September 30, 2022 Friday

അധ്യാപകരുടെ റേഷന്‍കട അനുഭവം: സാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍ ചാകര

ഷിബു ടി ജോസഫ്
കോഴിക്കോട്
May 7, 2020 7:19 pm

ലോക്ഡൗണ്‍ കാലത്ത് സംസ്ഥാനത്തെ ജനജീവിതം സുഗമമാക്കുന്നതിന് അധ്യാപകരുടെ സേവനം കൂടി ഉപയോഗിക്കുന്ന ഘട്ടത്തില്‍ സാമൂഹ്യമാധ്യങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന ട്രോളുകള്‍ അതിരുവിടുന്നതായി വ്യാപക ആക്ഷേപം. സര്‍ക്കാര്‍ ജീവനക്കാരുടെ ആറുദിവസത്തെ ശമ്പളം കടമെടുക്കേണ്ടി വന്ന സാഹചര്യത്തില്‍ ഒരു പ്രതിപക്ഷ അധ്യാപക സംഘടനയുടെ ഔചിത്യമില്ലാത്ത നടപടികളോടുള്ള പൊതു സമൂഹത്തിന്റെ പ്രതികരണമാണ് അധ്യാപകരുടെ കൊറോണ സേവനപ്രവര്‍ത്തനങ്ങളെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകളായി സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്നത്.

അത്യന്തം വിമര്‍ശനരൂപത്തിലുള്ള ട്രോളുകള്‍ മുതല്‍ അതീവഹാസ്യം വിളമ്പുന്നതടക്കം ആയിരക്കണക്കിന് ട്രോളുകളാണ് ഫേസ് ബുക്കും വാട്‌സ് ആപ്പും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ രണ്ട് ദിവസങ്ങളായി നിറയുന്നത്.

അധ്യാപകര്‍ റേഷന്‍ കടകളുമായി ബന്ധപ്പെട്ട് സേവനം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഇവയില്‍ ബഹുഭൂരിപക്ഷവും.റേഷന്‍ തരാം, അതിന് മുമ്പ് ഗോതമ്പ് റാബി വിളയോ അതോ ഖാരിഫ് വിളയോ എന്ന് റേഷന്‍ വാങ്ങാനെത്തിയ വിദ്യാര്‍ത്ഥിയോട് ചോദിക്കുന്ന അധ്യാപകന്‍. റേഷന്‍ വാങ്ങാനെന്ന വ്യാജേന മാഷിനോട് സംശയം ചോദിക്കാനെത്തിയ പഠിപ്പി.

റേഷന്‍ കടയെക്കുറിച്ച് സാഹിത്യം പറയുന്ന മലയാളം മാഷ്, സോറി പി എച്ച് വാല്യു പറയാതെ മണ്ണെണ്ണ തരില്ലെന്ന് വിദ്യാര്‍ത്ഥിയോട് മറയുന്ന കെമിസ്ട്രി അധ്യാപകന്‍, ഇത് ചന്തയല്ല എന്ന് സാധനം വാങ്ങാനെത്തിയവര്‍ സംസാരിച്ചപ്പോള്‍ ദേഷ്യപ്പെടുന്ന മാഷ് തുടങ്ങി ആയിരക്കണക്കിന് രസകരമായ പരിഹാസങ്ങളാണ് ട്രോളുകളായി ഇറങ്ങിയിരിക്കുന്നത്.

സംസ്ഥാനത്ത് അതീവജാഗ്രതാനിര്‍ദ്ദേശമുള്ള ഹോട്ട് സ്‌പോട്ടുകളില്‍ ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. കൊറോണ വ്യാപനത്തെ അതിശക്തമായി നേരിട്ട കേരളത്തില്‍ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭംഗമുണ്ടാകാതിരിക്കാനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി റേഷന്‍ സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചുകൊടുക്കാനുള്ള നടപടികളും വളരെ കൃത്യമായി നടക്കുന്നുണ്ട്.


