ഷാജി ഇടപ്പള്ളി

കൊച്ചി

July 31, 2020, 1:48 pm

ട്രോളിങ് നിരോധനം ഇന്ന് തീരും: ആശങ്ക തീരാതെ തീരമേഖല

Janayugom Online

സംസ്ഥാനത്തെ 52 ദിവസത്തെ മൺസൂൺകാല ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രിയോടെ പൂർത്തിയാകും. ട്രോളിങ് അവസാനിക്കുന്നതോടെ രാത്രിയിൽ കടലിൽ പോകാൻ ബോട്ടുകളും ഒരുങ്ങികഴിഞ്ഞു. എന്നാലും മത്സ്യബന്ധന മേഖല സജീവമാകാൻ ഇനിയും ദിവസങ്ങളെടുക്കും.
കോവിഡ് പ്രതിരോധ നടപടികളെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധികളുടെ ദുരിതത്തിനിടയിലാണ് കഴിഞ്ഞ ജൂൺ ഒമ്പതു മുതൽ തുടങ്ങിയ ട്രോളിംഗ് നിരോധനവും കടന്നുപോകുന്നത്.

ലോക്ഡൗണും ന്യൂനമർദ്ദവും ചുഴലിക്കാറ്റും കടൽക്ഷോഭവും ഉൾപ്പെടെ കാലാവസ്ഥയിൽ ഉണ്ടായ മാറ്റങ്ങളുമെല്ലാം മത്സ്യത്തൊഴിലാളികൾക്ക് ഒരുപാട് തൊഴിൽ നഷ്ടപ്പെടുത്തിയിരുന്നു. ട്രോളിങ് നിരോധനം അവസാനിക്കുമെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ ശക്തമായി തുടരുന്നതിന്റെ ഭാഗമായി പ്രധാനപ്പെട്ട ഹാർബറുകളും ഫിഷ് ലാൻഡിംഗ് സെന്ററുകളും മാർക്കറ്റുകളും അടഞ്ഞുകിടക്കുന്നതും മത്സ്യവിപണനത്തിനുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്നതും തീരദേശ മേഖലയിൽ കടുത്ത ആശങ്കയാണ് വിതക്കുന്നത്.

ട്രോളിങ നിരോധനം യന്ത്രവല്കൃത ഇൻബോർഡ് വള്ളങ്ങൾക്കും പരമ്പരാഗത ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കും ബാധകമായിരുന്നില്ലെങ്കിലും ഈ കാലയളവിൽ കാര്യമായ തൊഴിലും മത്സ്യവും ലഭിക്കാതിരുന്നത് മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ ദുരിതത്തിലാക്കി.
മത്സ്യ സംസ്കരണം, ഐസ് പ്ലാന്റ്, പീലിങ് ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട അനുബന്ധ മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികൾക്കും തൊഴിൽ ഇല്ലാത്ത സ്ഥിതിയായിരുന്നു. സമീപ കാലയളവിലൊന്നും മത്സ്യ തൊഴിലാളികൾ ഇത്തരമൊരു പ്രതിസന്ധിയെ അഭിമുഖീകരിച്ചിട്ടില്ല. എന്നിട്ടും രാജ്യത്തിന് വൻ തോതിൽ വിദേശനാണ്യം നേടിത്തരുന്ന മത്സ്യമേഖലയെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ യാതൊരുവിധ സഹായവും നൽകിയില്ലെന്നുള്ള പ്രതിഷേധവും മത്സ്യത്തൊഴിലാളികൾക്കിടയിലുണ്ട്.

യന്ത്രവൽകൃത മത്സ്യബന്ധന ബോട്ടുകളും എൻജിൻ ഘടിപ്പിച്ച യാനങ്ങളുമടക്കം 4,200 ഓളം ബോട്ടുകൾക്കായിരുന്നു നിരോധനം ബാധകമായിരുന്നത്. ഇക്കാലയളവിൽ ബോട്ടുകളുടേയും വലയടക്കമുള്ള മറ്റ് സാമഗ്രികളുടേയും അറ്റകുറ്റപ്പണികളും പെയിന്റിങ്ങും പരമാവധി പൂർത്തിയാക്കിയിട്ടുണ്ട്. മത്സ്യബന്ധന ബോട്ടുകളിൽ കുളച്ചൽ സ്വദേശികളും ഇതര സംസ്ഥാന തൊഴിലാളികളും ഉൾപ്പെടെ ഏകദേശം എഴുപതിനായിരത്തോളം മത്സ്യ തൊഴിലാളികൾ മീൻ പിടിക്കാൻ പോകുന്നുണ്ട്. നിയന്ത്രണങ്ങള്‍ കർശനമായി നടപ്പാക്കാൻ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും മറൈൻ എൻഫോഴ്സ്മെന്റും കടലിലും ഹാർബറുകളിലും അഴിമുഖത്തും നിരീക്ഷണം ഊർജിതമാക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.

ENGLISH SUMMARY:Trolling ban ends today
You may also like this video