14 October 2024, Monday
KSFE Galaxy Chits Banner 2

Related news

October 12, 2024
October 11, 2024
October 7, 2024
September 30, 2024
September 22, 2024
September 19, 2024
September 18, 2024
September 17, 2024
September 17, 2024
August 31, 2024

ഇന്ത്യൻ ആസൂത്രണ വികസനത്തിന്റെ ഗതിവിഗതികൾ

പ്രൊഫ.ഡോ. കെ ആര്‍ രാധാകൃഷ്ണപിള്ള
April 5, 2022 6:51 am

സൂത്രണം എന്ന ആശയം ഇന്ത്യയിൽ ആദ്യം അവതരിപ്പിച്ചത് സർ. എം വിശ്വേശ്വരയ്യ എന്ന പ്രശസ്തനായ എൻജിനീയർ സ്റ്റേറ്റ്സ്മാൻ ആയിരുന്നു. എന്നാൽ 1938ൽ ജവഹർലാൽ നെഹ്രുവിന്റെ പദ്ധതി പ്രാവർത്തികമായില്ല.

1944ൽ ടാറ്റയുടെയും ബിർളയുടെയും നേതൃത്വത്തിൽ ഉണ്ടായ ബോംബെ പ്ലാൻ, നാരായണന്റെ ഗാന്ധിയൻ പ്ലാൻ, എം എൻ റോയിയുടെ ജനകീയ പദ്ധതി, ജയപ്രകാശ് നാരായണന്റെ സർവോദയ പദ്ധതി. ഇതിന്റെയൊക്കെ ആകെ തുകയായി 1950 മാർച്ച് 15ാം തീയതി ഒരു ക്യാബിനറ്റ് തീരുമാനം വഴി ആസൂത്രണ കമ്മിഷൻ രൂപീകൃതമായി. 1952ൽ മറ്റൊരു ക്യാബിനറ്റ് തീരുമാനം വഴി ദേശീയ വികസന കൗൺസിലും നിലവിൽ വന്നു. 2014 ഓഗസ്റ്റ് മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി പഴയ ആസൂത്രണ സമിതി പിരിച്ചുവിട്ട് നിതി ആയോഗ് എന്ന ഒരു പുതിയ സംവിധാനമുണ്ടാക്കി. നിതി ആയോഗ് ഇന്ത്യയെ പരിവർത്തനത്തിലേക്ക് നയിക്കുന്ന ഒരു മഹാ സംരംഭമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇതിന്റെ പരമപ്രധാന ലക്ഷ്യം സമ്പദ്ഘടനയിൽ ഘടനാപരമായ മാറ്റം വരുത്തും എന്നതാണ്.

1980കളിൽ രാജീവ് ഗാന്ധിയാണ് വികസന തന്ത്രം മാറ്റിയത്. ആഗോള വല്ക്കരണത്തിന്റെ പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചു. രൂക്ഷമായ വ്യാപാര കമ്മി, കടബാധ്യത എന്നിവ റോക്കറ്റ് വേഗതയിൽ വർധിച്ച കാലഘട്ടമായിരുന്നു അത്. ഇന്ത്യക്ക് എക്കാലവും സൗഹൃദ ഹസ്തം നീട്ടിയ സോവിയറ്റ് യൂണിയന്റെ തകർച്ച ഇന്ത്യയെയും പ്രതികൂലം ആയി ബാധിച്ചു.

 


ഇതുകൂടി വായിക്കൂ: രാജ്യനിര്‍മ്മാണത്തിനു പകരം സ്വകാര്യവല്‍ക്കരണം


 

ഇന്ത്യ പടുത്തുയർത്തിയ പൊതുമേഖലാ സ്ഥാപനങ്ങൾ ഭൂരിപക്ഷവും നഷ്ടത്തിലായി. ഇത് ഇന്ത്യയിൽ മാത്രമല്ല. ആഗോള തലത്തിൽ തന്നെ ഈ തകർച്ച വലിയ വെല്ലുവിളി ഉയർത്തി. സോവിയറ്റ് യൂണിയന്റെ തകർച്ച സാമ്രാജ്യത്വ ശക്തികൾക്ക് കൂടുതല്‍ അവസരം നൽകി. തകർന്ന രാഷ്ട്രങ്ങൾക്ക് സഹായം നൽകാൻ അവര്‍ തീരുമാനിച്ചു. അതിനായി അവര്‍ ചില ഉ­പാധികൾ മുന്നോട്ടുവച്ചു. ആ ഉപാധികളാണ് ആഗോളവല്ക്കരണം, ഉദാരവല്ക്കരണം, സ്വകാര്യവല്ക്കര­ണം, കമ്പോള വല്ക്കരണം. ഗത്യന്തരമില്ലാതെ ഭൂരിപക്ഷം രാഷ്ട്രങ്ങളും ഈ കെണിയിൽ ആയി, ഇന്ത്യയടക്കം.

