18 April 2024, Thursday

ത്രിപുര വിധിയെഴുതി: വ്യാപക ബിജെപി അക്രമം; ബൂത്തു പിടിത്തം

Janayugom Webdesk
അഗര്‍ത്തല
February 16, 2023 11:25 pm

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യാപകമായി ബിജെപി അക്രമം. നിരവധി ബൂത്തുകളില്‍ ബിജെപിക്കാര്‍ വോട്ടര്‍മാരെ തടയുകയും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. പലയിടങ്ങളിലും ബിജെപി ബൂത്ത് പിടിച്ചെടുത്തതിനാല്‍ നിരവധി യഥാര്‍ത്ഥ വോട്ടര്‍മാര്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാനായില്ല. വടികളും ഇരുമ്പ് ദണ്ഡുകളുമായാണ് ബിജെപിക്കാര്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചത്. കക്രബന്‍ ഷല്‍ഗാര മണ്ഡലത്തില്‍ ഉദ‌യ്‌പുര്‍, ഷല്‍ഗാര, ദസ്ഡ, ബിഷാല്‍ഗര്‍, ഉപമുഖ്യമന്ത്രി ജിഷ്ണു ദേബര്‍മാന്റെ മണ്ഡലമായ ചാരിലാം, ഹൃഷ്യമുഖിലെ ഹരിപുര്‍, ധന്‍പുര്‍ എന്നിങ്ങനെ ബൂത്തുപിടിത്തത്തിന്റെ നിരവധി പരാതികളാണ് ഉയര്‍ന്നത്. വോട്ടര്‍മാര്‍ എത്താതിരിക്കുന്നതിന് റോഡ് തടസമുണ്ടാക്കിയാണ് ചിലയിടങ്ങളില്‍ ബൂത്ത് പിടിത്തം നടത്തിയത്.

ചന്ദിപ്പുരില്‍ ബിജെപിക്കാര്‍ പരസ്യമായി പണം നല്കിയതായി സ്ഥാനാര്‍ത്ഥി ടിങ്കു റോയ് ആരോപിച്ചു. അമര്‍പുരിലെ നതൂന്‍ ബസാറില്‍ ഇടതുപക്ഷ ജനാധിപത്യ സഖ്യ സ്ഥാനാര്‍ത്ഥിയുടെ വോട്ടെടുപ്പ് ഏജന്റ് റജിബ് മജുംദാറെ ബൂത്തിലിരിക്കാന്‍ അനുവദിച്ചില്ല. ഇദ്ദേഹത്തെ അടിച്ചോടിക്കുകയായിരുന്നു. ശാന്തിര്‍ ബസാറിലെ 57ാം ബൂത്തില്‍ ബിജെപി ഗുണ്ടകള്‍ വോട്ടര്‍മാരെ അടിച്ചോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഉദ‌യ്‌പുരിലെ ജഗന്നാഥ് ബാരി തടാകത്തിന് സമീപവും ബിജെപിക്കാര്‍ അക്രമം നടത്തി. ഇത് ചോദ്യംചെയ്തത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. ഗോലഘട്ടി മണ്ഡലത്തിലെ ലക്ഷ്മി ചര സ്കൂളിലെ ബൂത്തിലും ഹൃഷ്യമുഖ് മണ്ഡലത്തിലെ ശത്രുഘ്നന്‍ പരയിലും സിസിടിവികള്‍ തകര്‍ക്കപ്പെട്ടു. ബിഷാല്‍ഗറിലും ദസ്ഡയിലും ബൂത്തു പിടിത്തത്തിനെത്തിയ ബിജെപിക്കാര്‍ക്കുനേരെ കേന്ദ്ര സായുധസേന നടത്തിയ ലാത്തിച്ചാര്‍ജില്‍ അക്രമികള്‍ക്ക് പരിക്കേറ്റു. പടിമ ഭൗമിക് മണ്ഡലത്തില്‍ ധന്‍പുരില്‍ കള്ളവോട്ടു ചെയ്യാനെത്തിയവരെ ചൂണ്ടിക്കാട്ടിയിട്ടും ഉദ്യോഗസ്ഥരോ പൊലീസോ നടപടിയെടുത്തില്ലെന്ന് പരാതിയുണ്ട്.

കള്ളവോട്ടിനെ കുറിച്ച് പരാതി പറയുന്നതിനുള്ള ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്നും പരാതിയുണ്ടായി. ബൂത്തുകള്‍ സന്ദര്‍ശിക്കുകയായിരുന്ന ഖയേര്‍പുര്‍ ഇടതു ജനാധിപത്യ സഖ്യ സ്ഥാനാര്‍ത്ഥിയുടെ ഏജന്റിന്റെ കാര്‍ അടിച്ചു തകര്‍ത്തു. ബൊക്സാനഗറിലെ ബിജെപി അക്രമത്തില്‍ പോളിങ് ഏജന്റ് ആശിഷ് സര്‍ക്കാരിന് ഗുരുതര പരിക്കേറ്റു. തലക്കേറ്റ പരിക്കിനെ തുടര്‍ന്ന് 16 തുന്നിക്കെട്ടുകളിടേണ്ടിവന്നു. ബിജെപി അക്രമത്തെ തുടര്‍ന്ന് പോളിങ് തടസപ്പെട്ട ഖയേര്‍പുരിലെ ചില മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ സംഘം ചേര്‍ന്നെത്തി ബിജെപിക്കാരെ ഓടിക്കുകയും വോട്ടവകാശം വിനിയോഗിക്കുകയുമായിരുന്നു. സിംന മണ്ഡലത്തിലെ ഒരു ബൂത്തില്‍ വോട്ടര്‍മാരെ അകത്തു കടത്താതെ പ്രിസൈഡിങ് ഓഫിസര്‍ പിന്റു ദബര്‍മാന്‍ ബിജെപിക്കാര്‍ക്ക് കള്ളവോട്ടു ചെയ്യുന്നതിന് അവസരമൊരുക്കിയതായി തെര‍ഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി. കൈലാഷറില്‍ വോട്ടിങ് യന്ത്രത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും കറുത്ത നിറംകൊണ്ട് മറച്ചതായി സ്ഥാനാര്‍ത്ഥി ബിര്‍ജിത്ത് സിന്‍ഹ പരാതിപ്പെട്ടു. ഈ സംഭവത്തില്‍ പുറത്തുനിന്നെത്തിയ ബിജെപി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു.

92 ശതമാനം പോളിങ് 

അഗര്‍ത്തല: ത്രിപുര തെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്ങ്. 92 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 28.13 ലക്ഷം വോട്ടര്‍മാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. മാര്‍ച്ച്‌ രണ്ടിന് ഫലം പ്രഖ്യാപിക്കും. സുരക്ഷാ മുന്‍കരുതലായി സംസ്ഥാനത്തുടനീളം നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു.

Eng­lish Sum­ma­ry: Tripu­ra Elec­tions 2023
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.