ബിജെപിക്കെതിരെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലും കോണ്‍ഗ്രസും ഒന്നിക്കും

Web Desk
Posted on August 13, 2019, 9:08 pm

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ 2021 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ സഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ്- തൃണമൂല്‍ കോണ്‍ഗ്രസ് ധാരണ. പാര്‍ലമെന്റ് ബജറ്റ് സെഷനിലെ സമ്മേളനത്തിനിടെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലോക്സഭാ ചീഫ് വിപ്പ് കല്യാണ്‍ ബാനര്‍ജിയുമാണ് ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും തൃണമൂല്‍ കോണ്‍ഗ്രസ് എം പി സുദീപ് ബന്ധോപാധ്യായയും തമ്മില്‍ ബംഗാള്‍ വിഷയം ചര്‍ച്ചചെയ്തിരുന്നു.

ആണവ കരാര്‍ ഒപ്പുവയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ നയവ്യതിയാന വിഷയത്തില്‍ ഇടത് പാര്‍ട്ടികള്‍ ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണച്ചിരുന്നു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും ഒരുമിച്ച് മത്സരിച്ചിരുന്നു. 2013 ലാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള സഖ്യം ഉപേക്ഷിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 43.3 ശതമാനവും ബിജെപിക്ക് 40.3 ശതമാനം വോട്ടുമാണ് ലഭിച്ചത്. ഇടത് പാര്‍ട്ടികള്‍ 6.3 ശതമാനവും കോണ്‍ഗ്രസ് 5.6 ശതമാനവും വോട്ടു നേടി. തൃണമൂലും കോണ്‍ഗ്രസും ഒരുമിക്കുന്നതോടെ ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ആസൂത്രണം ചെയ്ത തന്ത്രങ്ങളെല്ലാം തകര്‍ന്നടിയുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.