Web Desk

June 03, 2020, 8:47 pm

മധ്യഅമേരിക്കയില്‍ അമാന്‍ഡ കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 26 ആയി

Janayugom Online

സാന്‍സാല്‍വദോര്‍: അമാന്‍ഡ കൊടുങ്കാറ്റില്‍ മധ്യ അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 26 ആയി. ഇതിനിടെ മെക്സിക്കോ കടലിടുക്കില്‍ പുതിയൊരു കൊടുങ്കാറ്റ് രൂപം കൊണ്ടതായും റിപ്പോര്‍ട്ടുണ്ട്.

എല്‍സാല്‍വദോറിലും സമീപപ്രദേശങ്ങളായ ഗ്വാട്ടിമാലയിലും ഹോണ്ടുറാസിലും ശക്തമായ മഴയും കാറ്റും തുടരുകയാണ്. ഇതേ തുടര്‍ന്ന് വെള്ളപ്പൊക്കവും ഉണ്ടായിട്ടുണ്ട്. ഈ മേഖലകളില്‍ വൈദ്യുത ബന്ധവും താറുമാറായി. എല്‍സാല്‍വദോറില്‍ മാത്രം മരണം 20 ആയി.

ഏഴ് പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ ഒരാളെ ജീവനോടെ കണ്ടെത്തിയതായും വാര്‍ത്തകള്‍ വരുന്നുണ്ട്. രണ്ടായിരം വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായി എല്‍സാല്‍വദോറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ കരോലിന റെസിനോസ് പറഞ്ഞു. അതീവ ഗുരുതര മേഖലകളില്‍ നിന്ന് എണ്ണായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു.

പുതുതായി രൂപം കൊണ്ട ക്രിസ്റ്റോബല്‍ എന്ന കൊടുങ്കാറ്റും ശക്തമായ മഴയ്ക്ക് കാരണമാകുമെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഒഴുക്കില്‍ പെട്ട് ഹോണ്ടുറാസില്‍ നാല് പേര്‍ മരിച്ചു. രാജ്യത്തെ വിവിധയിടങ്ങളില്‍ കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഗ്വാട്ടിമാലയില്‍ രണ്ട് പേരാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കുമുണ്ട്. ഇവിടെ അഞ്ഞൂറോളം വീടുകളാണ് തകര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു.

eng­lish sum­ma­ry: Trop­i­cal Storm Aman­da Death Count Ris­es To 26 In Cen­tral America

you also may like this video