71 വയസിന്റെ നിറവിൽ തിരുവനന്തപുരം, സംഭവ ബഹുലമായ അനന്തപുരിയുടെ ആ ചരിത്രം ഇങ്ങനെ

Web Desk
Posted on July 03, 2020, 2:48 pm

തിരുവനന്തപുരം ജില്ല രൂപീകൃതമായിട്ട് ഇന്നേക്ക് 71 വർഷം തികഞ്ഞു. 1949 ജൂലൈ 1 നാണ് തിരുവനന്തപുരം ജില്ല രൂപീകൃതമായത്. നഗരത്തിന്റെ തന്നെ മുഖമുദ്രയായ അനന്തശായിയായ പത്മനാഭസ്വാമി ക്ഷേത്രമാണ് നഗരത്തിന് ഈ പേര് വരാൻ കാരണം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ തീരത്ത് കേരളത്തിന്റെ തെക്കേ അറ്റത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. വളരെ ഭൂവൈവിധ്യവും, തിരക്കേറിയ വീഥികളും വാണിജ്യ മേഖലകളും ഉള്ള നഗരമാണ് തിരുവനന്തപുരം. തന്മൂലം “നിത്യ ഹരിത നഗരം” എന്നാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി തിരുവനന്തപുരത്തെ വിശേഷിപ്പിച്ചത്.

തിരുവനന്തപുരം തലസ്ഥാനമായിട്ടുള്ള ഒരു നാട്ടുരാജ്യമായിരുന്നു തിരുവിതാംകൂർ. ഈ ജില്ലയ്ക്ക് പേരുവരാന്‍ കാരണമെന്ന് ഭൂരിപക്ഷം ചരിത്രകാരന്മാരും വിശ്വസിക്കുന്ന, ശ്രീപത്മനാഭക്ഷേത്രത്തിലെ സ്വര്‍ണരത്നക്കല്ലുകളുടെ നിക്ഷേപം ഭൂമണ്ഡലങ്ങളിലൊട്ടാകെയുള്ള വാര്‍ത്താമാദ്ധ്യമങ്ങള്‍ക്ക് ഇന്ന് വാര്‍ത്തയാണ്. തെക്കൻ കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഇപ്പോൾ തമിഴ്‌നാട്ടിലുള്ള കന്യാകുമാരി ജില്ലയും തിരുനെൽവേലി ജില്ലയുടെ ചിലഭാഗങ്ങളും ചേർന്നതായിരുന്നു 1940-കളിലെ തിരുവിതാംകൂറിന്റെ ഭൂപ്രദേശം. തിരുവനന്തപുരം എന്ന് പേര് ഏത് കാലത്താണ് ഉപയോഗിച്ചതെന്ന് ഇന്നും തര്‍ക്കവിഷയമാണ്. എ.ഡി. ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നതായി കരുതുന്ന വൈഷ്ണവകവി നമ്മാള്‍വാര്‍ ആണ് തിരുവനന്തപുരം ക്ഷേത്രത്തെപ്പറ്റി ആദ്യമായി പറയുന്നത്. സാഹിത്യകൃതികളില്‍ നിന്നാണ് തിരുവനന്തപുരത്തേയും ശ്രീപത്മനാഭസ്വാമിക്ഷേത്രത്തേയും പറ്റി ആദ്യവിവരങ്ങള്‍ ലഭിക്കുന്നത്. അതുവരെ ചോളന്മാരുടെ അധീനതയിലായിരുന്ന നാഞ്ചിനാടും അതിനു വടക്കുള്ള പ്രദേശങ്ങളും കൊല്ലവർഷം മൂന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ കൊല്ലം കേന്ദ്രമായുണ്ടായിരുന്ന വേണാടിൽ ലയിക്കുന്നതോടെയാണ് തിരുവിതാംകൂറിന്റെ ആദിരൂപം പ്രത്യക്ഷമാകുന്നതെന്നു പ്രൊ.ഇളംകുളം കുഞ്ഞൻ പിള്ള പ്രസ്താവിക്കുന്നു. ചേരതലസ്ഥാനമായിരുന്ന കൊടുങ്ങല്ലൂരിന്റേയും മുസിരിസ് തുറമുഖത്തിന്റേയും പ്രസക്തി കുറയുന്നതോടെയാണ് കൊല്ലം തുറമുഖം പ്രത്യക്ഷപ്പെടുന്നതെന്നും അവിടത്തെ വ്യാപാരസാദ്ധ്യതകളെ ഉപയോഗപ്പെടുത്തി പിൽക്കാലത്ത് നിലയുറപ്പിച്ച വേണാട്ടുരാജവംശം അവിടെ പനങ്കാവു കൊട്ടാരത്തിലായിരുന്നു ആദ്യകാലത്ത് താമസിച്ചിരുന്നത് എന്നും പറയപ്പെടുന്നു.

