Web Desk

തിരുവനന്തപുരം

July 29, 2021, 10:15 am

നെടുമങ്ങാട് നഗരസഭയില്‍ ട്രിപ്പിൾ ലോക്ഡൗണ്‍; കടുത്ത നിയന്ത്രണങ്ങൾ

Janayugom Online

നെടുമങ്ങാട് നഗരസഭയില്‍ ട്രിപ്പിൾ ലോക്ഡൗണ്‍. ബുധനാഴ്ച രാത്രി മുതൽ കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വന്നു. 16.54 ശതമാനമാണ് നെടുമങ്ങാട് നഗരസഭയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ മൂന്നാഴ്ചക്കാലമായി സി-കാറ്റഗറിയിലായിരുന്ന നഗരസഭയിൽ എല്ലാ സീമകളും ലംഘിച്ചുകൊണ്ടായിരുന്നു കടകൾ തുറന്നതും ജനങ്ങൾ നിരത്തിലിറങ്ങിയതും. നഗരസഭയോടൊപ്പം തന്നെ പുല്ലമ്പാറ, തൊളിക്കോട് പഞ്ചായത്തുകളും ട്രിപ്പിൾ ലോക്‌ഡൗണിലാണ്. പുല്ലമ്പാറയിൽ 21.25 ശതമാനവും, തൊളിക്കോട് 17.76 ശതമാനവുമാണ് ടി.പി.ആർ.

ട്രിപ്പിൾ ലോക്ഡൗണായതോടെ നിയന്ത്രണങ്ങൾ കർശനമാക്കി. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസും സബ് കളക്ടറുടെ നേതൃത്വത്തിൽ റവന്യൂ വിഭാഗവും നിയന്ത്രണങ്ങൾക്ക് നേതൃത്വം നൽകും. എല്ലാ റോഡുകളും അടച്ചുകൊണ്ട് ഗതാഗതം നിയന്ത്രിക്കും. തെങ്കാശിപ്പാതയിൽ ബാരിക്കേഡ് ഉപയോഗിച്ച് വാഹനപരിശോധന ശക്തമാക്കും. ഹോം ക്വാറന്റീൻ നടപ്പാക്കും. അനാവശ്യമായി വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർക്ക് പിഴചുമത്തും. വാഹനങ്ങൾ പിടിച്ചെടുക്കും.അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് 12 വരെ തുറക്കും. ട്രിപ്പിൾ ലോക്ഡൗൺ പ്രദേശങ്ങളിൽ നിന്നും അകത്തേക്കോ, പുറത്തേക്കോ ഗതാഗതം അനുവദിക്കില്ല.

അതേസമയം, കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഒരാഴ്ച ജില്ലയിൽ പ്രാദേശികാടിസ്ഥാനത്തിൽ നടപ്പാക്കുന്ന നിയന്ത്രണങ്ങൾ പുതുക്കി പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്ച ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളെ എ, ബി, സി, ഡി എന്നിങ്ങനെ നാലു വിഭാഗങ്ങളായി തിരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചു മുതൽ 10 വരെ ബി വിഭാഗത്തിലും 10 മുതൽ 15 വരെ സി വിഭാഗത്തിലും 15നു മുകളിൽ ഡി വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

Eng­lish sum­ma­ry: Triple lock­down in Nedumangadu

You may also like this video: