ലാലോ ലാലോ കാമട്ടിയേ….ജീവിതം തുടിയ്ക്കുന്ന പാട്ടുമായി അവരെത്തി

By: Web Desk | Saturday 6 January 2018 8:13 PM IST

ചിത്രങ്ങള്‍:  ജി ബി കിരണ്‍

കെ കെ ജയേഷ്

തൃശ്ശൂര്‍: ലാലോ ലാലോ കാമട്ടിയേ.. ലെസി ഗെട്ടി മഗളികേ ഹൂസൂട്ടി കാമട്ടിയേ…. അവര്‍ പാടിത്തകര്‍ത്തത് അവരുടെ വേദനകളും സന്തോഷവും നിരാശകളുമൊക്കെയായിരുന്നു. ജീവിതം തുടിയ്ക്കുന്ന പാട്ടിന് എ ഗ്രേഡ് ലഭിച്ചപ്പോള്‍ അവര്‍ സന്തോഷം കൊണ്ട് കരയുകയായിരുന്നു. വയനാട് നൂല്‍പ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളാണ് ആദ്യമായി സംസ്ഥാന കലോത്സവത്തിനെത്തി ഹൈസ്‌കൂള്‍ വിഭാഗം നാടന്‍ പാട്ട് മത്സരത്തില്‍ എ ഗ്രേഡ് സ്വന്തമാക്കിയത്.

ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളാണ് രാജീവ് ഗാന്ധി സ്മാര സ്‌കൂള്‍. പ്രാക്തന ഗോത്ര വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആദിവാസി വര്‍ഗത്തില്‍ പെട്ട കാട്ടുനായ്ക്കര്‍ വിദ്യാര്‍ത്ഥികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ തൃശ്ശൂരിലെത്തിയത്. മത്സരത്തില്‍ പങ്കെടുക്കുന്ന രാഹുലെന്ന കുട്ടിയുടെ അമ്മ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. തൃശ്ശൂരിലേക്ക് തിരിക്കാന്‍ നിശ്ചയിച്ച ദിവസമായിരുന്നു അമ്മ ഷീബ ഹൃദയാഘാതം കൊണ്ട് മരണപ്പെട്ടത്. ഇതോടെ മത്സരത്തില്‍ പങ്കെടുക്കാന്‍ തൃശ്ശൂരിലേക്ക് പോവുന്നത് ഒരു ദിവസത്തേക്ക് നീട്ടിവെച്ചു. മനസ്സ് നിറയുന്ന വേദനയിലും താളമിടറാതെ കുട്ടികള്‍ പാടിയപ്പോള്‍ തൃശ്ശൂരിലെ ആസ്വാദക മനസ്സ് അവരെ കയ്യടികളോടെ പ്രോത്സാഹിപ്പിച്ചു.

തേന്‍ കുറുമര്‍ എന്നും അറിയപ്പെടുന്ന കാട്ടുനായ്ക്കര്‍ വിഭാഗം ഒരിടത്തും സ്ഥിരമായി താമസിക്കാറില്ല. കുറച്ചു മാസങ്ങള്‍ ഒരു പ്രദേശത്ത് കൂട്ടമായി താമസിക്കും. അവിടെയുള്ള ഭക്ഷണ വിഭവങ്ങള്‍ തീര്‍ന്നാല്‍ മറ്റൊരു താവളം തേടി യാത്രയാവും. യാത്ര തിരിക്കുമ്പോള്‍ അവര്‍ ഉപയോഗിച്ചിരുന്ന വീട്ടുസാധനങ്ങളെല്ലാം ഉപേക്ഷിക്കുകയോ എവിടെയെങ്കിലും ഒളിപ്പിക്കുകയോ ആണ് ചെയ്തിരുന്നത്. തേനും കാട്ടു കിഴങ്ങുകളും കായ്കളുമൊക്കെ കഴിച്ച് ജീവിച്ചിരുന്ന ഇവരുടെ ജീവിതത്തിന് സര്‍ക്കാറുകളുടെ ഇടപെടല്‍ കാരണം ഇന്ന് വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്നിരുന്നാലും കുട്ടികളെ വിദ്യാലയത്തിലെത്തിച്ച് പഠിപ്പിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണെന്ന് അധ്യാപകര്‍ പറയുന്നു. കുറച്ചു ദിവസം സ്‌കൂളില്‍ വന്നാലും വീട്ടുകാര്‍ നിര്‍ബന്ധിച്ചാല്‍ കുട്ടികള്‍ പഠനം നടത്തും. താമസിച്ച് പഠിക്കാനുള്ള സൗകര്യം ഉള്ളതുകൊണ്ട് അഞ്ഞൂറോളം കാട്ടുനായ്ക്ക വിഭാഗത്തില്‍ പെട്ട കുട്ടികള്‍ ഈ സ്‌കൂളില്‍ പഠിക്കുന്നുണ്ട്.
മുത്തങ്ങ വന്യജീവി സങ്കേതത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂള്‍ നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് മുന്നോട്ട് പോവുന്നത്. ജില്ലാ തല കലോത്സവത്തില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ നാടന്‍ പാട്ടിന് മത്സരിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന തലത്തിലെത്തുന്നത് ആദ്യമായാണ്.പട്ടിക വര്‍ഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന സര്‍ഗോത്സവം കലാമേളയില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കാറുണ്ട്. ഇരുളം സ്വദേശിയായ പ്രചോദാണ് ഗുരു. കാട്ടുനായ്ക്കര്‍ വിഭാഗം കല്ല്യാണചടങ്ങുകള്‍ക്കും മറ്റും പാടുന്ന പാട്ടാണ് അവതരിപ്പിച്ചതെന്ന് പ്രചോദ് ജനയുഗത്തോട് പറഞ്ഞു.

ആഘോഷവേളയില്‍ കോളനിയിലെ സ്ത്രീകള്‍ കൈകൊട്ടി പ്രത്യേക താളത്തില്‍ വട്ടം ചുറ്റിപാടുന്ന പാട്ടാണ് തൃശ്ശൂരിലെ വേദിയില്‍ വിദ്യാര്‍ത്ഥികള്‍ പാടിത്തകര്‍ത്തത്. മിഥുന്‍, രാഹുല്‍, വിഷ്ണു, ഉണ്ണിമായ, ആതിര, മനീഷ, നിത്യ എന്നിവരായിരുന്നു ടീമംഗങ്ങള്‍. തങ്ങളുടെ പച്ചയായ ജീവിതം നിറയുന്ന പാട്ട്.. കൂട്ടുകാരന്റെ അമ്മയുടെ വിയോഗം വരുത്തിയ വേദനയിലും അവര്‍ പാടിയപ്പോള്‍ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളില്‍ തളച്ചിടപ്പെട്ട ആ കുട്ടികളുടെ സര്‍ഗശേഷിയുടെ വിളമ്പരം കൂടിയായി പരിപാടി മാറുകയായിരുന്നു.