Web Desk

തിരുവനന്തപുരം

December 05, 2020, 9:32 pm

ഇരട്ട കൊലപാതക കേസിലെ പ്രതിയുടെ വിചാരണ തിങ്കളാഴ്ച തുടങ്ങും

Janayugom Online

ലൈംഗികവേഴ്ചയ്ക്ക് ശ്രമിച്ചതിനെ എതിർത്തതിലുള്ള വിരോധത്തിൽ വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ വിചാരണ തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി മുമ്പാകെ തിങ്കളാഴ്ച തുടങ്ങും. കടയ്ക്കാവൂർ കീഴാറ്റിങ്ങൽ കുടവൂർക്കോണം കൊടിയ്ക്കകത്ത് വീട്ടിൽ ചെല്ലമ്മ മകൾ ശാരദയെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയതാണ് കേസ്. കടയ്ക്കാവൂർ കീഴാറ്റിങ്ങൾ വില്ലേജിൽ പനയിൽകോണം പുല്ലുവിള അപ്പുപ്പൻനട ക്ഷേത്രത്തിന് സമീപം ചരുവിള പുത്തൻവീട്ടിൽ നീലകണ്ഠൻ മകൻ മണികണ്ഠനാണ്(35) പ്രതി.
2016 ൽ കേസിനാസ്പദമായ സംഭവത്തിന് മൂന്ന് ദിവസം മുമ്പ് ആലംകോട് പൂവൻപാറ കൊച്ചുവീട്ടിൽ സദാശിവൻ മകൻ മനുവിനെ കുത്തി കൊലപ്പെടുത്തിയ കേസിലും മണികണ്ഠൻ പ്രതിയാണ്. ഈ കേസിന്റെ വിചാരണ തുടങ്ങിയിട്ടില്ല. പ്രതി മണികണ്ഠന് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുർന്ന് ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ദൃക്‌സാക്ഷികൾ ഇല്ലാത്ത ശാരദ കൊലക്കേസിൽ സാഹചര്യ തെളിവുകളും, ശാസ്ത്രീയമായ തെളിവുകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. 47 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിക്കും. 24 രേഖകളും 20 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദ്ദീൻ കോടതിയിൽ ഹാജരാകും. കടയ്ക്കാവൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി സർക്കിൾ ഇന്‍സ്പെക്ടർ ജി ബി മുകേഷാണ് കോടതിയിൽ കുറ്റപത്രം ഹാജരാക്കിയത്.

You may like this video also