തിയത്.

നിയമപ്രകാരം സ്ഥാപിതമായ സര്‍ക്കാരിനോട് വാക്കിലോ, എഴുത്തിലോ, അടയാളങ്ങൾ കൊണ്ടോ, ദൃശ്യപരമായോ വിദ്വേഷം, അവഹേളനം എന്നിവയ്ക്ക് ശ്രമിക്കുന്നതോ, ഉത്തേജിപ്പിക്കുന്നതോ ആണ് നിലവിലുള്ള ദേശദ്രോഹം. പേരുമാറ്റിയ പുതിയ നിയമത്തില്‍ വാക്ക്, പ്രവൃത്തി, എഴുത്ത്, ചിഹ്നങ്ങള്‍, ദൃശ്യങ്ങള്‍, വിവര-ഇലക്ട്രോണിക് സംവിധാനങ്ങള്‍, സാമ്പത്തികാടിസ്ഥാനം, ഉദ്ബോധനം, സായുധ കലാപം, വിഭാഗീയ പ്രവര്‍ത്തനം, വിഘടനവാദം, അതിനെ പ്രോത്സാഹിപ്പിക്കല്‍ എന്നിങ്ങനെ രാജ്യത്തിന്റെ ഐക്യം, അഖണ്ഡത എന്നിവയ്ക്ക് വിഘാതമാവുന്ന ഏതുമെന്ന വ്യവസ്ഥ ചേര്‍ത്തിരിക്കുന്നു.

ഈ വിഭാഗത്തിൽ പരാമർശിച്ചിരിക്കുന്ന പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും സര്‍ക്കാരിന്റെ ഭരണപരമോ അല്ലാത്തതോ ആയ നടപടികളോട് വിയോജിച്ച് അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതും വകുപ്പിന്റെ പരിധിയില്‍ വരുമെന്ന വിശദീകരണവും നല്‍കിയിട്ടുണ്ട്. ജീവപര്യന്തം തടവും പിഴയുമോ അല്ലെങ്കില്‍ ഏഴ് വര്‍ഷം വരെ ദീര്‍ഘിപ്പിക്കാവുന്ന തടവും പിഴയുമോ എന്നാക്കി ശിക്ഷ മാറ്റി. നേരത്തെ ജീവപര്യന്തത്തിനു പുറമേ മൂന്നുവര്‍ഷം വരെ ദീര്‍ഘിപ്പിക്കാവുന്ന തടവോ, പിഴ ചേര്‍ത്തോ ആയിരുന്നു ശിക്ഷ. സര്‍ക്കാരിനെതിരെന്ന് തോന്നാവുന്ന എന്തും കടുത്ത ശിക്ഷ കിട്ടാവുന്നതായി ദേശദ്രോഹത്തിന് പകരമുള്ള വകുപ്പ് മാറുന്നു.
രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ഏഴാം അധ്യായത്തില്‍ 145 മുതല്‍ 156വരെ വകുപ്പുകളായാണ് പ്രതിപാദിച്ചിട്ടുള്ളത്. ഇതിന് പിന്നാലെ എട്ടാം അധ്യായത്തില്‍ മൂന്ന് സൈനിക വിഭാഗങ്ങള്‍ക്കെതിരായ നീക്കങ്ങള്‍ എന്നപേരില്‍ കടുത്ത വ്യവസ്ഥകളും വിശദീകരണങ്ങളുമുള്ള 157 മുതല്‍ 166 വരെ വകുപ്പുകളും ദേശദ്രോഹ നിയമത്തെക്കാള്‍ കടുത്തതാണ്. 

പൊതു സമാധാനത്തിനെതിരായത് എന്ന പേരില്‍ 11-ാം അധ്യായത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന 187 മുതല്‍ 195 വരെയുള്ള വ്യവസ്ഥകളും ഭരണനയങ്ങള്‍ അനുസരിച്ച് ദുരുപയോഗ സാധ്യതയുള്ളതും എതിരാളികളെ കുറ്റവാളികളാക്കുന്നതിന് സഹായകവുമാണ്.
അതേസമയം വ്യവസ്ഥകള്‍ അവ്യക്തമായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന വിമര്‍ശനവുമുണ്ട്. ഇത് ദുരുപയോഗത്തിനും വ്യാഖ്യാനത്തിനും അവസരമൊരുക്കി എതിരാളികളെ കുടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന ആരോപണവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
നിയമത്തിന്റെ വിശദീകരണം അപൂർണമാണെന്നും ‘അപവാദ പ്രവർത്തനം’ തുടങ്ങിയ അവ്യക്തമായ പ്രയോഗങ്ങള്‍ ഉപയോഗിച്ച് സർക്കാരിന് അനുയോജ്യമല്ലെന്ന് കരുതുന്ന ഏതൊരു നടപടിക്കും പ്രവൃത്തിക്കുമെതിരെ ഈ വ്യവസ്ഥ ഉപയോഗിക്കാവുന്നതാണെന്നും സുപ്രീം കോടതി അഭിഭാഷകനായ അനസ് തന്‍വീര്‍ ദി വയറിനോട് പറഞ്ഞു.
പ്രതിഷേധ പ്രകടനം പോലും കുറ്റകരമാക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഭാരതീയ ന്യായ സംഹിത 

ഇന്ത്യന്‍ പീനല്‍ കോഡ്(ഐപിസി), ക്രിമിനല്‍ പ്രോസിജീയര്‍ കോഡ്(സിആര്‍പിസി), തെളിവ് നിയമം എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിതയും ഭാരതീയ നാഗരിക സുരക്ഷാ സംഹിതയും ഭാരതീയ സാക്ഷ്യ സംഹിതയും.
ഭാരതീയ ന്യായ സംഹിത പ്രകാരം നിലവിലെ 22 വകുപ്പുകള്‍ റദ്ദാക്കപ്പെടും. 175 എണ്ണത്തില്‍ മാറ്റംവരും. പുതുതായി എട്ടു വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടും. ആള്‍ക്കൂട്ട കൊലപാതകത്തിന് എഴ് വര്‍ഷമോ ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാനും വ്യവസ്ഥ ചെയ്യുന്നു.
ഭാരതീയ നാഗരിക സുരക്ഷാ സംഹിത (സിആര്‍പിസി) ബില്ലില്‍ നിലവിലുള്ള ഒമ്പത് വകുപ്പുകള്‍ റദ്ദാകും. 160 വകുപ്പുകളില്‍ മാറ്റങ്ങളും പുതുതായി ഒമ്പതു വകുപ്പുകളും കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ആകെ 533 സെക്ഷനുകള്‍.
ഭാരതീയ സാക്ഷ്യ സംഹിത നിലവിലെ അഞ്ച് വകുപ്പുകള്‍ റദ്ദാക്കുന്നു. 23 വകുപ്പുകളില്‍ മാറ്റം നിര്‍ദേശിക്കുന്നു. ഒരു വകുപ്പ് പുതുതായി കൂട്ടിച്ചേര്‍ക്കും. കരടില്‍ ആകെ 170 വകുപ്പുകള്‍. 

Eng­lish Sum­ma­ry: Trea­son will be renamed: con­di­tions will be tightened

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.