Saturday
14 Dec 2019

ബധിരനും മൂകനുമായ യുവാവിനെ കാട്ടാനകള്‍ കൊലപ്പെടുത്തി

By: Web Desk | Sunday 12 May 2019 8:38 PM IST


രാജാക്കാട്: ചിന്നക്കനാല്‍ മുന്നൂറ്റിയൊന്ന് ആദിവാസിക്കുടിയില്‍ കൃഷിയിടത്തില്‍ പണികള്‍ ചെയ്യുകയായിരുന്ന കേഴ്‌വിശക്തിയും സംസാര ശേഷിയും ഇല്ലാത്ത യുവാവിനെ കാട്ടാനകള്‍ കൊലപ്പെടുത്തി. കുടിയിലെ താമസക്കാരനായ എസ് കൃഷ്ണന്‍ (40) ആണ് കൊമ്പനാനകളുടെ ആക്രമണത്തില്‍ മരിച്ചത്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആണ് സംഭവം. വീടിന് സമീപത്തെ കൃഷിയിടത്തില്‍ ഇഞ്ചി നട്ടുകൊണ്ടിരിക്കുകയായിരുന്നു കൃഷ്ണന്‍. മറ്റാരും ഒപ്പം ഉണ്ടായിരുന്നില്ല. നാട്ടുകാര്‍ ചക്കക്കൊമ്പന്‍ എന്നും അരിക്കൊമ്പന്‍ എന്നും വിളിക്കുന്ന അക്രമണകാരികളായ രണ്ട് കാട്ടുകൊമ്പന്മാര്‍ ഈ സമയം പിന്നിലൂടെ എത്തി കൃഷ്ണനെ ആക്രമിക്കുകയായിരുന്നു. തലയ്ക്കുള്ള ചവിട്ടും തുമ്പിക്കൈക്കുള്ള അടിയും ഏറ്റ ഇയാള്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. സംസാരശേഷിയും കേഴ്‌വിശക്തിയും ഇല്ലാത്തിനാല്‍ ആനകള്‍ എത്തുന്നത് അറിയാനോ നിലവിളിച്ച് ശബ്ദം വയ്ക്കുന്നതിനു പോലുമൊ ആയില്ല. ആനകളുടെ ചിന്നംവിളി കേട്ട് കുടിയിലെ മറ്റുള്ളവര്‍ എത്തിയപ്പോഴാണ് കൃഷ്ണന്‍ ആക്രമിക്കപ്പെട്ടത് അറിഞ്ഞത്. കൊലപ്പെടുത്തശേഷം സ്ഥലത്തുനിന്നും ആനകള്‍ മാറാതെ നിന്നതിനാല്‍ ആളുകള്‍ക്ക് യുവാവിന്റെ അടുത്തേയ്ക്ക് ചെല്ലാനായില്ല. അടുക്കാന്‍ ശ്രമിച്ചവരെ ആനകള്‍ പിന്തുടര്‍ന്ന് ഓടിക്കുകയും ചെയ്തു. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ നാലരയോടെയാണ് ആനകളെ സമീപത്തെ കാട്ടിലേക്ക് തുരത്താനായത്. അവിവാഹിതനാണ് മരിച്ച കൃഷ്ണന്‍.

you may also like this:

 

Related News