മുൻകാലങ്ങളിൽ സാമ്പത്തിക തകർച്ച നേരിടുന്ന രാഷ്ട്രങ്ങൾക്ക് സഹായ ഹസ്തവുമായി സോവിയറ്റ് യൂണിയൻ ഉണ്ടായിരുന്നു. അതുകൊണ്ടാണ് രാഷ്ട്രങ്ങളുടെ തകർച്ചയെ സാമ്രാജ്യ ശക്തികള്‍ ആയുധമാക്കിയത്. ആഗോളവല്ക്കരണത്തിന് പിന്നിൽ മറ്റ് ചില വസ്തുതകൾ കൂടി ഉണ്ടായിരുന്നു. ഉല്പാദന ചെലവ് ഗണ്യമായി ഉയർന്നതോടെ ലോക മുതലാളിത്ത രാഷ്ട്രങ്ങളുടെ ലാഭവിഹിതം കുറഞ്ഞു. വേതന നിരക്കിൽ സംജാതമായ വൻ വർധനവും കാരണമായി. ഇന്നൊവേഷനു വേണ്ടിയുള്ള മത്സരത്തിൽ വീണ്ടും ലാഭവീതം കുറയാൻ തുടങ്ങി. താരതമ്യേന ഉല്പാദന ചെലവ് കുറവുളള ഇന്ത്യയെ പോലെയുളള ഏഷ്യൻ രാജ്യങ്ങളിൽ വൻ ശക്തികൾ നിക്ഷേപം ആരംഭിച്ചു. 1978ൽ ചൈന ആഗോളവല്ക്കരണം പ്രഖ്യാപിച്ചതോടെ ഡങ്ങിന്റെ നേതൃത്വത്തില്‍ മിക്ക ഏഷ്യൻ രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും ഇതിന്റെ ഇരകൾ ആയി മാറി. റീഗൻ‑താർച്ചർ അച്ചുതണ്ട് അതിന്റെ മറ്റൊരു വശമാണ്.

ഉദാരവല്ക്കരണത്തിന് ശേഷമുള്ള ഇന്ത്യൻ സമ്പദ്ഘടന 1991നു ശേഷം ഉളള കമ്പോള സൗഹൃദ മത്സരം ഒരു അനുകൂല സാമ്പത്തിക കാലാവസ്ഥയ്ക്ക് വഴിതെളിച്ചു. 2003–2004 മുതൽ 2007–2008 വരെ ആഭ്യന്തര ഉല്പാദനത്തിന്റെ വളർച്ച നിരക്ക് 7.4 മുതൽ 9.4 ശതമാനം വരെ എത്തി. ചൈന കഴിഞ്ഞാൽ ലോകത്തിലെ തന്നെ രണ്ടാമത്തെ വളർച്ച നിരക്കുളള രാജ്യമായി (1997 മുതൽ 2002 വരെ). ഇന്ത്യൻ ഉല്പന്നങ്ങളുടെ വിദേശ ഡിമാന്റ് ഗണ്യമായി ഉയർന്നു. ഇന്ത്യൻ സമ്പദ്ഘടന ആഗോള സമ്പദ്ഘടനയുമായി സംയോജിപ്പിച്ചതും കാരണമായി.

 


ഇതുകൂടി വായിക്കൂ: അനീതി മാത്രം വിളയാടുന്ന നിതി ആയോഗ്


 

എന്നാൽ 2022–23 ബജറ്റിൽ നിർമ്മലാ സീതാരാമൻ പറഞ്ഞത് ഈ വർഷം വളർച്ചാ നിരക്ക് 9.2 ശതമാനമായി ഉയർത്തുമെന്നാണ്. 2007–08ൽ വളർച്ച നിരക്ക് 9.4ൽ എത്തി എന്നതിന്റെ കാരണം പരിശോധിക്കണം. വാദത്തിനു വേണ്ടി വാജ്പേയ് സർക്കാരിന്റെ കാലത്തും വളർച്ചാനിരക്ക് ഉയർന്നു എന്ന് പറഞ്ഞാലും അതിന്റെ അടിത്തറ ഇട്ടത് മന്‍മോഹന്‍സിങ്ങിന്റെ കാലത്തായിരുന്നു. ഐടി രംഗത്തെ നാടകീയമായ വളർച്ച ഇതിനു നിദാനമായി. 1990ൽ നിത്യനിദാനച്ചെലവിന് പൈസ ഇല്ലാതിരുന്ന ഇന്ത്യ ലണ്ടനിൽ സ്വർണം പണയം വച്ച കാര്യം ആരും മറക്കരുത്.

ധനകാര്യ മന്ത്രി കഴിഞ്ഞ ബജറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത് 2014ന് ശേഷം ദുർബല വിഭാഗത്തിന്റെ ഉന്നമനത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന്. മധ്യവർഗത്തിന്റെ വികസനത്തിനും ഊന്നൽ നൽകുന്നു എന്നു പറയുന്നു. ഇവിടെ ഒരു സംശയം. പഴയ കാലത്ത് വിവിധ പഞ്ചവത്സര പദ്ധതികളുടെ, പ്രത്യേകിച്ച് ഒമ്പതാം പദ്ധതിയുടെ ലക്ഷ്യം, സാമൂഹ്യ നീതി ഉറപ്പാക്കുമെന്നായിരുന്നു. എന്നാൽ ഈ പ്രഖ്യാപനം കടലാസിൽ ഒതുങ്ങി. 10ാം പദ്ധതി മുഴുവൻ ജനങ്ങളിലും വളർച്ചയുടെ വിഹിതം എത്തിക്കും എന്നതും പരസ്യ പ്രഖ്യാപനത്തിൽ അവസാനിച്ചു. 12-ാം പദ്ധതിയും മുഴുവൻ ജനതയിലും വളർച്ചയുടെ ഗുണഫലം എത്തിക്കുമെന്ന് നയപ്രഖ്യാപനം. അവിടെയും ഒന്നും സംഭവിച്ചില്ല. എന്നാൽ വരേണ്യവർഗത്തിന്റെ താല്പര്യങ്ങൾ സംരക്ഷിച്ചു. 2022–23ലെ ആകെ ചെലവ് 39.45 ലക്ഷം കോടി, റവന്യു വരുമാനം 22.84 ലക്ഷം കോടിയും ധനകമ്മി 6.9 ശതമാനവും.

കാർഷിക മേഖല 2021–22ൽ ധാന്യശേഖരണം. അതായത് ഗോതമ്പിന്റേയും നെല്ലിന്റേയും 1208 ലക്ഷം ടൺ ഗോതമ്പും 163 ലക്ഷം കർഷകരിൽ നിന്ന് സംഭരിച്ചു. കൃഷി, വനം മത്സ്യ ബന്ധനം തുടങ്ങിയ മേഖലകളിലെ വളർച്ചാ നിരക്ക് 2012–13ൽ 1.1ശതമാനം. അടുത്ത വർഷം ഈ വളർച്ചാ നിരക്ക് 3.7 ശതമാനമായി ഉയർന്നു. എന്നാൽ 2014–15ൽ ഈ വളർച്ചാ നിരക്ക് വീണ്ടും 1.1 ശതമാനമായി കുറഞ്ഞു. പയറുവർഗങ്ങളുടെയും എണ്ണക്കുരുക്കളുടേയും വളർച്ചാനിരക്ക് 3.4 ശതമാനമായും, 9.6 ശതമാനമായും 2014–15ൽ കമ്മി നേരിട്ടു. ദാരിദ്ര്യ രേഖയെപ്പറ്റി വ്യക്തമായ ഒരു കണക്കും ലഭ്യമല്ല എന്നതാണ്. കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്തും ഇതിനെപ്പറ്റി യാതൊരു വ്യക്തതയും ഇല്ലായിരുന്നു. വിവിധ ഏജൻസികൾ പല കണക്കുകൾ വൈവിധ്യമാർന്ന തലത്തിൽ കണ്ടെത്തിയിരുന്നു. ഇവിടെ ഉയർന്നു വരുന്ന ഒരു ചോദ്യം എന്തുകൊണ്ട് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ ആനുകൂല്യങ്ങൾ എവിടെ, എങ്ങനെ, എത്തുന്നു എന്നതിന്റെ വ്യക്തമായ ചിത്രം ഗവൺമെന്റുകൾക്കും ഇല്ല. ഇതിന്റെ അടിസ്ഥാന പ്രശ്നം ബ്യൂറോക്രാറ്റുകളാൽ നിയന്ത്രിക്കുന്ന സിവിൽ സർവീസ്, അത് പതിവിൻ പടി തുടരുന്നു. ഇന്ത്യൻ സാമ്പത്തിക രംഗം ന്യൂനപക്ഷം വരുന്ന വരേണ്യവർഗത്തിലേക്ക് നീങ്ങി. സാധാരണക്കാരൻ നിരവധി നികുതിഭരണത്താലും പണപ്പെരുപ്പത്തിന്റെ പിടിയിലും അമരുന്നു.

