Saturday
24 Aug 2019

ചികിത്സതന്നെ രോഗമാവുമ്പോഴോ?

By: Web Desk | Saturday 6 January 2018 10:24 PM IST


മ്മുടെ ആരോഗ്യവും ജീവനും ഏതോ വന്‍ കമ്പനിയുടെ കച്ചവടവും ലാഭവുമായാലോ? അതൊരു ഭീകരാവസ്ഥയാണ്. ഇന്നത്തെ ഏറ്റവും വലിയ ആശങ്ക, ആരോഗ്യത്തെക്കുറിച്ചാണ്. നാം അത്യാവശ്യങ്ങള്‍ പോലും മുടക്കി പണം സൂക്ഷിക്കുമ്പോള്‍ എല്ലാവരും പറയുന്നത് ഒരു വയ്യായ വന്നാല്‍ പണം വേണ്ടേ. പണ്ടത്തെപോലെയല്ല, കുറച്ചൊന്നും പോരല്ലോ. കല്യാണത്തിനും ചികിത്സയ്ക്കുമാണ് മലയാളി ഏറ്റവുമധികം പണം ചെലവഴിക്കുന്നത്. കുറച്ചുകാലം മുമ്പുവരെ രോഗം വന്നാല്‍ ചെലവ് ഏതാണ്ട് നമുക്ക് ഊഹിക്കാനാവുമായിരുന്നു. ഇന്നതല്ല, പഴയരോഗങ്ങളെ പേരുമാറ്റി, ഓരോ ചെറിയതിനും ഓരോ വകുപ്പും സ്‌പെഷ്യാലിറ്റിയും തുറന്ന്, രോഗിയെ കുത്തിച്ചോര്‍ത്തുന്ന അനുഭവം എത്രയോ ഉണ്ടായത്, ആരോഗ്യപാലനം, സ്വകാര്യമൂലധനത്തിന്റെ കയ്യിലമര്‍ന്നതുകൊണ്ടാണ്. ഇന്നത് കോടാനുകോടികള്‍, പൊലിയിച്ചെടുക്കുന്ന വ്യവസായവുമായി. ഇതിന്റെ ദുരനുഭവമില്ലാത്ത പാവം രോഗികള്‍ ചുരുക്കമേ ഉണ്ടാവൂ.
ആരോഗ്യം, വിദ്യാഭ്യാസം വനിത – ശിശുസംരക്ഷണം, വൃദ്ധരുടെ ക്ഷേമം തുടങ്ങിയ മേഖലകള്‍ പൂര്‍ണമായും സ്വകാര്യമേഖലയുടെ കാരുണ്യത്തിനുവിടുന്നത് ഒരു സംസ്‌കാരമുള്ള സമൂഹത്തിന് ചേര്‍ന്നതല്ല. ഇതില്‍ ഏറ്റവും ദയനീയമായത് രോഗികളുടെയും വൃദ്ധരുടെയും സ്ഥിതിയാണ്. രോഗികള്‍ക്ക് ചൂഷണവും വൃദ്ധര്‍ക്ക് അവഗണനയുമാണ് ഇന്ന് നിലനില്‍ക്കുന്നത്. ഈ രണ്ടുരംഗമെങ്കിലും സര്‍ക്കാരിന്റെ പ്രത്യേക പരിഗണനയ്ക്ക് വരേണ്ടതാണ്. മധ്യതല കുടുംബത്തിനുപോലും താങ്ങാന്‍ പറ്റാത്ത ചെലവാണ് സ്വകാര്യ ആശുപത്രികളില്‍. അവര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി എന്ന പേരിട്ട് ഒരുപാട് സങ്കീര്‍ണമായ പരിശോധനാവകുപ്പുകള്‍ സ്ഥാപിച്ച് സാധാരണ രോഗത്തെപോലും ഭയാനകമായി അവതരിപ്പിച്ച് രോഗികളെയും അതിലധികം അവരുടെ കുടുംബത്തെയും തകര്‍ക്കുന്നു.
അല്‍പം ചെലരൊഴിച്ചാല്‍ ഡോക്ടര്‍മാരും ഇതിന്റെ ഭാഗമാണ്. ആശുപത്രി ദുരനുഭവങ്ങളില്ലാത്തവര്‍ കുറയും. എനിക്കുതന്നെ വല്ലാത്തൊരനുഭവമുണ്ടായി. ഒരു മഹാനഗരത്തിലെ പ്രശസ്തമായ ഒരാശുപത്രി, ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ ചികിത്സയുമായി ബന്ധപ്പെട്ട് എന്നെ നരകം വരെ എത്തിച്ച അനുഭവം. ലളിതമായൊരു പ്രസവക്കേസ്. ഒരു ഡോക്ടറുടെ അജ്ഞത എല്ലാം സന്നിഗ്ധമാക്കിയ നിമിഷങ്ങള്‍. അവസാനനിമിഷത്തിലെ ആശുപത്രിമാറ്റം. അതിനുമുമ്പ് ബില്ലടയ്ക്കാനുള്ള അവരുടെ ആവശ്യപ്പെടല്‍. രണ്ടാമത്തെ സ്ഥലത്തും അന്തമില്ലാത്ത കുത്തിവെപ്പും ടെസ്റ്റിങും ഒരുവക. പുറത്തിറങ്ങിയിട്ടും എങ്ങുമെത്താത്ത സ്ഥിതി. അവസാനം ദൈവദൂതനെപ്പോലെ മറ്റൊരാള്‍. ചില്ലറ ഗുളികകളും ഭക്ഷണനിയന്ത്രണവുമായി അയാള്‍ രോഗം മാറ്റി. ഞങ്ങള്‍ക്ക് കിട്ടിയത് ജീവിതമായിരുന്നു. പഴയ ആ ഡോക്ടറെ ഒരു ഹോട്ടലില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ പറഞ്ഞു ”താങ്കളുണ്ടായിട്ടും എന്റെ മകള്‍ സുഖമായിരിക്കുന്നു.” അയാള്‍ പഠിച്ചതൊക്കെ അന്ന് പാഴായിട്ടുണ്ടാവണം.
ലക്ഷങ്ങള്‍ വലിച്ചെറിഞ്ഞ് സ്വകാര്യ ആശുപത്രി വിടുന്നവര്‍ എത്രയോ ഉണ്ട്. ഒരുത്തരവാദിത്തവുമില്ലാത്ത ചികിത്സ. മനുഷ്യമുഖമില്ലാത്ത ‘ഹോസ്പിറ്റല്‍ വ്യവസായം.’ പണമില്ലാത്തവരെന്തുചെയ്യും. അവര്‍ക്കുവേണ്ടി ഒരു സമാന്തര ‘ഹെല്‍ത്ത് കെയര്‍’ വേണ്ടേ. സ്വകാര്യ ആശുപത്രികള്‍ തഴച്ചുവളരുന്നത് അവയിലെ നിക്ഷേപം ലാഭകരമായതുകൊണ്ടാണ്. ഒരു ചെറിയ പട്ടണത്തില്‍പ്പോലും എത്ര സ്‌പെഷ്യാലിറ്റി പ്രൈവറ്റ് ആശുപത്രികളാണ്. നവലിബറല്‍ കാലഘട്ടത്തിന്റെ (1991) കടന്നാക്രമണത്തോടെയാണ് ഈ ചികിത്സാരംഗത്തെ സ്വകാര്യാധിപത്യമുണ്ടായത്. 1980 മുതലേ സ്വകാര്യ ഹെല്‍ത്ത് കെയര്‍ ഇന്ത്യാ സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചിരുന്നു. ഫണ്ട് നല്‍കാതെ പൊതു ശുശ്രൂഷകേന്ദ്രങ്ങളെ തകര്‍ത്ത് കോര്‍പ്പറേറ്റ് കോമേഴ്‌സ്യല്‍ സെക്ടര്‍ ശക്തമായതോടെ ഡോക്ടര്‍മാര്‍ ചികിത്സ മാത്രമല്ല, ആശുപത്രി ഉടമസ്ഥതയില്‍ പങ്കാളിത്തവും തുടങ്ങി. അതോടെ കമേഴ്‌സ്യല്‍ ചികിത്സ ശക്തമായി.