ഈ പ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ മറ്റ് വകുപ്പുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ജോലിത്തിരക്കുകള്‍ കാരണം സാധിക്കാതെ വന്നപ്പോഴാണ് സര്‍ക്കാര്‍ അധ്യാപകരുടെ സഹായം അഭ്യര്‍ത്ഥിച്ചത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് അധ്യാപകരുടെ സേവനം നിലവില്‍ ആവശ്യപ്പെട്ടത്.

കൊറോണ ബാധ അല്‍പം അതിരുവിട്ട മേഖലകളായതിനാല്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആ സ്ഥലങ്ങളില്‍ ആവശ്യമായിരുന്നു .ഇതോടൊപ്പം അതിര്‍ത്തി മേഖലകളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവരുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്നതിനും അധ്യാപകരുടെ സഹായം ലഭിക്കുന്നുണ്ട്.


എന്നാല്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ മെയ് 22ന് ശേഷം നടക്കുമെന്ന അറിയിപ്പുണ്ടായതോടെ അധ്യാപകരെ ഇത്തരം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ന്ന് ഉപയോഗിക്കാനിടയില്ല. മുടങ്ങിപ്പോയ പരീക്ഷകളുടെ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങള്‍ സ്‌കൂളുകളില്‍ ഉടന്‍ തന്നെ ആരംഭിക്കേണ്ട സാഹചര്യമുള്ളതിനാല്‍ നിലവില്‍ പ്രചരിപ്പിക്കപ്പെട്ട തരത്തിലുള്ള സേവന പ്രവര്‍ത്തനങ്ങളൊന്നും അധ്യാപകര്‍ ചെയ്യേണ്ട സാഹചര്യമുണ്ടാവുകയുമില്ല.


എന്നാല്‍ ആറുദിവസത്തെ ശമ്പളം കടമെടുക്കുന്നതിനെതിരെ ഒരു ന്യൂനപക്ഷം അധ്യാപകര്‍ പ്രത്യേക രാഷ്ട്രീയ താല്‍പര്യങ്ങളോടെ സംസ്ഥാന സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്യാന്‍ പ്രചാരണം അഴിച്ചുവിട്ടപ്പോള്‍ പൊതു സമൂഹം ശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ നടത്തിയത്.

ബഹുഭൂരിപക്ഷം അധ്യാപകരും സര്‍ക്കാരിനൊപ്പം നിലകൊണ്ട് കൊറോണ പ്രതിരോധത്തിനായി വലിയ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചപ്പോള്‍ അതിനെയെല്ലാം അപഹാസ്യമാക്കുന്ന നടപടിയായിരുന്നു പ്രതിപക്ഷ അധ്യാപക സംഘടന നടത്തിയത്. ഇതിന്റെ പ്രതിഷേധം കെട്ടടങ്ങിയിട്ടില്ല എന്നതിന്റെ തെളിവാണ് അധ്യാപകരുടെ സഹായം കൊറോണ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.


ചെറിയൊരു വിഭാഗം അധ്യാപകരുടെ സ്വാര്‍ത്ഥത അധ്യാപക സമൂഹത്തെ ഒന്നടങ്കം പരിഹാസത്തിനിരയാക്കുന്ന തരത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുകയായിരുന്നു.സംസ്ഥാനത്ത് ആയിരക്കണക്കിന് അധ്യാപകരാണ് കൊറോണക്കാലത്ത് സന്നദ്ധ സേവനത്തിനായി രംഗത്തിറങ്ങിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ സംസ്ഥാനത്തുടനീളം തുറന്ന സമൂഹ അടുക്കള അടക്കമുള്ളതില്‍ കേരളത്തിലെ അധ്യാപകര്‍ വലിയ സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് കാഴ്ച വച്ചത്. ഇതിനിടെയാണ് വളരെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പോലും വേദനയും മാനഹാനിയുമുണ്ടാക്കുന്ന വിധത്തിലുള്ള ട്രോളുകളും പരിഹാസങ്ങളും പ്രചരിപ്പിക്കപ്പെടുന്നത്.

Eng­lish Sum­ma­ry: Trolls about teach­ers placed in ration shops

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.