Wednesday
20 Mar 2019

ആദിവാസി ഊരുകള്‍- ഒരു നേര്‍ക്കാഴ്ച

By: Web Desk | Monday 5 March 2018 10:36 PM IST


ഡോ. അനില്‍കുമാര്‍, ചിയ്യാരം

ന്നും കേരളത്തിലെ ഉള്‍ക്കാടുകളില്‍ വസിക്കുന്ന അപൂര്‍വ്വ ആദിവാസി വിഭാഗങ്ങളിലൊന്നായ കുറുമ്പര്‍ ഊരുകളുടെ എണ്ണത്തിലും ജനസംഖ്യാടിസ്ഥാനത്തിലും അട്ടപ്പാടിയിലെ മറ്റ് രണ്ട് ആദിവാസി വിഭാഗങ്ങളേക്കാളും വളരെ കുറവാണ്. തുടുക്കി, ഗലസി, കടുകുമണ്ണ, എടവാനി, ആനവായ് എന്നീ കുറുമ്പ ഊരുകള്‍ മറ്റ് ജനവാസ കേന്ദ്രങ്ങളില്‍ നിന്നും തീര്‍ത്തും ഒറ്റപ്പെട്ട് ഉള്‍ക്കാടുകളിലാണ്.

എട്ടാം നൂറ്റാണ്ടില്‍ പല്ലവസാമ്രാജ്യത്തിന്റെ പതനത്തോടെ പലായനം ചെയ്ത് നീലഗിരി കുന്നുകളില്‍ അഭയം പ്രാപിച്ച കുറുമ്പര്‍ ചരിത്രത്തിന്റെ ഭാഗം കൂടിയാണ് (ബ്രിട്ടാണിക്ക).
കുറുമ്പരും ഇരുളരും മുഡുഗരും അടങ്ങുന്ന ആദിവാസി വിഭാഗം 1950 കളിലെ വനനിബിഡമായിരുന്ന അട്ടപ്പാടിയിലെ ജനസംഖ്യയിലെ മഹാ ഭൂരിപക്ഷമായിരുന്നുവെങ്കില്‍ തുടര്‍ന്നുണ്ടായ കുടിയേറ്റംമൂലം 1980 ആകുമ്പോഴേക്കും നൂനപക്ഷമായിമാറി. 1959ല്‍ 82% ഉണ്ടായിരുന്ന വന വിസ്തൃതി 1976 ആയപ്പോഴേക്കും വനനശീകരണത്താല്‍ 20% മായി താഴ്ന്നു. ആദിവാസികള്‍ക്ക് അവരുടെ ഭൂമി നഷ്ടപ്പെട്ടു. പ്രകൃതിക്ക് കോട്ടം വരുത്താതെ അവര്‍ നൂറ്റാണ്ടുകളോളം വിശാലമായി വിഹരിച്ച് നടന്നിടം ചുരുക്കം വര്‍ഷങ്ങള്‍ കൊണ്ട് നാശോന്മുഖമായി. അവരുടെ ഉപജീവന മാര്‍ഗങ്ങള്‍ എന്നന്നേക്കുമായി കൊട്ടിയടക്കപ്പെട്ടു.
ചാമയും റാഗിയും തുവരയും വനവിഭവങ്ങളുമടങ്ങുന്ന മികച്ച ഭക്ഷണ ക്രമത്തില്‍ നിന്നും ഭക്ഷണത്തിന്റെ അപര്യാപ്തതയിലേക്ക് വലിച്ചെറിയപ്പെട്ടു. തന്മൂലം അവരുടെ ആരോഗ്യം ക്ഷയിച്ചു. പുതിയ പരിതസ്ഥിതിയില്‍ പെട്ടന്നുണ്ടായ മാറ്റങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ.

തങ്ങളുടെ ഗോത്രത്തനിമ കാത്ത് സൂക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും അവര്‍ സാമൂഹികമായി മുഖ്യധാരയിലെത്തപ്പെട്ടില്ല. എന്നും ഒരല്‍പം അകന്നു നില്‍ക്കുകയോ നില്‍ക്കപ്പെടേണ്ടി വരികയോ ചെയ്തു.നാനാതുറകളില്‍ നിന്നുള്ള ചൂഷണം കൂടി ആയപ്പോള്‍ മുട്ട് നിവര്‍ത്താനാകാതെ തളര്‍ന്ന് പോയ സമൂഹമായി മാറി.

