രാജ്യം സജീവമായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന റിപ്പബ്ലിക് ടി വി ഉൾപ്പെട്ട ടിആർപി തട്ടിപ്പ് കേസിൽ മുംബൈ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ കേസ് അട്ടിമറിക്കാൻ കേന്ദ്രത്തിന്റെ ഒത്താശയോടെ യുപി സർക്കാർ നീക്കം. ടിആർപി വിഷയത്തിൽ യുപി പൊലീസിന് ലഭിച്ച പരാതിയിന്മേൽ അന്വേഷണം സിബിഐക്ക് വിടാൻ തിടുക്കത്തിൽ യുപി സർക്കാർ നിർദ്ദേശിക്കുകയായിരുന്നു. കേന്ദ്ര നിയന്ത്രണത്തിലുള്ള സിബിഐക്ക് കേസ് കൈമാറുന്നത് മുംബൈ പൊലീസിനെ ചിത്രത്തിൽ നിന്ന് ഒഴിവാക്കുന്നതിനാണെന്നത് വ്യക്തം. വ്യാജ ടിആർപി റേറ്റിങ് കുംഭകോണത്തിൽ ഈ മാസം എട്ടിനാണ് മുംബെെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
റിപ്പബ്ലിക് ടിവിയടക്കം മൂന്ന് ചാനലുകൾ ടിആർപി റേറ്റ് നിയമവിരുദ്ധ കൗശലങ്ങളിലൂടെ വർധിപ്പിക്കുന്നതായായിരുന്നു ആരോപണം. അന്വേഷണത്തിന്റെ ഭാഗമായി, മോഡി സർക്കാരിന്റെ സ്തുതിപാഠകരായ റിപ്പബ്ലിക് ടിവിയുടെ ഉന്നത വൃത്തങ്ങളെ ചോദ്യം ചെയ്യാനും ആരംഭിച്ചിരുന്നു. തങ്ങൾക്കെതിരെ ശിവസേന, കോൺഗ്രസ്, എൻസിപി സഖ്യം ഭരിക്കുന്ന മഹാരാഷ്ട്ര സർക്കാർ രാഷ്ട്രീയവേട്ട നടത്തുകയാണെന്നാണ് റിപ്പബ്ലിക് ചാനലും എഡിറ്റർ ഇൻ ചീഫായ അർണബ് ഗോസ്വാമിയും ആരോപിക്കുന്നത്. മുംബൈ പൊലീസിന്റെ നടപടി മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണെന്ന് ആരോപിച്ച് ബിജെപിയുടെ ഉന്നത നേതാക്കളും രംഗത്തുണ്ട്. ഈ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് യുപി സർക്കാരിന്റെ തിടുക്കത്തിലുള്ള ഇടപെടൽ സംശയങ്ങളുയർത്തുന്നത്.
സ്വന്തം സംസ്ഥാനത്തിനുള്ളിൽ നടക്കുന്ന ക്രിമിനൽ സംഭവങ്ങളിൽ പോലും കേസെടുക്കാൻ തെല്ലും താല്പര്യമില്ലാത്ത യുപി പൊലീസാണ് (ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ ചാർട്ടുകളിൽ കുറ്റകൃത്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് ഉത്തർപ്രദേശ്) ടിആർപി തട്ടിപ്പിൽ കേസെടുത്ത് സിബിഐക്ക് കൈമാറിയിരിക്കുന്നത്. ബിജെപി നിയന്ത്രിക്കാത്ത സംസ്ഥാനത്തെ പൊലീസ് അന്വേഷണം തങ്ങളുടെ സുഹൃദ് ചാനലിനു നേർക്ക് ഉയർത്തിയേക്കാവുന്ന ഭീഷണി മനസ്സിലാക്കിയ കേന്ദ്ര ഭരണകൂടം യുപിയിലെ ആദിത്യനാഥ് സർക്കാരുമായി ചേർന്നു നടത്തിയ നാടകമാണിതെന്നാണ് വിലയിരുത്തൽ. ലഖ്നൗവിലെ ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ ഈ മാസം 17 നായിരുന്നു നാടകത്തിന്റെ ആദ്യഘട്ടം. ഗോൾഡൻ റാബിറ്റ് കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പരസ്യ കമ്പനിയുടെ ഡയറക്ടറാണ് താനെന്ന് സ്വയം പരിചയപ്പെടുത്തിയ കമൽ ശർമ്മ എന്നയാളാണ് പരാതിക്കാരൻ.