രണ്ടാം ചേരരാജവംശത്തിന്റെ തുടർച്ചയിലെ ഒരു കണ്ണിയാണ് ഇവർ എന്നു പറയപ്പെടുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ മാർത്താണ്ഡവർമ്മമഹാരാജാവിന്റെ കാലത്താണ്‌ തിരുവിതാംകൂർ ഏറ്റവും കൂടുതൽ വിസ്തൃതി പ്രാപിച്ചത്. 1948 മാർച്ച് 24 നു പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ ആദ്യത്തെ ജനകീയ മന്ത്രിസഭ അധികാരമേറ്റു. 1949‑ൽ തൊട്ടടുത്ത രാജ്യമായിരുന്ന കൊച്ചിയുമായി കൂട്ടിച്ചേർത്ത് ഉണ്ടാക്കിയ തിരു-കൊച്ചി സംസ്ഥാനത്തിന്റെ തലസ്ഥാനമായി തിരുവനന്തപുരം മാറി. ഇങ്ങനെ രൂപവത്കരിച്ച തിരു-കൊച്ചി സംസ്ഥാനത്തിന്റെ രാജപ്രമുഖനായി 1949 ജൂലൈ 1 മുതൽ 1956 ഒക്ടോബർ 31 വരെ ചിത്തിര തിരുനാൾ ബാലരാമ വർമ്മ മഹാരാജാവ് ഭരിച്ചു. 1949ൽ- തിരു-കൊച്ചി സം‌യോജന സമയം തിരുവിതാംകൂറിലുണ്ടായ മൂന്ന് റവന്യൂ ഡിവിഷനുകളിൽ ഒന്ന് മാത്രമായിരുന്നു തിരുവനന്തപുരം. സം‌യോജനത്തിനുശേഷം റവന്യൂ ഡിവിഷനുകൾ ജില്ലകളായി മാറി. ദിവാൻ പേഷ്കാർ ജില്ലാ കളക്റ്ററായി. അഗസ്തീശ്വരം, തോവാള, കൽക്കുളം, വിളവൻ‍കോട് താലൂക്കുകൾ അടിസ്ഥാനപരമായി തമിഴ് സംസാരിക്കുന്ന സ്ഥലങ്ങളാകയാൽ തമിഴ്നാടിനോട് ചേർക്കപ്പെട്ടു. 1956 നവംബർ 1‑നു കേരളസംസ്ഥാനം രൂപവത്കരിച്ചപ്പോൾ തിരുവനന്തപുരം അതിന്റെ തലസ്ഥാനമായി മാറി.പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടത്തിൽ, സ്വാതിതിരുനാൾ മഹാരാജാവും ആയില്യം തിരുനാൾ മഹാരാജാവും രാജ്യം ഭരിച്ചിരുന്ന സമയത്താണ് ഈ പട്ടണത്തിന്റെ സുവർണ്ണ കാലഘട്ടം എന്നു പറയാവുന്നത്.

