ത്രിപുര നല്‍കുന്ന സന്ദേശം

Web Desk
Posted on March 10, 2018, 10:49 pm

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന്റെ തികച്ചും അപ്രതീക്ഷിതവും ഞെട്ടിപ്പിക്കുന്നതുമായ ഫലം ഇടതുപക്ഷക്കാര്‍ക്കിടയില്‍ മാത്രമല്ല, ജനാധിപത്യത്തെ വിലമതിക്കുന്നവര്‍ക്കും അതിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരിലും രോഷവും അസ്വസ്ഥതയും സൃഷ്ടിക്കുകയുണ്ടായി. നരേന്ദ്രമോഡി സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയോടെ സംഘപരിവാറും അനുയായികളും ചേര്‍ന്ന് വര്‍ഗീയ പ്രീണനത്തിലൂടെ നേടിയ വിജയമാണിത്.
അധികാര ദുരുപയോഗത്തിലൂടെയും പണം ഒഴുക്കിയും ത്രിപുരയില്‍ നടന്ന തെരഞ്ഞെടുപ്പിനെ ബിജെപി അട്ടിമറിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്ന നിലപാടുകളും തീരുമാനങ്ങളുമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്. ഇതിന്റെ ഭാഗമായി മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുള്‍പ്പെടെയുള്ള ക്ഷേമ പദ്ധതികളെല്ലാം തന്നെ അവതാളത്തിലായി. ഇതിനെ ജനരോഷമാക്കി മാറ്റാന്‍ സംഘപരിവാറിന് കഴിഞ്ഞു. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി ജാതി, മതം, വംശീയ വിദേ്വഷം തുടങ്ങിയ ഹീനമാര്‍ഗങ്ങള്‍ അവലംബിച്ചു.
ഈ വിജയത്തിലുള്ള ജനരോഷം സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളില്‍ വ്യക്തമാണ്. ഭരണസംവിധാനത്തെ ദുരുപയോഗം ചെയ്ത് തെരഞ്ഞെടുപ്പ് യന്ത്രങ്ങളില്‍ കൃത്രിമം കാണിച്ചു. ഇത്തരത്തില്‍ കൃത്രിമം കാണിക്കുന്നതില്‍ ബിജെപി വൈദഗ്ധ്യം നേടിയിട്ടുണ്ട്. വോട്ടിങ് യന്ത്രങ്ങള്‍ ഒഴിവാക്കി പഴയ ബാലറ്റ് സംവിധാനത്തിലേക്ക് തിരിച്ചുപോകണമെന്ന് ബിജെപി ഇതര പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യം വോട്ടിങ് യന്ത്രത്തിന്റെ കാര്യത്തില്‍ മാത്രം പരിമിതപ്പെടുത്തിക്കൂടാ. സമഗ്രമായ തെരഞ്ഞെടുപ്പ് പരിഷ്‌കാരമെന്ന ആശയം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ട് വയ്ക്കണം. പണവും കയ്യൂക്കും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയെ വരുതിയിലാക്കുന്ന സമ്പ്രദായത്തിന് അറുതിവരുത്തണം. ഇതും വോട്ടിങ് യന്ത്രത്തിലെ കൃത്രിമം പോലെ അപകടകാരിയാണ്. തെരഞ്ഞെടുപ്പ് പരിഷ്‌കാരത്തിനായി ജനകീയ സമ്മര്‍ദം രൂപപ്പെടുത്തേണ്ട സമയമാണിത്. ഇത്തരം സമ്മര്‍ദത്തിനായി ഇടതുപാര്‍ട്ടികള്‍ മുന്നിട്ടിറങ്ങണം. ഭരണം, പണം, കയ്യൂക്ക് എന്നിവ ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ നടത്തുന്ന കൃത്രിമങ്ങള്‍ക്ക് ഏറെ ഇരയാകുന്നത് ഇടതുപാര്‍ട്ടികളാണ്.
മോഡി തരംഗത്തെക്കുറിച്ച് മാധ്യമങ്ങള്‍ വാഴ്ത്തിപ്പാടുന്നു. 60 സീറ്റുള്ള മേഘാലയയില്‍ ബിജെപി വിജയിച്ചത് കേവലം രണ്ട് സീറ്റുകളില്‍. നാഗാലാന്‍ഡിലും ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയല്ല. എന്നാല്‍ ഈ രണ്ട് സംസ്ഥാനങ്ങളിലും ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു. മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ സ്വീകരിച്ച അതേ കുതന്ത്രം തന്നെയാണ് മേഘാലയയിലും അസമിലും അവര്‍ സ്വീകരിച്ചത്. കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ നടന്ന അക്രമങ്ങളും ത്രിപുരയിലെ പ്രതിമകള്‍ തകര്‍ത്തതും മോഡി തരംഗത്തിന്റെ വൈകൃതങ്ങളാണ്.
ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം ഇടതുപാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഓരോ ദിവസവും മോഡി സര്‍ക്കാരിന്റെ ഫാസിസ്റ്റ് പ്രവണതകളുടെ അപകടം കൂടുതല്‍ കൂടുതല്‍ വ്യക്തമാകുന്നു. ഈ ഭീഷണിയെ അധികാര കേന്ദ്രീകരണമായോ സ്വേച്ഛാധിപത്യ പ്രവണതകളായോ മാത്രം കാണാന്‍ കഴിയില്ല. അങ്ങനെ കണ്ടാല്‍ രാജ്യം നേരിടുന്ന ഭീഷണിയെ വിലകുറച്ച് കാണുകയാവും. മോഡി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ അത് കേവലം ഒരു ബൂര്‍ഷ്വാ പാര്‍ട്ടിയില്‍ നിന്നും മറ്റൊരു ബൂര്‍ഷ്വാ പാര്‍ട്ടിയിലേക്കുള്ള അധികാര കൈമാറ്റമല്ലെന്ന് 2014ല്‍ സിപിഐ വ്യക്തമാക്കിയിരുന്നു. കോര്‍പ്പറേറ്റുകളുടെയും ആഗോള സാമ്പത്തിക കുത്തകകളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു സര്‍ക്കാരാണിത്. വലതുപക്ഷ ആശയങ്ങള്‍, മ്ലേച്ഛമായ വര്‍ഗീയഫാസിസ്റ്റ് പ്രവണതകള്‍ എന്നിവയൊക്കെയെയും ഈ സര്‍ക്കാര്‍ പ്രതിനിധീകരിക്കുന്നുവെന്ന് പാര്‍ട്ടി വ്യക്തമായിരുന്നു. ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയം നേടിയതോടെ അധികാരത്തിന്റെ കടിഞ്ഞാണില്‍ സംഘപരിവാര്‍ പിടിമുറുക്കി. ഇത് ഫാസിസ്റ്റ് പ്രവണതകളുടെ പ്രതിഫലനം മാത്രമല്ല. മറിച്ച് കടുത്ത ഭീഷണിയായി മാറിക്കഴിഞ്ഞു.
ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരെയുള്ള പോരാട്ടം ജനാധിപത്യ മതേതര കൂട്ടായ്മകളില്‍ മാത്രം പരിമിതപ്പെടുത്താന്‍ കഴിയില്ല. എല്ലാറ്റിലുമുപരി സമ്പദ്‌വ്യവസ്ഥ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ആഗോള സാമ്പത്തിക കുത്തകകള്‍ക്കും നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കും അതിന്റേതായ ലക്ഷ്യങ്ങളുണ്ട്. അത് വ്യക്തമായ സാമ്പത്തികലക്ഷ്യങ്ങളാണ്. ദൗര്‍ഭാഗ്യവശാല്‍ എല്ലാ ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടികളും നവഉദാരവല്‍ക്കരണ നയങ്ങള്‍ പിന്തുടരുന്നവരാണ്. അതുകൊണ്ടുതന്നെ വിശാലമായ ഇടതുസഖ്യം ഊട്ടി ഉറപ്പിക്കുമ്പോഴും ബിജെപി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള പോരാട്ടങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയേ മതിയാവൂ. മോഡി സര്‍ക്കാര്‍ പിന്തുടരുന്ന ജനവിരുദ്ധ നവഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ജനകീയ കൂട്ടായ്മകള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ഇടതുപാര്‍ട്ടികള്‍ക്ക് കഴിയണം. ഇടതുപാര്‍ട്ടികളുടെ സ്വത്വം നിലനിര്‍ത്തി മതേതര ജനാധിപത്യ ശക്തികളെ ഉള്‍പ്പെടുത്തി നവഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ജനപക്ഷ സാമ്പത്തിക നയങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടം തുടരണമെന്ന് 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ കരട് രാഷ്ട്രീയപ്രമേയം വ്യക്തമാക്കുന്നു.
അടുത്ത വര്‍ഷം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മതേതര ജനാധിപത്യ കൂട്ടായ്മയെ തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും കോര്‍പ്പറേറ്റ് മാധ്യമങ്ങളും ബൂര്‍ഷ്വാ പാര്‍ട്ടികളിലെ തല്‍പര വിഭാഗങ്ങളും സ്വീകരിക്കുമെന്നുറപ്പ്. അതുകൊണ്ടുതന്നെ ഫാസിസ്റ്റ് വിരുദ്ധ ശക്തികളുടെ ഐക്യത്തിനുവേണ്ടിയുള്ള യത്‌നത്തിന് ഇപ്പോഴേ തുടക്കം കുറിക്കേണ്ടതുണ്ട്. ഇതിന് ഒന്നാമതായി മതേതര ജനാധിപത്യ പാര്‍ട്ടികളും ഇടതുശക്തികളും ചേര്‍ന്ന് നരേന്ദ്രമോഡി സര്‍ക്കാരിന്റെ ഫാസിസ്റ്റ് പ്രവണതകള്‍ക്കും സാമ്പത്തിക നയങ്ങള്‍ക്കുമെതിരെ ചെറുത്തുനില്‍പ്പിന് കരുത്ത് പകരണം. ഇടതുപാര്‍ട്ടികളല്ലാത്ത ഫാസിസ്റ്റ് വിരുദ്ധ ശക്തികളെ ഏകോപിപ്പിച്ച് ജനപക്ഷ നിലപാടുകള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുകയെന്നതാണ് മറ്റൊരു ദൗത്യം. തൊഴില്‍, വിദ്യാഭ്യാസം, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളില്‍ അതിന് പ്രതേ്യക പ്രാധാന്യമുണ്ട്.
രാജ്യത്തൊട്ടാകെ പൊതുവായ ഒരു തെരഞ്ഞെടുപ്പ് തന്ത്രം പ്രാവര്‍ത്തികമല്ലെന്ന് സിപിഐയുടെ കരട് രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ സംസ്ഥാനങ്ങളിലേയും സവിശേഷ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടുള്ള കൂട്ടുകെട്ടാണ് പ്രായോഗികം. രാഷ്ട്രീയപാര്‍ട്ടികളോട് പ്രതേ്യക മുന്‍വിധികളും പരിഗണനകളുമില്ലാതെ ജനപക്ഷ സഖ്യത്തിനായിരിക്കണം ഊന്നല്‍ നല്‍കേണ്ടത്.