Tuesday
19 Feb 2019

ഇന്‍ഷുറന്‍സ് മാത്രം പോരാ ചികിത്സാ സൗകര്യമാണ് വേണ്ടത്

By: Web Desk | Monday 24 September 2018 9:58 PM IST

ലോകത്തേക്ക് തന്നെ ഏറ്റവും വിപുലമായതെന്ന് അവകാശപ്പെട്ടുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുകയാണ്. ആയുഷ്മാന്‍ ഭാരത് – ദേശീയ ആരോഗ്യ സുരക്ഷാ മിഷന്‍ (എബി-എന്‍എച്ച്പിഎം) എന്ന് പേരിട്ടിരിക്കുന്ന ഇന്‍ഷുന്‍സ് പദ്ധതി 10 കോടി കുടുംബങ്ങളിലെ 50 കോടി ആളുകള്‍ക്ക് ഗുണകരമാകുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഒരു കുടുംബത്തിന് വര്‍ഷം അഞ്ചു ലക്ഷം രൂപവരെ ചികിത്സാസഹായമായി ലഭിക്കുന്നതാണ് പദ്ധതി. 2018 ലെ ദേശീയ ആരോഗ്യ സൂചിക അനുസരിച്ച് 43 കോടി പേരാണ് 2016-17 ല്‍ വിവിധ തരത്തിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേര്‍ന്നിട്ടുള്ളത്. ജനസംഖ്യയുടെ 34 ശതമാനമാണിത്. അവശേഷിക്കുന്ന 64 ലക്ഷത്തെ ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവന്ന് ആരോഗ്യ പരിപാലനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ ഇപ്പോഴത്തെ പദ്ധതി അവതരിപ്പിച്ചുകൊണ്ട് വ്യക്തമാക്കുന്നത്. ഒരു കുടുംബത്തിന് 1100 ഓളം രൂപയാണ് പ്രീമിയം തുകയായി നിതി ആയോഗ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് പരിമിതമാണെന്നും വര്‍ധിപ്പിക്കണമെന്നുമുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ ആവശ്യം നിലനില്‍ക്കേയാണ് പദ്ധതി ആരംഭിച്ച പ്രഖ്യാപനം വന്നിരിക്കുന്നത്. ആയിരം രൂപയെന്ന കണക്ക് അംഗീകരിച്ചാല്‍ പോലും ഇതിന്റെ പ്രധാന നേട്ടം കൊയ്യാന്‍ പോകുന്നത് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും സ്വകാര്യ ആശുപത്രികളുമായിരിക്കുമെന്നതില്‍ സംശയമില്ല. 11,000 കോടിയിലധികം രൂപ ഓരോ വര്‍ഷവും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും ലഭിക്കും. ഇത്തരത്തിലൊരു ഇന്‍ഷുറന്‍സ് പദ്ധതിക്കായി ഇത്രയും ഭീമമായ തുക കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ നീക്കിവയ്‌ക്കേണ്ടിവരുമ്പോള്‍ അതിന്റെ നേട്ടം സാധാരണക്കാര്‍ക്ക് എത്രത്തോളം ലഭിക്കുമെന്നത് കണ്ടറിയേണ്ട കാര്യമാണ്.
വിവിധ പേരുകളിലുള്ള എത്രയോ ആരോഗ്യ സുരക്ഷാ പദ്ധതികള്‍ നമ്മുടെ രാജ്യത്ത് പല സര്‍ക്കാരുകളും പ്രഖ്യാപിച്ചിട്ടുണ്ട്. അവയുടെ ഫലപ്രാപ്തി എത്രയായിരുന്നുവെന്ന് സമീപകാലത്തുവന്ന ആഗോള-ദേശീയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. ചികിത്സിക്കുന്നതിന് ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കുകയല്ല മതിയായ സൗകര്യങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അടുത്തകാലത്ത് പുറത്തുവന്ന ഒരു കണക്ക് ഇക്കാര്യമാണ് അടിവരയിടുന്നത്. ഭേദമാക്കാവുന്ന രോഗം ബാധിക്കുന്ന 24 ലക്ഷം പേര്‍ ഓരോ വര്‍ഷവും മോശമായ പരിചരണവും മതിയായ ചികിത്സാ സൗകര്യത്തിന്റെ അഭാവവും മൂലം ഇന്ത്യയില്‍ മരിക്കുന്നുവെന്നായിരുന്നു ഒരുമാസം മുമ്പ് പുറത്തുവന്ന പ്രസ്തുത റിപ്പോര്‍ട്ടില്‍ പറയുന്നത്. പോഷകാഹാരക്കുറവ് മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ നേരിയ മാറ്റമുണ്ടാക്കാനായെങ്കിലും അത് ബംഗ്ലാദേശിനെയും നേപ്പാളിനെയും അപേക്ഷിച്ച് പിറകിലാണെന്ന വസ്തുതയുമുണ്ട്. ജനിക്കുന്ന ആയിരം കുട്ടികളില്‍ 39 പേര്‍ അഞ്ചുവയസെത്തുന്നതിന് മുമ്പ് മരിക്കുന്നുവെന്ന ആഗോള ശരാശരിയിലാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യ. 2012 ല്‍ ഇത് 56 ആയിരുന്നു. അതേസമയം ബംഗ്ലാദേശില്‍ ഇത് യഥാക്രമം 32, 41, നേപ്പാളില്‍ 34, 42 എന്നീ ക്രമത്തിലാണ്. ശ്രീലങ്കയിലാകട്ടെ 2012 ല്‍ ആയിരം കുട്ടികളില്‍ 10 പേര്‍ മരിച്ചിരുന്നത് 2017 ല്‍ ഒമ്പത് ആക്കുന്നതിന് സാധിച്ചിട്ടുമുണ്ട്.