2007 ല്‍ ഗവേഷണത്തിനായി അട്ടപ്പാടിയിലെത്തിയ എന്നെ കുറുമ്പര്‍ ആദ്യം സംശയത്തോടെ അകറ്റി നിര്‍ത്തി. തുടര്‍ന്ന് പതിയെ അടുക്കാന്‍ തുടങ്ങി. അവരുടെ കൂടെ താമസിക്കാന്‍ അനുവദിച്ചു. ഉള്‍ക്കാടുകളിലേക്ക് എനിക്ക് സഹായത്തിനായി കൂടെ വരാന്‍ തുടങ്ങി. എനിക്കായി ഭക്ഷണം ഉണ്ടാക്കി നല്‍കി. അവരുടെ പ്രശ്‌നങ്ങള്‍ എന്നോട് പങ്ക് വയ്ക്കാന്‍ തുടങ്ങി.
വാച്ചര്‍മാരായി തല്‍ക്കാലിക ജോലി കിട്ടുന്ന അപൂര്‍വ്വ ഭാഗ്യവാന്‍മാര്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും വരുമാനം നാമമാത്രമായിരുന്നു. ഫലഭൂയിഷ്ഠത നഷ്ടപ്പെട്ട ഭൂമിയിലുള്ള കൃഷി, തേന്‍, പാടക്കിഴക്ക്, ചുണ്ട, ചൂരല്‍ തുടങ്ങിയ വനവിഭവങ്ങളുടെ ശേഖരണം എന്നിവയിലൂടെ ലഭിക്കുന്ന തുഛവരുമാനമാണ് ആകെയുള്ള ജീവിത മാര്‍ഗ്ഗം. കാടിനകത്ത് ഒറ്റപ്പെട്ട് കഴിയുന്നതിനാല്‍ ഇവര്‍ക്ക് മറ്റ് തൊഴിലുകള്‍ എന്നും അന്യമായിരുന്നു.

തങ്ങള്‍ ശേഖരിച്ച കുറച്ച് ദ്രവ്യങ്ങളോ, ചൂരലിലോ മുളയിലോ ഉണ്ടാക്കിയ ഒന്നോ രണ്ടോ കുട്ടകളോ വില്‍ക്കാനായി 15 കിലോമീറ്ററുകളോളം നടന്ന് ഏറ്റവുമടുത്ത ജനവാസ കേന്ദ്രമായ മുക്കാലിയിലെത്തും. ചാമയോ കടുകോ മറ്റെന്തെങ്കിലുമോ മുണ്ടിന്റ തലപ്പത്ത് കെട്ടി ഒരു കുഞ്ഞു ഭാണ്ഡമാക്കി വേഗത്തില്‍ നടന്ന് നീങ്ങുന്ന ഇവരെ ഞാനിന്നും ഓര്‍ക്കുന്നു. ഇവര്‍ കൃഷിയെ വരുമാനമാക്കി സ്വീകരിച്ചവരല്ലായിരുന്നു വിളയുന്നതില്‍നിന്ന് ഒരു പങ്ക് വില്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടവരായിരുന്നു. വര്‍ഷത്തില്‍ ഒന്നോ രണ്ടോ മാസം മാത്രം ലഭിക്കുന്ന തേനും വനവിഭവങ്ങളും നല്‍കുന്ന സുരക്ഷിതത്വം എത്ര ദുര്‍ബലമാണ്.
കാട്ടിലൂടെ നടക്കുമ്പോള്‍ ഒരു പാട് തരം ചെടികളെ ചൂണ്ടിക്കാണിച്ചുകൊണ്ട് കീരയാണ്( ചീര) എന്ന് അവരെന്നോട് പറയാറുണ്ടായിരുന്നു. ഭക്ഷണമായി കഴിക്കുന്നത് എന്നര്‍ത്ഥം. നമ്മള്‍ നാട്ടില്‍ ഒരിക്കല്‍ പോലും രുചിച്ച് നോക്കിയിട്ടില്ലാത്ത ഇത്തരം ചെടികള്‍ ഭക്ഷിക്കേണ്ടിവന്നത് അവരുടെ കനത്ത ദാരിദ്യം മൂലമാകാം.

മഴ പെയ്യാന്‍ തുടങ്ങിയാല്‍ ഭവാനിപ്പുഴ നിറഞ്ഞൊഴുകും. പിന്നെ ഗലസി, മേലെ തുടുക്കി ഊരുകളിലുള്ളവര്‍ക്ക് മുക്കാലിയിലേക്ക് എത്താനാകില്ല. വെള്ളം കുറയുന്നത് വരെ തീര്‍ത്തും ഒറ്റപ്പെടും. 2010 ത്തോടെ ഇവര്‍ സംഘടിച്ച് മുളകളും മരക്കമ്പുകളും ചേര്‍ത്ത് വച്ച് താല്‍ക്കാലിക പാലം ഉണ്ടാക്കിയത് തങ്ങളുടെ കുട്ടികളെ സ്‌ക്കൂളിലെത്തിക്കാന്‍ കൂടി ആണ്. വിദ്യാഭ്യാസ പ്രായമായാല്‍ കുട്ടികളെ സ്വന്തം വസ്ത്രം കഴുകാന്‍ പഠിപ്പിച്ച് ഹോസ്റ്റലുള്ള സ്‌ക്കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കാറാണ് പതിവ്. സ്വന്തം കുട്ടികളുടെ കുസൃതികള്‍ പോലും കൊതി തീരും വരെ കാണാന്‍ ഭാഗ്യമില്ലാത്തവര്‍.

