കശ്മീര്‍ താഴ്‌വരയില്‍ കൂടുതല്‍ അര്‍ധസൈനികരെ വിന്യസിച്ചു, അസാധാരണ നടപടി ദുരൂഹം

Web Desk
Posted on August 02, 2019, 11:21 am

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ കൂടുതല്‍ അര്‍ധസൈനികരെ വിന്യസിച്ചു തുടങ്ങി. അസാധാരണ നടപടി നാട്ടുകാരില്‍ സംശയമായി.
28000 സൈനികരെയാണ് വിന്യസിക്കുന്നത്. ഇത്രയേറെപ്പേരെ വിന്യസിക്കാനുള്ള കാരണം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ശ്രീനഗറിലെ പ്രശ്‌നബാധിത മേഖലകളിലും താഴ്‌വരയിലെ മറ്റ് പ്രദേശങ്ങളിലുമാണ് ഇവരെ വിന്യസിച്ചത്. ഒരാഴ്ചമുമ്പ് 10000 വരുന്ന സേനയെ വിന്യസിച്ചതിനു പുറമേയാണിത്. ഇതോടെ അസാധാരണമായതെന്തോ സംഭവിക്കാന്‍ പോകുന്നു എന്ന ആശങ്കയിലാണ് താഴ്വരയിലെ ജനങ്ങള്‍. അവര്‍ കൂടുതല്‍ഭക്ഷ്യസാധനങ്ങള്‍ കരുതുകയും പരിപാടികള്‍ റദ്ദാക്കുകയും ചെയ്യുകയാണ്.

ചില ആരാധനാലയങ്ങളുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇവയ്ക്കു കാവല്‍നില്‍ക്കുന്ന ഉദ്യോഗസ്ഥരെ വിദേശ ഭീകരര്‍ ലക്ഷ്യംവെക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്നാണ് നടപടി.എന്നാല്‍ ഓഗസ്റ്റ് 15ന് എല്ലായിടവും ഇന്ത്യന്‍ പതാക ഉയര്‍ത്തുന്നതിനു മുന്നോടിയായാണ് ഇതെന്ന് സൂചനയുണ്ട്.

വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വേനലവധി നേരത്തെ തുടങ്ങിയതിനാല്‍ വ്യാഴാഴ്ച ഇവയെല്ലാം അടച്ചു. അമര്‍നാഥ് തീര്‍ഥാടകര്‍ക്കായി ഒരുക്കിയിട്ടുള്ള ഭോജനശാലകളില്‍ ചിലതും പൂട്ടി. ഈ നടപടികളും സൈനികവിന്യാസവും ക്രമസമാധാനനില തകരാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണെന്നു കരുതിയാണ് നാട്ടുകാര്‍ അവശ്യസാധനങ്ങള്‍ ശേഖരിച്ചു തുടങ്ങിയത്. ദേശീയസുരക്ഷാ ഉപദേശകന്‍ അജിത് ഡോവലിന്റെ ജൂലൈ 24 മുതല്‍ 26വരെ നടന്ന മൂന്നുദിവസത്തെ കാശ്മീര്‍ സന്ദര്‍ശനത്തിനുശേഷമാണ് താഴ് വരയില്‍ സൈനികശേഖരം എത്തിയത്.