വയനാട്ടിൽ പതിനൊന്നു വയസ്സുള്ള ആദിവാസി ബാലികയെ മദ്യം നൽകി പീഡിപ്പിച്ചു

Web Desk
Posted on November 28, 2019, 8:49 pm

കൊച്ചി: വയനാട്ടിൽ പതിനൊന്നു വയസ്സുള്ള ആദിവാസി ബാലികയെ മദ്യം നൽകി പീഡിപ്പിച്ചെന്ന കേസിൽ അച്ഛന് എതിരെ പോക്സോ കേസ് ചുമത്തി. മോശം പെരുമാറ്റത്തിനും ഭീഷണിപ്പെടുത്തിയതിനുമെതിരെയാണ് അച്ഛന് എതിരെ പോക്സോ വകുപ്പും ബാലനീതി വകുപ്പുകളും ചുമത്തിയിരിക്കുന്നത്. പ്രദേശത്തെ ഓട്ടോ ഡ്രൈവർക്ക് എതിരെയും പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

ഓട്ടോ ഡ്രൈവർ അപമര്യാദയായി പെരുമാറിയെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. നിലവിൽ കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകരുടെ സംരക്ഷണയിലാണ്.

ചൈൽഡ് ലൈൻ പ്രവർത്തകർക്കു ലഭിച്ച ഫോൺ കോളിൽനിന്നാണ് വിവരം പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ ചൈൽഡ് ലൈൻ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. രണ്ടു വർഷം മുമ്ബ് ഇതേ കുട്ടിയുടെ സാഹചര്യം മോശമാണെന്ന് സ്കൂളിൽനിന്ന് ബാലക്ഷേമ സമിതിയെ അറിയിച്ചിരുന്നെന്ന് റിപ്പോർട്ടുകളുണ്ട്. കുട്ടിയെ മാറ്റി താമസിപ്പിക്കണമെന്ന് അന്നു നിർദേശം വന്നെങ്കിലും ബാലക്ഷേമ സമിതി വീണ്ടും വീട്ടിലേക്കു തന്നെ അയയ്ക്കുകയായിരുന്നു.