ബംഗാളില്‍ ഒരു തൃണമൂല്‍ എംഎല്‍എ കൂടി ബിജെപിയിലേക്ക്

Web Desk
Posted on August 14, 2019, 1:39 pm

കൊല്‍ക്കത്ത പശ്ചിമ ബംഗാളില്‍ ബിജെപിയുടെ വിലയ്‌ക്കെടുക്കല്‍ തുടരുന്നു.
മുന്‍ കൊല്‍ക്കത്ത മേയറും തൃണമൂല്‍ എംഎല്‍എയുമായ സോവന്‍ ചാറ്റര്‍ജിയാണ് ബിജെപിയിലേക്ക് കൂറുമാറിയത്,.
ശാരദ ചിട്ടി തട്ടിപ്പുകേസുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് മന്ത്രി സ്ഥാനത്ത് നിന്നും കൊല്‍ക്കത്ത മേയര്‍ സ്ഥാനത്ത് നിന്നും ഇദ്ദേഹത്തെ മമതാ ബാനര്‍ജി നേരത്തെ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് ഇദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ നിന്നും ഏതാനും മാസങ്ങളായി മാറിനില്‍ക്കുകയായിരുന്നു. സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇദ്ദേഹത്തെ പലതവണ ചോദ്യം ചെയ്തിരുന്നു.
ഏതാനും മാസങ്ങളായി ഇദ്ദേഹം ബിജെപി നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നുവെന്നും ഈയാഴ്ച്ച അവസാനത്തോടെ തന്നെ ഇദ്ദേഹം പാര്‍ട്ടിയില്‍ ചേരുമെന്നും മുതിര്‍ന്ന ബിജെപി നേതാവ് വാര്‍ത്താ ഏജന്‍സിയോട് വെളിപ്പെടുത്തി. അതേസമയം ചാറ്റര്‍ജിയുടെ അടുത്ത സുഹൃത്തായ വൈശാഖി ബാനര്‍ജിയും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും സൂചനകളുണ്ട്.
ലോകസഭാ തിരഞ്ഞെടുപ്പില്‍ 42 സീറ്റില്‍ 18 എണ്ണം ബിജെപി നേടിയിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ആറും കോണ്‍ഗ്രസ്, സിപിഐഎം പാര്‍ട്ടികളില്‍ നിന്നും ഓരോ എംഎല്‍എമാരും അടക്കം എട്ടു എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറിയിട്ടുണ്ട്.