പലായനത്തിന്റെ ഓർമ്മകളുമായി മൂരി അബ്ബ ആഘോഷിച്ചു

Web Desk
Posted on October 30, 2019, 10:03 pm

ജോമോൻ ജോസഫ്

പുല്‍പള്ളി: പലായനത്തിന്റെ ഓ­ര്‍മ്മ പുതുക്കി അതിര്‍ത്തി ഗ്രാമങ്ങളില്‍ മൂരി അബ്ബ ആ­ഘോഷിച്ചു. ദീപാവലി കഴിഞ്ഞുള്ള അമാവാസി പിറ്റേന്നാണ് ആ­ഘോഷം. ഉരുക്കളെ ബസവേശ്വര ക്ഷേത്രസന്നിധിയില്‍നിന്ന് തെല്ലകലെയുള്ള ബൈരേശ്വര ക്ഷേത്രസന്നിധിയിലേക്ക് ഓടിക്കുന്ന ചടങ്ങാണ് ഓരി അബ്ബ. കര്‍ണാടകയിലെ ചിത്രദുര്‍ഗ്ഗയില്‍ നിന്ന് ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്ത് കേരളാതിര്‍ത്തിയായ ബാവലി, ഷാണമംഗലം, കോട്ടിയൂര്‍, തിരുളുക്കുന്ന്, പെരിക്കല്ലൂര്‍, ബൈരക്കുപ്പ, മച്ചൂര്‍, ആനമാളം, കടഗദ്ദ എന്നിവടങ്ങളില്‍ സ്ഥിരതാമസമാക്കിയവരാണ് ബേഡഗൗഡ വിഭാഗം.

കാലികളുടെ പുറത്ത് കയറി ഇവര്‍ രക്ഷപ്പെട്ടുവെന്നാണ് ചരിത്ര രേഖകള്‍ സാക്ഷ്യപെടുത്തുന്നത്. ഉരുക്കളെ അതിരാവിലെ കുളിപ്പിച്ച് ആരതി ഉഴിഞ്ഞ് ആടയാഭരണങ്ങളും കിങ്ങിണി മണികളും പുഷ്പഹാരങ്ങളുമണിയിച്ച് ദേ­വസ്ഥാനമായ ബൈരക്കുപ്പയിലെത്തിച്ചാണ് മൂരി അബ്ബ (മൂരി ചാട്ടം) നടത്തുക. ഇവിടുത്തെ ബസവേശ്വര ക്ഷേത്രസന്നിധിയില്‍നിന്നും തെല്ലകലെയുള്ള ബൈരേശ്വര ക്ഷേത്രസന്നിധിയിലേക്ക് ഉരുക്കളെ ഓടിക്കുന്നതാണ് പ്രധാന ചടങ്ങ്. ഇതിനിടയില്‍ മൂരികളുടെ പുറത്ത് ഉടമസ്ഥന്‍ ചാടിക്കയറും. ദീപാവലി ആഘോഷത്തിന്റെ ഭാഗമായാണ് അബ്ബ ആഘോഷം. കര്‍ണാടകയിലിത് വിളവെടുപ്പ്കാലം കൂടിയാണ്.

ഭക്തിസാന്ദ്രമായ ഉത്സവാന്തരീക്ഷത്തിലാണ് ചടങ്ങുകള്‍ നടക്കുക. താലപ്പൊലി, ചെണ്ട, തായമ്പക, തുടങ്ങിയവ ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടും. ഉത്സവത്തില്‍ പങ്കെടുക്കാന്‍ ആ­യിരക്കണക്കിന് ആളുകളാണ് ഇവിടേക്കെത്തുന്നത്. കേരളത്തി­ല്‍ നിന്ന് ഉള്‍പ്പെടെ മൂരിഅബ്ബ കാണുന്നതിനായി നിരവധിയാളുകളാണ് ക്ഷേത്രത്തിലെത്തിയത്. രാവിലെ 12 മണിമുതല്‍ മൂന്ന് മണിവരെയാണ് മൂരികളുമായി ചെണ്ടമേളങ്ങളോടെ ക്ഷേത്രത്തിലെത്തി മൂരി അബ്ബ ആഘോഷിച്ചത്.