ഭക്ഷ്യ വിഷബാധയേറ്റത് ഒമ്പത് പേർക്ക്; തലസ്ഥാനത്തെ പ്രമുഖ ഹോട്ടലിന് പൂട്ട് വീണു

Web Desk
Posted on December 08, 2019, 5:01 pm

തിരുവനന്തപുരം: അട്ടക്കുളങ്ങര ബുഹാരി ഹോട്ടലില്‍ വീണ്ടും ഭക്ഷ്യവിഷബാധ. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടികളടക്കം 9 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഇതേതുടര്‍ന്ന് ഹോട്ടല്‍ കോര്‍പറേഷന്‍ ആരോഗ്യവിഭാഗം അധികൃതരെത്തി അടപ്പിച്ചു. ഹോട്ടലില്‍ വിളമ്പിയ ഭക്ഷണം ആദ്യം കഴിച്ച കുട്ടികള്‍ അവിടെ വച്ചു തന്നെ ഛര്‍ദ്ദിക്കുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. ചിക്കനില്‍ നിന്നും രൂക്ഷഗന്ധം ഉണ്ടായെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ പറയുന്നു. ഇന്ന് രാവിലെ ബുഹാരി ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ രണ്ട് കുടുംബങ്ങളിലെ ഒന്‍പത് പേരാണ് ഭക്ഷ്യവിഷബാധയുണ്ടായി ആശുപത്രിയിലായിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരേയും തിരുവനന്തപുരം ഈസ്റ്റ് ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലും വിവരം അറിയിച്ചെങ്കിലും ആരും സംഭവസ്ഥലത്തേക്ക് എത്തിയില്ല.

പരാതി ഒതുക്കാനും വിളമ്പിയ ഭക്ഷണം തിരിച്ചെടുക്കാനും ഹോട്ടല്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും പരാതിക്കാര്‍ അതിനു തയ്യാറായില്ല. എന്നാല്‍ അടുക്കളയിലുണ്ടായിരുന്ന മറ്റു ഭക്ഷണസാധനങ്ങളെല്ലാം ഹോട്ടലുകാര്‍ മാറ്റിയതായി ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ പറയുന്നു.പലതവണ കോര്‍പറേഷന്‍ ആരോഗ്യവിഭാഗം ഈ ഹോട്ടല്‍ അടപ്പിച്ചിരുന്നുവെങ്കിലും താത്കാലിക അറ്റകുറ്റപ്പണികള്‍ നടത്തി ഹോട്ടല്‍ വീണ്ടും തുറക്കുകയാണ് പതിവ്. 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്ന ഈ ഹോട്ടലിനെതിരെ പതിവായി പരാതികള്‍ വരുന്ന സാഹചര്യത്തില്‍ കര്‍ശന നിരീക്ഷണത്തിനും പരിശോധനയ്ക്കും ശേഷം മാത്രമേ ഇനി ഹോട്ടല്‍ തുറക്കാന്‍ അനുവദിക്കൂ എന്നും തിരുവനന്തപുരം മേയര്‍ അറിയിച്ചു.

you may also like this video;