പഴയ ആസൂത്രണ സമിതി നില നിന്നപ്പോൾ ദേശീയ വികസന സമിതിയിൽ സംസ്ഥാന മുഖ്യമന്ത്രിമാർക്ക് അതാത് സ്റ്റേറ്റുകളുടെ പ്രശ്നങ്ങൾ വിശദമായി അവതരിപ്പിക്കാനും അത് ചർച്ച ചെയ്യുവാനും കഴിയുമായിരുന്നു. എന്നാൽ എന്താ ഇപ്പോഴത്തെ അവസ്ഥ? സംസ്ഥാനങ്ങളിൽ നിന്ന് മുമ്പ് ഉണ്ടായിരുന്ന ആസൂത്രണ സമിതി ഓഫീസുകൾ നിർത്തലാക്കുകയും ചെയ്തു. പകരം സ്റ്റേറ്റിന്റെ വിശദമായ ചിത്രം ഡൽഹിയിൽ ഇരുന്ന് നിതി ആയോഗിന്റെ ഉദ്യോഗസ്ഥര്‍ നിർവഹിക്കും. എന്ത് വിരോധാഭാസം?

 


ഇതുകൂടി വായിക്കൂ: വിത്തെടുത്തു കുത്തി എത്ര നാൾ ഉണ്ണാനാവും


 

നിതി ആയോഗ് വൻകിട കോർപറേറ്റുകളുടെ പങ്കിനെ അഭിനന്ദിക്കുന്നു. എൻജിനീയറിങ്, ഔഷധ നിർമ്മാണം, സോഫ്റ്റ്‌വേർ തുടങ്ങിയ മേഖലകളിൽ ഇന്ത്യ വൻ മുന്നേറ്റം നടത്തുന്നു എന്നാണ് അവകാശവാദം. എന്നാൽ ഔഷധ നിർമ്മാണത്തിനുള്ള അടിസ്ഥാന ഔഷധങ്ങൾ ഇന്ത്യ ഇപ്പോഴും വിദേശ രാഷ്ട്രങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നു. യന്ത്രസാമഗ്രികളും ഇറക്കുമതി ചെയ്യുന്നു. ലെതർ ഉല്പന്നങ്ങളുടെ കാര്യത്തിൽ നാം പിന്നിലാണ്. ഇലക്ട്രോണിക്സ് മേഖലയിലും ഇന്ത്യ പിന്നിൽ.

മോഡി സർക്കാർ നിരവധി ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കിയെന്ന് അവകാശപ്പെടുന്നു. എന്നാൽ ഈ ക്ഷേമ പദ്ധതികൾ ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് വളർന്ന് വികസിച്ചതാണ്. ഈ കാലഘട്ടത്തിലാണ് അർജ്ജുൻ സെൻ ഗുപ്ത അധ്യക്ഷനായി അസംഘടിത മേഖലയെപ്പറ്റി പഠനം നടത്തിയത്. എന്നാൽ മോഡി സർക്കാർ ആ റിപ്പോർട്ടിനുമേൽ ഒരു നടപടിയും സ്വീകരിച്ചില്ല.

ലോകത്തിലെ ഏറ്റവും മുന്തിയ മനുഷ്യ മൂലധനം, അസമത്വം അതിരൂക്ഷം, വരുമാന കേന്ദ്രീകരണം എല്ലാം ഇന്ത്യയിലെ ന്യൂനപക്ഷത്തിന്റെ കരങ്ങളിലാണ്. ഇന്ത്യയിൽ വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമപ്രവർത്തനങ്ങൾ, ഇതിലെല്ലാം സർക്കാർ ഇടപെടൽ അനിവാര്യമാണ്. അസമത്വം വ്യാപകമാകുകയും ദാരിദ്ര്യം മഹാവിപത്തായി മാറുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഒരു ഘടനാപരമായ മാറ്റം എങ്ങനെ സാധിക്കും. അതുവഴി സമൂഹം എത്രമാത്രം മുന്നോട്ട് കൊണ്ടുപോകാൻ കഴിയും എന്നത് ഗവൺമെന്റിന് ഒരു ചോദ്യ ചിഹ്നമാണ്.

TOP NEWS

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.