ഇപ്പോഴും അമിതവണ്ണവും വളര്‍ച്ച മുരടിപ്പും നേരിടുന്ന കുട്ടികളുടെ എണ്ണത്തിലോ പ്രസവത്തിന് ആശുപത്രികളെ ആശ്രയിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലോ വലിയ മാറ്റമുണ്ടാക്കുവാന്‍ നമുക്ക് സാധിച്ചിട്ടില്ലെന്നതും ചികിത്സാരംഗത്തെ പോരായ്മ തന്നെയാണ് വ്യക്തമാക്കുന്നത്.
ഏത് റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാലും ചികിത്സാ സൗകര്യത്തിന്റെ അഭാവവും ശോചനീയാവസ്ഥയുമാണ് ഇന്ത്യന്‍ ആരോഗ്യ മേഖലയുടെ പരിമിതിയായി കാണാനാവുക. പ്രാഥമികാശുപത്രികള്‍ പോലുമില്ലാത്ത ആയിരത്തിലധികം വില്ലേജുകള്‍ ഇന്ത്യയിലുണ്ട്. പതിനായിരത്തിലധികം വ്യക്തികള്‍ക്ക് ഒരു അലോപ്പതി ഡോക്ടര്‍, 2,046 പേര്‍ക്ക് ഒരാശുപത്രി കിടക്ക, 90,343 പേര്‍ക്ക് ഒരു സര്‍ക്കാര്‍ ആശുപത്രിയെന്നാണ് കണക്ക്. രാജ്യത്താകെയുള്ളത് കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 10,23,000ത്തോളം അലോപ്പതി ഡോക്ടര്‍മാരാണ്. ദന്ത ഡോക്ടര്‍മാര്‍ 1,97,700, ആയുഷ് ഡോക്ടര്‍മാര്‍ 7,71,468 എന്നിങ്ങനെയാണ് കണക്ക്. ചികിത്സാരംഗത്ത് നിലനില്‍ക്കുന്ന ഈ പരിമിതികള്‍ പരിഹരിച്ചാലല്ലാതെ കോടിക്കണക്കിന് രൂപ ഓരോ വര്‍ഷവും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കിയതുകൊണ്ടു മാത്രം ആരോഗ്യരംഗത്ത് മുന്നേറുവാന്‍ നമുക്ക് സാധ്യമാകില്ല.

ഭീമമായ തുക ഇത്തരം ഇടനിലക്കാര്‍ക്ക് നല്‍കി രാജ്യത്തിന്റെ സമ്പത്ത് ചോര്‍ത്തുന്നതിന് പകരം പ്രസ്തുത തുക ഫലപ്രദമായി വിനിയോഗിച്ച് നമ്മുടെ ആരോഗ്യ പരിപാലന രംഗം മെച്ചപ്പെടുത്തുകയും ചികിത്സാലയങ്ങള്‍ സ്ഥാപിക്കുകയുമാണ് ചെയ്യേണ്ടത്. കേരളം ഇക്കാര്യത്തില്‍ സ്വന്തവും വേറിട്ടതുമായ ഒരിടം നേടിയ സംസ്ഥാനമാണ്. ആരോഗ്യരംഗത്തിന്റെ വികേന്ദ്രീകൃത സ്വഭാവവും ജനകീയാരോഗ്യ പരിപാലന സംവിധാനവും വഴി എല്ലാ മേഖലയിലും ലോകനിലവാരത്തിലെത്താന്‍ സാധിച്ചത് ഇന്‍ഷുറന്‍സ് സംവിധാനം കൊണ്ടായിരുന്നില്ല. അത് ഒരു ഘടകം മാത്രമായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ അടിസ്ഥാനപരമായ കടമകളിലൊന്നാണ് പൗരന്റെ ആരോഗ്യപരിപാലനമെന്ന മനോഭാവം സര്‍ക്കാരുകള്‍ക്ക് കൈവരിക്കാനാകണം. അതല്ലാതെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ലാഭമുണ്ടാക്കുവാനും സ്വകാര്യ ആശുപത്രികള്‍ക്ക് നേട്ടമുണ്ടാക്കുവാനും മാത്രം ഉപകരിക്കുന്ന പുതിയ ഇന്‍ഷുറന്‍സ് പദ്ധതികള്‍ കൊണ്ട് പൗരന്റെ ആരോഗ്യപരിപാലനം ഉറപ്പുവരുത്താനാകില്ല.