ഒറ്റ വ്യക്തിയുടെ ക്ലിനിക്കുകളില്‍ നിന്നു മാറി ചെറുകിട, മധ്യ, കൂറ്റന്‍ ആശുപത്രി സമുച്ചയങ്ങള്‍ വന്നു. 2015ലെ കണക്കുപ്രകാരം പ്രധാന നഗരങ്ങളിലെ 95 ശതമാനം ആശുപത്രികളും വന്‍കിടകളായിരുന്നു. ശക്തമായ ഹെല്‍ത്ത് കെയര്‍ വ്യവസായം നിലവില്‍വന്നതായി 2017ലെ നാഷണല്‍ ഹെല്‍ത്ത് പോളിസിയുടെ റിപ്പോര്‍ട്ട് ആരംഭങ്ങളിലേ പറയുന്നു. ഇന്ത്യയിലെ മൊത്തം ആരോഗ്യവ്യവസായം 2015 നൂറ് ബില്യണ്‍ ഡോളറിന്റേതായിരുന്നത് 2020 ഓടെ 280 ബില്യന്റേതാവുമെന്നാണ് കണക്കാക്കുന്നത്. ഇന്ന് നിക്ഷേപത്തിനേറ്റവും നല്ലത് വന്‍കിട കോര്‍പ്പറേറ്റ് ആശുപത്രികളാണ്. അവ നല്‍കുന്ന പരിചരണ ഗുണനിലവാരത്തിനുമേല്‍ ഒരു നിയന്ത്രണവുമില്ല. നിരക്കുകള്‍ തോന്നിയപോലെയാണ്. വിലകുറഞ്ഞ ഉപകരണങ്ങള്‍ക്കുപോലും എത്രയോ മടങ്ങാണ് രോഗികളില്‍ നിന്നു വാങ്ങുന്നത്. അനിശ്ചിതമായി നീളുന്ന ചികിത്സ, ആവശ്യമില്ലാത്ത പരിശോധനകള്‍, ചികിത്സാനിരക്കുകള്‍ രോഗത്തെക്കാള്‍ ഭയാനകവും.
ആശുപത്രി ജീവനക്കാര്‍ക്ക് നല്‍കുന്ന വേതനം വളരെ കുറവാണ്. ഈയിടെ ഉണ്ടായ വ്യാപകമായ നഴ്‌സുമാരുടെ സമരം ഓര്‍മ്മിക്കുമല്ലോ. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കുപോലും നല്ലൊരു ക്ലാര്‍ക്കിന്റെ ശമ്പളം നല്‍കുന്നില്ല. ജീവനക്കാരെയും രോഗികളെയും പിഴിഞ്ഞാണ് ആരോഗ്യ വ്യവസായം ആഘോഷിക്കുന്നത്. ആരോഗ്യരംഗം പോലെ ഇത്ര കുത്തഴിഞ്ഞ മേഖലയില്ല. മരുന്നുണ്ടാക്കുന്നതില്‍ വ്യാപകമായ കള്ളത്തരം, ഗുണനിലവാരമില്ലാത്ത മരുന്നുകള്‍, വേണ്ടാത്ത മരുന്നുകള്‍ രോഗികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന, എന്നിട്ട് കമ്പനി കമ്മിഷന്‍ നേടുന്ന ചികിത്സകള്‍, നിലവാരമില്ലാത്ത പരിശോധന ലാബുകള്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സിലെ ചതികള്‍, പട്ടിക ഇങ്ങനെ നീളുന്നു. ഇതിന്റെയൊക്കെ മറ്റേയറ്റത്ത് പാവം രോഗികളും അവരുടെ വീട്ടുകാരും. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വന്‍തോതില്‍ വളര്‍ന്നതായി പറയുമ്പോള്‍ 12 ശതമാനം ഗ്രാമീണര്‍ മാത്രമാണ് അതില്‍പ്പെടുന്നത്.
