ഭൂമി കയ്യേറ്റത്തിനെതിരെ വൃക്ഷ അടിയന്തിരം നടത്തി പ്രതിഷേധം

Web Desk
Posted on November 07, 2019, 8:33 pm

ഭൂമി കയ്യേറ്റത്തിനെതിരെ എടത്തലയിൽ നടന്ന വൃക്ഷ അടിയന്തിരവും ധർണ്ണയും വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ ബിനു ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: ഭൂമി കയ്യേറ്റത്തിനെതിരെ വൃക്ഷ അടിയന്തിരവും ധർണയും നടത്തി പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധം. എടത്തല പഞ്ചായത്തിൽ കീഴ്മാട് വില്ലേജിലെ എം ഇ എസ് കവലയിലെ പി ഡബ്ലൂ ഡി റോഡിന് സമീപമാണ് പതിനേഴര സെന്റ് സർക്കാർ ഭൂമി കയ്യേറി മരങ്ങൾ മുറിച്ചുമാറ്റി പൊതുകിണർ നികത്തി കെട്ടിടസമുച്ചയം നിർമ്മിക്കാനുള്ള നീക്കമെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ ബിനു ഉദ്ഘാടനം ചെയ്തു.

സർക്കാർ ഭൂമി സംരക്ഷിക്കാനും മൂടിയ പൊതുകിണർ പുനഃസ്ഥാപിക്കാനും അധികൃതർ നടപടി കൈക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു. കയ്യേറ്റത്തിനെതിരായി രംഗത്തുവരുന്നവർക്കെതിരെ പൊലീസ് കേസും, കോടതി വിലക്കും വാങ്ങി മാഫിയകൾ രക്ഷപെടാമെന്നു കരുതരുതെന്നും നിയമ ലംഘനത്തിനെതിരെ മരട് ആവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള നദി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പ്രഫ സീതാരാമൻ അധ്യക്ഷത വഹിച്ചു. പ്രഫ ഗോപാലകൃഷ്ണമൂർത്തി, ടി വി രാജൻ, ഏലൂർ ഗോപിനാഥ്, ടി എൻ പ്രതാപൻ, റെജി പ്രകാശ്, ടി കെ യൂസഫ്, കെ കെ അലിയാർ, രാജു ഭാസകരൻ, സെയ്ത് മുഹമ്മദ്. സുനിൽകുമാർ, യു എ മായിൻകുട്ടി, ബീരാൻകുഞ്ഞ്, ടി നാരായണൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ആക്ഷൻ കൗൺസിൽ രൂപീകരണവും നടന്നു.