കശ്മീരില്‍ നിഗൂഢ സേനാവിന്യാസം യുദ്ധസമാനം

Web Desk
Posted on August 05, 2019, 12:44 am

സ്വന്തം ലേഖകന്‍

ശ്രീനഗര്‍: നിഗൂഢമായ സേനാവിന്യാസത്തിന് പിന്നാലെ കശ്മീരില്‍ യുദ്ധസമാനമായ അന്തരീക്ഷവും ജനങ്ങളില്‍ അശാന്തിഭീതിയും. അഭൂതപൂര്‍വ്വമായ സേനാവിന്യാസവും യുദ്ധസമാനമായ സാഹചര്യങ്ങളും കശ്മീരിന്റെ പ്രത്യേക പദവി നീക്കുന്നതിന് മുന്നോടിയാണെന്നാണ് വിലയിരുത്തലുകള്‍. ബിജെപി എംപിമാര്‍ക്ക് മൂന്ന് ദിവസം ഇരുസഭകളിലും ഹാജരാകണമെന്ന് വിപ്പ് നല്‍കിയതും ഗുരുതരമായതെന്തോ ചെയ്യാന്‍ പോകുന്നുവെന്നതിന്റെ സൂചനകളായി. തിങ്കള്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ രാജ്യസഭയിലും ലോക്‌സഭയിലും ഹാജരാകണമെന്നാണ് വിപ്പുനല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സുരക്ഷ കൂട്ടാനും നിര്‍ദ്ദേശമുണ്ട്.
വന്‍തോതില്‍ സൈന്യത്തെ വിന്യസിക്കുകയും അമര്‍നാഥ് തീര്‍ഥാടകരോടും വിനോദസഞ്ചാരികളോടും മടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തതോടെ കശ്മീര്‍ ജനതയും ആശങ്കയിലാണ്. കേന്ദ്രസര്‍ക്കാര്‍ നീക്കം എന്ത് ലക്ഷ്യമിടുന്നതാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. അതിനിടെ അതിര്‍ത്തിയില്‍ ശക്തമായ പാകിസ്ഥാന്‍ ഷെല്ലാക്രമണവും നുഴഞ്ഞുകയറ്റ ശ്രമങ്ങളും യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് നയിക്കുകയാണ്.
കശ്മീര്‍ വിഷയത്തില്‍ ഇന്റലിജന്‍സ് മേധാവികളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ച നടത്തിയതിനും നിരീക്ഷകര്‍ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ, ഇന്റലിജന്‍സ് ബ്യൂറോ മേധാവി അരവിന്ദ് കുമാര്‍, റോ മേധാവി സാമന്ത് ഗോയല്‍ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു.
ആര്‍ട്ടിക്കിള്‍ 370,35എ എന്നിവ നീക്കംചെയ്യുമെന്ന് ബിജെപി പ്രകടനപത്രികയിലൂടെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്നതാണ് ഭരണഘടനയിലെ അനുച്ഛേദം 370. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ജമ്മു കശ്മീരില്‍ സ്ഥിരതാമസമാക്കുന്നതും ഭൂമിയോ സ്വത്ത് വകകളോ വാങ്ങുന്നതും സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതും വിലക്കുന്നതാണ് അനുച്ഛേദം 35എ. സംസ്ഥാനത്തിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തു കളയാനുള്ള ഏതൊരു നീക്കവും ചെറുക്കുമെന്നാണ് കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
അപ്രതീക്ഷിത സൈനികവിന്യാസം സാധാരണ ജനങ്ങളെ കടുത്ത ഭീതിയിലാഴ്ത്തി. താഴ്‌വരയില്‍ നിന്ന് കൂട്ടപ്പലായനം തുടരുകയാണ്. അവശ്യസാധനങ്ങള്‍ സംഭരിക്കാനുള്ള തിരക്കിന് പിന്നാലെ ക്ഷാമവും അനുഭവപ്പെട്ടുതുടങ്ങി. സാധാരണരീതിയില്‍ സുരക്ഷ ശക്തമാക്കിയതാണെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക് ഉറപ്പുനല്‍കിയെങ്കിലും സ്ഥിതിഗതികള്‍ക്ക് മാറ്റമുണ്ടായിട്ടില്ല.
സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി അമര്‍നാഥ് തീര്‍ത്ഥാടകരും സഞ്ചാരികളും അടക്കമുള്ളവരും ഉടന്‍ സംസ്ഥാനം വിടണമെന്ന അസാധാരണ നിര്‍ദ്ദേശമായിരുന്നു ആഭ്യന്തര മന്ത്രാലയം കഴിഞ്ഞദിവസം നല്‍കിയത്. ഇതനുസരിച്ച് ഇരുപതിനായിരത്തോളം വിനോദസഞ്ചാരികളെ കശ്മീരില്‍ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധ വേളയില്‍ പോലും ടൂറിസ്റ്റുകളോട് കശ്മീര്‍ താഴ്‌വര വിടാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കോളജ് ഹോസ്റ്റലുകള്‍ അടച്ചുപൂട്ടുക, ഭക്ഷ്യധാന്യം സംഭരിക്കുക. ഡോക്ടര്‍മാരുടെ അവധി റദ്ദാക്കുക തുടങ്ങിയ സൈനികര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ചോര്‍ന്നതും ജനങ്ങളില്‍ പരിഭ്രാന്തി പടരുന്നതിന് കാരണമായി. ക്ലാസുകള്‍ റദ്ദാക്കിയതോടെ കശ്മീര്‍ എന്‍ഐടിയിലെ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള 300 ലധികം വിദ്യാര്‍ഥികള്‍ സംസ്ഥാനം വിട്ടിട്ടുണ്ട്.
കശ്മീരിലേക്ക് 35,000 അര്‍ദ്ധസൈനികരെ അധികമായി നിയോഗിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ആദ്യഘട്ടത്തില്‍ 10,000 പേരെ നിയോഗിച്ചു. പിന്നീട് 25,000 സൈനികരെ കൂടി നിയോഗിക്കാന്‍ തീരുമാനിച്ചു. ഇവരില്‍ 28,000 സൈനികര്‍ കശ്മീരിലെത്തിയിട്ടുണ്ട്. ഇതോടെ ജമ്മു കശ്മീരിലെ അര്‍ദ്ധ സൈനികരുടെ എണ്ണം 1,80,000 കടന്നു. നിലവില്‍ കശ്മീരില്‍ ആകെയുള്ള സൈനികബലം നാലര ലക്ഷത്തിലേറെ വരും.
അതിനിടെ പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ് അടക്കം ജമ്മു കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ യോഗം ചേര്‍ന്നു. ഹോട്ടലുകളും ഹാളുകളും രാഷ്ട്രീയകക്ഷികള്‍ക്ക് വിട്ടുനല്‍കരുതെന്ന് പൊലീസ് നിര്‍ദ്ദേശം പുറപ്പെടുവിച്ചതോടെ പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയുടെ വസതിയിലായിരുന്നു യോഗം. വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ളയുടെ അധ്യക്ഷതയില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ രാഷ്ട്രീയകാര്യ സമിതി യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തി.
അതേസമയം കശ്മീരിലേക്ക് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ബ്രിട്ടനും ജര്‍മ്മനിയും അടക്കമുള്ള വിദേശരാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.