ഒരിക്കല്‍ ഇവരിലൊരാളോട് ഞാനൊരു ഫോട്ടോ എടുത്തോട്ടെ എന്ന് അനുവാദം ചോദിച്ചപ്പോള്‍ ”നാട്ടില്‍ പോയി അട്ടപ്പാടിയിലെ ആദിവാസികളാണ് എന്ന് പറഞ്ഞ് കാണിക്കാനാണോ” എന്ന ദയനീയമായ ചോദ്യത്തോടെയുള്ള മുഖം കണ്ടപ്പോള്‍ ക്യാമറ പുറത്തെടുക്കാനേ തോന്നിയില്ല.
ഗവേഷണാവശ്യത്തിനായി 2007 മുതല്‍ 2013 വരെ അനവധി തവണ ദിവസങ്ങളോളം നീളുന്ന സന്ദര്‍ശനം നടത്തിയിട്ടുണ്ട്. അവരോടൊപ്പം ഉണ്ടു, ഉറങ്ങി, ഉള്‍ക്കാടുകളിലൂടെ സഞ്ചരിച്ചു. അവര്‍ എന്നെ പുഴ കടക്കാന്‍ സഹായിച്ചു, മലകള്‍ താണ്ടാന്‍ കൂട്ടായി, ക്യാമ്പ് ചെയ്യുന്നിടത്തെത്തും മുന്‍പ് ഇരുട്ട് പരന്നപ്പോള്‍ ധൈര്യം പകര്‍ന്ന് നല്‍കി, വന്യമൃഗങ്ങളില്‍ നിന്നും വിഷപാമ്പുകളില്‍ നിന്നും രക്ഷിച്ചു, കാടിനെ കുറിച്ചുള്ള അറിവുകള്‍ പകര്‍ന്ന് നല്‍കി. ഒറ്റയ്ക്ക് അവിടെ എത്തിയിരുന്ന എനിക്ക് അവരില്ലായിരുന്നുവെങ്കില്‍ അവരുടെ സഹായമില്ലായിരുന്നെങ്കില്‍ ഗവേഷണം പൂര്‍ത്തിയാക്കാനാകില്ലായിരുന്നു. കുറുമ്പരുടെ സ്‌നേഹത്തിനും സഹായത്തിനും സത്യസന്ധതക്കും അംഗീകാരമായി, നിറഞ്ഞ നന്ദിയോടെ അട്ടപ്പാടിയില്‍ നിന്നും ലഭിച്ച ഒരു പുതു സസ്യത്തിന് ഞാന്‍ ‘ജംഷ്യാന കുറുംബ’ (2015) എന്ന് നാമകരണം ചെയ്ത് കൊണ്ട് ലോകത്തിന് പരിചയപ്പെടുത്തി.

ഉള്‍ക്കാടുകളില്‍ വില പിടിപ്പുള്ള ക്യാമറയും മറ്റ് അനുബന്ധ സാമഗ്രികളും പണവുമായി ഇവരോടൊപ്പം താമസിച്ചിരുന്ന സമയത്ത് ഒരിക്കല്‍ പോലും ശുദ്ധരും സത്യസന്ധരുമായ ഇവര്‍ എന്റെ ഒരു വസ്തുവിലും കൈ വച്ചിട്ടില്ല. എന്ന് മാത്രമല്ല മോഹത്തോടെ നോക്കുക പോലും ഉണ്ടായിട്ടില്ല. ആ കൊടുംങ്കാടിനുള്ളില്‍ വച്ച് എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പോലും പുറം ലോകം അറിയില്ലായിരിന്നു.

കുറുമ്പരില്‍ പെട്ട എന്റെ സഹോദരനായ മധു വിശപ്പ് സഹിക്കാനാകാതെയാവാം അത് ചെയ്തത്. അതിന്റെ പേരില്‍ അസ്ഥികൂടം മാത്രമായ ഒരു പാവത്തെ കാടത്തത്തോടെ മര്‍ദിച്ച് അഹങ്കാരത്തോടെ പൊലീസിന് കൈമാറിയവരോട് എനിക്ക് അറപ്പാണുള്ളത്. മര്‍ദിച്ച് കൊല്ലാന്‍ മാത്രം എന്താണ് ആ പാവം ചെയ്തത്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം ആദിവാസി വിഭാഗങ്ങള്‍ക്ക് ലഭ്യമാകുന്ന പദ്ധതികളും ഫണ്ടുകളും ഭീമമാണ്. ഇവയില്‍ എത്രമാത്രം ശരിയായ വിധത്തില്‍ ഇവരിലേക്കെത്തുന്നുണ്ട്?. പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും നൂറ്റാണ്ടുകളായി തുടര്‍ന്ന് വന്ന ഉപജീവന മാര്‍ഗ്ഗങ്ങള്‍ എന്നെന്നേക്കുമായി കവര്‍ന്നെടുക്കപ്പെടുകയും ചെയ്ത ശേഷം എന്താണ് നാം തിരികെ ഇവര്‍ക്ക് നല്‍കിയത്?.

Related News