കറുത്ത മുഖാവരണം അണിഞ്ഞതില്‍ മാപ്പ് പറഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി

Web Desk
Posted on September 19, 2019, 11:23 am

ടൊറന്റോ: കറുപ്പ്, തവിട്ട് നിറങ്ങളിലുള്ള മെയ്ക്ക് അപ്പില്‍ ഒരു വാര്‍ഷിക പതിപ്പിന്റെ കവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതില്‍ മാപ്പ് പറഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്ത്. 2001ല്‍ നടന്ന അറേബ്യന്‍ നൈറ്റ്‌സ് പശ്ചാത്തലമാക്കിയൊരുക്കിയ ഒരു പാര്‍ട്ടിയിലാണ് ട്രൂഡോ ഇത്തരത്തില്‍ മെയ്ക്ക് ഓവര്‍ നടത്തിയത്.

അന്നത്തെ ചിത്രം ഇപ്പോള്‍ ടൈമിന്റെ വാര്‍ഷിക പതിപ്പില്‍ കവറാക്കുകയും അത് വിവാദമാകുകയുമായിരുന്നു. അതിന് പിന്നാലെയാണ് മാപ്പ് അപേക്ഷയുമായി അദ്ദേഹം എത്തിയത്. ഇത്തരത്തിലുയര്‍ന്ന വിവാദം രണ്ടാമൂഴത്തിന് ഇറങ്ങുന്ന അദ്ദേഹത്തിന് ഏറെ വെല്ലുവിളികള്‍ ഉയര്‍ത്തുമെന്നാണ് വിലയിരുത്തല്‍.

വാന്‍കൂവറിലെ വെസ്റ്റ് പോയിന്റ് ഗ്രെ അക്കാഡമിയില്‍ അധ്യാപകനായിരിക്കെയാണ് അദ്ദേഹം ഇത്തരമൊരു വേഷത്തില്‍ എത്തിയത്. അന്ന് 29 വയസ് മാത്രമുള്ള ട്രൂഡോ തലയില്‍ തൂവല്‍ തൊപ്പി ധരിച്ചും മുഖം കറുപ്പിച്ചുമാണ് പ്രത്യക്ഷപ്പെട്ടത്. അലാവുദ്ദീന്റെ വേഷമാണിതെന്നാണ് ട്രൂഡോയുടെ വിശദീകരണം. വംശീയത ചൂണ്ടിക്കാട്ടിയാണ് ട്രൂഡോയ്‌ക്കെതിരെ വിവാദം ഉയര്‍ന്നിരിക്കുന്നത്.

ഇത്തരത്തില്‍ ചെയ്യരുതായിരുന്നുവെന്നും എന്നാല്‍ സംഭവിച്ച് പോയി എന്നുമാണ് ട്രംപ് കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ കുറ്റസമ്മതം നടത്തിയത്. സ്‌കൂള്‍ പഠനകാലത്തും ഇത്തരത്തില്‍ വേഷമിട്ട് താന്‍ ദേശീയ ഗാനം ആലപിച്ചിട്ടുണ്ടെന്നം ട്രൂഡോ വ്യക്തമാക്കി.
ഒരു കാലത്ത് രാജ്യാന്തരതലത്തില്‍ തന്നെ ഏറെപ്രിയപ്പെട്ടവനായിരുന്ന ഈ ലിബറല്‍ നേതാവിന് പക്ഷേ ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥ അത്ര അനുകൂലമല്ല. കഴിഞ്ഞാഴ്ച മുതല്‍ അദ്ദേഹം തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ആന്‍ഡ്രൂ ഷിയറാണ് ഇദ്ദേഹത്തിന് പ്രധാനമായും വെല്ലുവിളിയായി രംഗത്തുള്ളത്. ഇദ്ദേഹം തന്നെയാണ് കഴിഞ്ഞ ദിവസം ട്രൂഡോയുടെ ചിത്രത്തിനെതിരെ ശക്തമായി ആഞ്ഞടിച്ചത് എന്നതും ശ്രദ്ധേയമാണ്. ഇതൊരു പരസ്യ പരിഹസിക്കലും വര്‍ണവെറിയുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഫോട്ടോ തന്നെ ഞെട്ടിപ്പിച്ചെന്നും നിരാശപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ ജീവിതകാലം മുഴുവന്‍ വര്‍ണവെറിയ്‌ക്കെതിരെ നിലകൊണ്ട ആളാണെന്നും അസഹിഷ്ണുതയ്‌ക്കെതിരെയായിരുന്നു തന്റെ ജീവിത പോരാട്ടം മുഴുവനെന്നും ട്രൂഡോ വിശദീകരിച്ചു. ഉള്‍ക്കൊള്ളലിന്റെയും വൈവിധ്യത്തിന്റെയും അപ്പോസ്തലനെന്നാണ് ട്രൂഡോയുടെ പ്രതിച്ഛായ.

ആദ്യമായി പ്രധാനമന്ത്രിപദത്തില്‍ എത്തിയപ്പോള്‍ തന്നെ കാനഡയുടെ വൈവിധ്യം വിളിച്ചോതുന്ന തരത്തിലുള്ള ഒരു മന്ത്രിസഭ രൂപീകരിച്ച് കൊണ്ടാണ് അദ്ദേഹം ആദ്യം ജനകീയപ്രധാനമന്ത്രിയായത്. ഇന്ത്യയിലെ മോഡി സര്‍ക്കാരിലുള്ളതിനെക്കാള്‍ കൂടുതല്‍ സിക്ക് വംശജര്‍ മന്ത്രിമാരായുള്ളത് കാനഡയിലാണ്.

പ്രധാനമന്ത്രി മാപ്പ് പറഞ്ഞതിന് നന്ദി പറഞ്ഞ് കനേഡിയന്‍ മുസ്‌ലിം ദേശീയ സമിതി രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വേഷപ്പകര്‍ച്ച ഏറെ ദുഃഖിതനായിക്കിയെന്ന് നേരത്തെ സമിതിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുസ്തഫ ഫറൂഖ് ട്വീറ്റ് ചെയ്തിരുന്നു.