തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍

Web Desk
Posted on July 05, 2020, 7:56 pm

തിരുവനന്തപുരം ജില്ലയില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തി.നാളെ രാവിലെ 6 മണി മുതല്‍ ഒരാഴ്ചത്തേക്കാണ് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമ്പര്‍ക്ക രോഗികള്‍ കൂടുന്ന സാഹചര്യത്തിലാണ് ലോക് ഡൗണ്‍. കോടതികള്‍ ഒരാഴ്ചത്തേക്ക് തുറക്കില്ല.മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

അടുത്ത ഏഴ് ദിവസം സെക്രട്ടറിയേറ്റ് പ്രവർത്തിക്കില്ല. മെഡിക്കൽ ഷോപ്പും, അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കും. പൊലീസ് ആസ്ഥാനവും പ്രവർത്തിക്കും. പൊതു ഗതാഗതം ഉണ്ടാവില്ല. അതേസമയം, എല്ലാ ആശുപത്രികൾ പ്രവർത്തിക്കും. ആളുകള്‍ വീട്ടില്‍ തന്നെ കഴിയണമെന്ന് ഡിജിപി അറിയിച്ചു. തുറക്കുന്ന കടകളിൽ ജനങ്ങൾക്ക് പോകാൻ കഴിയില്ല. അവശ്യ സാധനങ്ങൾ വേണ്ടവർ പൊലീസിനെ അറിയിച്ചാൽ വീട്ടിലെത്തിക്കും. പൊലീസ് സേവനത്തിന് ഒരു നമ്പർ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ സാറ്റോറിൽ പോകണമെങ്കിൽ കൃത്യമായ സത്യവാങ് മൂലം വേണമെന്ന് ഡിജിപി അറിയിച്ചു.

ട്രിപ്പിൾ ലോക്‌ഡൗൺ മേഖലയിൽ

∙ട്രിപ്പിൾ ലോക് ഡൗൺ പരിധി ഐസലേറ്റഡ് മേഖലയായി മാറും. പുറത്തിറങ്ങുന്നവരെ അറസ്റ്റു ചെയ്യും.

∙ മേഖലയിൽ നിന്ന് ആരും പുറത്തുപോകാൻ അനുവദിക്കില്ല.

∙ എല്ലാ വഴികളും അടയ്ക്കും.

∙ അടിയന്തര സാഹചര്യത്തിൽ പുറത്തേക്കു പോകുന്നതിനും അകത്തേക്ക് കടക്കുന്നതിനും ഒരു പോയിന്റ് മാത്രം.

∙ പുറത്തു നിന്നുള്ളവർ ട്രിപ്പിൾ ലോക് ഡൗൺ മേഖലയിൽ പ്രവേശിച്ചാൽ ഗൃഹനിരീക്ഷണത്തിൽ കഴിയണം.

∙കടകളും സ്ഥാപനങ്ങളും അടച്ചിടും.

∙ പരമാവധി ആളുകളെ പരിശോധനയ്ക്കു വിധേയമാക്കും.

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ക്ക് കോവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ജില്ലയില്‍ 22 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപ്പെട്ടിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ക്ക് ആര്‍ക്കും തന്നെ യാതൊരു വിധ യാത്രാ പശ്ചാത്തലവുമില്ലാത്തത് ഏറെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ജില്ലയില്‍ സ്ഥിതി അതീവ ഗൗരവമാണെന്നും മേയര്‍ അറിയിച്ചു.

തിരുവനന്തപുരത്തെ കോവിഡ് സ്ഥിതി അതിസങ്കീർണമാണെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ പറഞ്ഞു. ഒരു അഗ്നിപർവതത്തിന് മുകളിലാണ് നമ്മളെന്ന് എല്ലാവരും ഓർക്കണം. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം. സാമൂഹിക വ്യാപനം ഉണ്ടാകില്ലെന്ന് കരുതാനാകില്ല. എങ്കിലും ഇപ്പോൾ ട്രിപ്പിൾ ലോക് ഡൗണിലേക്ക് പോയി ജനങ്ങളെ ഭയപ്പെടുത്തേണ്ട കാര്യമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സമ്പർക്ക രോഗികൾ കൂടുന്നത് ഗൗരവത്തോടെയാണ് കാണുന്നത്. തിരുവനന്തപുരത്ത് നിയന്ത്രണം കർശനമാക്കും. രോഗം സ്ഥിരീകരിച്ച കുമരിച്ചന്തയിലെ മത്സ്യവിൽപ്പനക്കാരന് കന്യാകുമാരി ബന്ധമുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയായ മെഡിക്കൽ റെപ്രസെൻറേറ്റീവിന് ധാരാളം ഡോക്ടർമാരുമായും ബന്ധമുണ്ട്. ഓൺലൈനുകളിൽ ഓർഡർ ചെയ്യുന്ന ഭക്ഷണം വീടുകളിലെത്തിക്കുന്ന ഡെലിവറി ബോയ്സ് കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് നഗരത്തിൽ താമസിക്കുന്ന അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നവജാത ശിശുക്കളും സ്ത്രീകളും അടക്കമുള്ളവർക്കാണ് കോവിഡ് ബാധിച്ചത്. നഗരത്തിലെ കണ്ടയ്ന്‍മെന്റ് സോണില്‍ ഒരേ ഫ്ലാറ്റിൽ താമസിക്കുന്നവർക്കാണ് രോഗം. കോഴിക്കോട് ഡിഎംഒ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.എന്നാൽ ഇവരുടെ രോഗബാധയുടെ ഉറവിടം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല. നഗരത്തോട് ചേർന്ന പ്രദേശത്തുള്ള ഫ്ലാറ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് നഗരത്തിൽ ഉറവിടമറിയാത്ത നാല് കേസുകൾ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

updat­ing…