“രാജകീയപ്രതാപം, പടയോട്ടം, ജനകീയഭരണങ്ങളുടെ ഉദയാസ്തമയങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം സാക്ഷിയായ ജില്ലയാണ് തിരുവനന്തപുരം. അതേസമയം തിരുവനന്തപുരത്തിന്റെ യഥാര്‍ഥചരിത്രം ഇന്നും ഇരുള്‍മൂടിക്കിടക്കുന്നു. സംഘകാലകൃതികളനുസരിച്ച് കേരളത്തിന്റെതെക്കന്‍ഭാഗങ്ങള്‍ ഭരിച്ചിരുന്നത് ആയ് രാജവംശം ആയിരുന്നു. വിഴിഞ്ഞം അവരുടെ സൈനികകേന്ദ്രവും കാന്തള്ളൂര്‍ശാല സര്‍വ്വകലാശാലയും ആയിരുന്നു. ആയന്‍മാരുടെ വകയായിരുന്നു ശ്രീപത്മനാഭസ്വാമിക്ഷേത്രം. തെക്ക് നാഗര്‍കോവില്‍, വടക്ക് തിരുവല്ല വരെ വ്യാപിച്ചുകിടന്ന ആയ് രാജ്യത്തിന്റെ തലസ്ഥാനം ചെങ്കോട്ടയ്ക്കടുത്തുള്ള ആയികുടിയായിരുന്നു.

കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരസഭയാണ്‌ തിരുവനന്തപുരം നഗരസഭ. തിരുവനന്തപുരത്തിന് തനതായ ഒരു സാംസ്കാരിക പശ്ചാത്തലം ഉണ്ട്. അത് തിരുവിതാംകൂർ രാജവംശത്തിന്റെ കലാ സാംസ്കാരിക പുരോഗമന നയങ്ങളിൽ നിന്നാണ് ഉണ്ടായത് എന്ന് പറയാം. കേരളത്തിലെ മറ്റ് നഗരങ്ങൾ പോലെ തന്നെ സുഗന്ധ വ്യഞ്ജനങ്ങളായിരുന്നു തിരുവനന്തപുരത്തും വ്യാപാരം ചെയ്തിരുന്നത്. എന്നിരുന്നാലും, അക്കാലത്ത് തിരുവനന്തപുരത്തിന്റെ സാമൂഹ്യ‑രാഷ്ട്രീയ‑സാംസ്കാരിക പശ്ചാത്തലം മറ്റ് നഗരങ്ങളിൽ നിന്നും തികച്ചും വിഭിന്നമായിരുന്നു. ആയില്യം തിരുനാളിന്റെ കാലഘട്ടത്തിൽ ജനറൽ ആശുപത്രി (1839), ഓറിയന്റൽ റിസേർച്ച് ഇൻസ്റ്റിട്ട്യൂട്ട്, മാനുസ്ക്രിപ്റ്റ് ലൈബ്രറി, യൂണിവേഴ്സിറ്റി കോളേജ് (1873) എന്നിവ സ്ഥാപിച്ചത്. സംസ്കൃത കലാലയം, ആയുർവ്വേദ കോളേജ്, ലോ കോളേജ്, എന്നിവ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് സ്ഥാപിച്ചത്[10]. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രാഷ്ട്രീയമായും സാമൂഹികമായും വലിയ മാറ്റങ്ങൾക്ക് നഗരം സാക്ഷ്യം വഹിച്ചു. 1904‑ൽ സ്ഥാപിച്ച ശ്രീമൂലം അസംബ്ലി ആണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ, ജനങ്ങൾ തിരഞ്ഞെടുത്ത നിയമസഭാ സമിതി. ഒരിക്കലും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നേരിട്ടുള്ള ഭരണത്തിൻ കീഴിൽ ആയിരുന്നില്ല എങ്കിലും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഈ നഗരം സജീവമായി പങ്കെടുത്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഈ നഗരത്തിൽ വളരെ സജീവമായിരുന്നു. 1962‑ൽ തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിതമായതോടെ തിരുവനന്തപുരം ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന്റെ കളിത്തൊട്ടിൽ ആയി മാറി.