പൊതു ആരോഗ്യസംവിധാനം ഇന്ത്യയില്‍ തകര്‍ന്നതല്ല, സ്വകാര്യക്കാരെ സഹായിക്കാന്‍ തകര്‍ത്തതാണ്. സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളുടെതന്നെ തകര്‍ച്ചവന്നത് ഉദാരീകരണത്തോടെയാണ്. അതോടെ വന്‍ കോര്‍പ്പറേറ്റുകള്‍ ഹെല്‍ത്ത് ഇന്‍ഡസ്ട്രീയിലെത്തി. അവര്‍ക്ക് യാതൊരു എത്തിക്‌സും ബാധകമല്ല. പൊതുനിയന്ത്രണങ്ങള്‍ അവര്‍ക്കുമേല്‍ ഇല്ലതാനും. മാധ്യമരംഗം ഇവര്‍ക്കനുകൂലമാവുന്നത് കൂറ്റന്‍ ആശുപത്രി പരസ്യങ്ങളില്‍ നിന്ന് കിട്ടുന്ന റവന്യൂ കണ്ടിട്ടാണ്. പല വന്‍ ആശുപത്രികളിലും നടക്കുന്ന അശ്രദ്ധ കൊണ്ടുണ്ടാവുന്ന മരണങ്ങള്‍പോലും മാധ്യമങ്ങള്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്.
ഈ മേഖലയില്‍ സ്വകാര്യ മൂലധനം തീര്‍ത്തും നിഷേധിക്കാനാവില്ല. സ്‌പെഷ്യാലിറ്റി ചികിത്സകള്‍ക്കുമാത്രം പണം മുടക്കാന്‍ സര്‍ക്കാരിനാവില്ല. എന്നാല്‍ സ്വകാര്യ ചികിത്സാവ്യവസായത്തിനു സമാന്തരമായി ഭേദപ്പെട്ട പൊതു ഹെല്‍ത്ത് കെയര്‍ വേണം. പ്രൈവറ്റ് സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ക്കുമേല്‍ കര്‍ശനമായ മോണിറ്ററിങും രോഗികളെ സഹായിക്കുന്ന ചെലവ് നിയന്ത്രണങ്ങളും വേണം. ചികിത്സാ ചെലവെന്നപേരില്‍ കൊള്ളയടിക്കുന്നതും അശ്രദ്ധമായി ചികിത്സിക്കുന്നതും ശിക്ഷാര്‍ഹമാക്കുകയും വേണം. അവരെ കയറൂരിവിട്ടുകൂട. ബാധിക്കപ്പെടുന്നത് പൊതുജനത്തിന്റെ ആരോഗ്യമാണ്. ലാഭത്തോടൊപ്പം ചില സാമൂഹിക ഉത്തരവാദിത്തങ്ങളുമുണ്ട്.
പൊതു ആരോഗ്യലക്ഷ്യങ്ങളുമായി, സ്വകാര്യ ആരോഗ്യവ്യവസായത്തെ ബന്ധിപ്പിക്കണം. സ്വകാര്യ ആശുപത്രികളുടെ ഗവേണിങ് ബോഡികളില്‍ ഒരു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ജനപ്രതിനിധിയും വേണം. ഇന്നത്തെ സ്ഥിതി ദയനീയമാണ്. പണമില്ലെങ്കില്‍ മരിക്കുക എന്ന അവസ്ഥ വരരുത്. സാധാരണ രോഗങ്ങള്‍ക്ക് വന്‍ ചികിത്സാചെലവെന്ന നിലയും വരരുത്. രോഗം മാറ്റാനാണ് ചികിത്സ. ആ രോഗാവസ്ഥയുടെ ദൂതനാവണം ഭിഷഗ്വരന്‍.
ഒരു നാടകത്തിലൊരു വാചകമുണ്ട് ”ഡോക്ടര്‍ നിങ്ങളാണ് രോഗം” എന്തൊരു വചനം.

Related News