23 April 2024, Tuesday

Related news

April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 20, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024

തൃണമൂല്‍ സര്‍ക്കാരിനോട് കൂടുതല്‍ അടുക്കുന്നു; ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ പരാതിയുമായി ബിജെപി

Janayugom Webdesk
ന്യൂഡല്‍ഹി
January 27, 2023 11:01 pm

ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതിയുമായി ഒരു വിഭാഗം ബിജെപി നേതാക്കള്‍. ഗവര്‍ണറെ കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിക്ക് വിളിപ്പിച്ചു. ഗവര്‍ണര്‍ രാഷ്ട്രീയമായി തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നില്ലെന്നും തൃണമൂല്‍ സര്‍ക്കാരിനോട് കൂടുതല്‍ അടുക്കുന്നുവെന്നുമാണ് ബിജെപിഘടകത്തിന്റെ പരാതി. സ്ഥാനമേറ്റെടുത്തത് മുതല്‍ ബംഗാള്‍ സര്‍ക്കാരുമായി ആനന്ദബോസ് സഹകരിച്ച്‌ മുന്നോട്ടുപോകുന്നതില്‍ ബിജെപി നേതൃത്വം ആദ്യം മുതല്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. 

തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപകമായി ഉപയോഗിക്കുന്ന അഭിവാദ്യ മുദ്രാവാക്യമായ ‘ജയ് ബംഗ്ല’ എന്നത് മമത ബാനര്‍ജി പങ്കെടുത്ത ഹതേ ഖോരി എന്ന എഴുത്തിനിരുത്ത് ചടങ്ങില്‍ ഗവര്‍ണര്‍ ഉയര്‍ത്തിയതാണ് ഇപ്പോഴത്തെ അതൃപ്തിക്ക് കാരണം.
ഗവര്‍ണര്‍, മുഖ്യമന്ത്രിയുടെ സെറോക്സ് കോപ്പി മെഷീനായെന്ന് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സ്വപന്‍ദാസ് ഗുപ്ത കുറ്റപ്പെടുത്തി. ഇതിന് പിന്നാലെ ഗവര്‍ണര്‍ ക്ഷണിച്ച പരിപാടിയില്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പങ്കെടുത്തില്ല. 

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും അടുത്ത സുഹൃത്താണ് സ്വപന്‍ദാസ് ഗുപ്ത. മമതയുമായി ഗവര്‍ണര്‍ പ്രകടിപ്പിക്കുന്ന ചങ്ങാത്തത്തില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിനും അതൃപ്തിയുണ്ട്.
ഭിന്നത തുടരുന്നതിനിടെ ആനന്ദബോസ് ഇന്നലെ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായാണ് യാത്രയെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. ബിജെപി ഘടകത്തിന്റെ പരാതിയെക്കുറിച്ച് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ആനന്ദബോസ് തയ്യാറായില്ല. അതിനിടെ ഗവര്‍ണറെ പിന്തുണച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. മുന്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറുടെ വഴിയല്ല ആനന്ദബോസ് സ്വീകരിച്ചിട്ടുള്ളതെന്നും ഇതാണ് സ്വപന്‍ദാസ് ഗുപ്തയടക്കം ബിജെപി നേതാക്കളുടെ നീരസത്തിന് പിന്നിലെന്നും തൃണമുല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Tri­namool moves clos­er to gov­ern­ment; BJP has filed a com­plaint against Ben­gal Governor

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.