പേരെടുത്ത് പറയാതെ ചില ചാനലുകൾ അവരുടെ ടിആർപി റേറ്റിങ് ഉയർത്താൻ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ഇയാളൊരു പരാതിയും തയാറാക്കി നൽകി. സാധാരണഗതിയിൽ, ഇത്തരം പരാതികൾ അത്ര പെട്ടെന്നൊന്നും അന്വേഷണങ്ങളിലേക്ക് കടക്കാറില്ല. ബലാൽസംഗം, കൊലപാതകം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പോലും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വിമുഖത കാണിക്കുന്ന യുപിയിൽ പ്രത്യേകിച്ചും. എന്നാൽ പ്രഥമദൃഷ്ട്യാ വലിയ പ്രാധാന്യമൊന്നുമില്ലാത്ത ഈ പരാതിയിൽ ഉടനടി എഫ്ഐആർ രജിസ്റ്റർ ചെയ്യപ്പെട്ടു. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ വേറെയും നൂറുകണക്കിന് എഫ്ഐആറുകൾ പൊടിപടിച്ചു കിടക്കുന്നുണ്ടെങ്കിലും അതു പരിഗണിക്കാതെ ടിആർപി തട്ടിപ്പിന്റെ വിശദീകരണം മാധ്യമങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കാൻ ലഖ്നൗ പൊലീസ് കമ്മീഷണർ സുജിത് പാണ്ഡെയും സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറി (ഹോം) അവിനാഷ് കുമാർ അവസ്തിയും നേരിട്ടെത്തി. അടുത്ത 48 മണിക്കൂറിനുള്ളിൽ രാഷ്ട്രീയ നാടകത്തിന്റെ രണ്ടാം ഘട്ടത്തിനു തുടക്കമായി. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് സംസ്ഥാന സർക്കാർ കത്തയച്ചു.
ഈ കേസ് കേന്ദ്ര അന്വേഷണ ഏജൻസിയെ ഏൽപ്പിക്കാൻ താക്കറെ സർക്കാർ തയാറാകില്ല എന്നുറപ്പുള്ളതുകൊണ്ടുതന്നെയാണ് ലഖ്നൗവിൽ ഇത്തരത്തിൽ ഒരു നാടകം കേന്ദ്രം സൃഷ്ടിച്ചെടുത്തത്. കേസ് സിബിഐയിലേക്ക് മാറ്റുന്നതിൽ അനാവശ്യ താൽപര്യം കാണിച്ച രാഷ്ട്രീയനേതാക്കളിൽ ആരും തന്നെ കഴിഞ്ഞ ഏതാനും മാസങ്ങളായി ഉത്തർപ്രദേശിനെ വാർത്തകളിൽ നിറച്ചുകൊണ്ടിരിക്കുന്ന ഏറ്റവും കുപ്രസിദ്ധമായ കൂട്ട ബലാത്സംഗ കേസുകളുടെ അന്വേഷണത്തിന് ഈ തിടുക്കം കാട്ടിയവരല്ല എന്നതും ശ്രദ്ധേയമാണ്. ഭരണകക്ഷി എംഎൽഎ കുൽദീപ് സിങ് സെംഗാർ ഉൾപ്പെട്ട ഉന്നാവോ കൂട്ടബലാത്സംഗ കേസ് സിബിഐക്ക് കൈമാറിയത് വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ പ്രധാനമന്ത്രി ഇടപെടാൻ നിർബന്ധിതനായ ശേഷമാണ്.
അതുപോലെ, ഹത്രാസ് കൂട്ടബലാത്സംഗ കേസ് സിബിഐയെ ഏൽപ്പിക്കാനും യുപി സർക്കാരിന് ഒരാഴ്ചയിലേറെ ചിന്തിക്കേണ്ടിവന്നു. യുപി സർക്കാരിന്റെ അഭ്യർഥന ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ കേന്ദ്ര സർക്കാരിന്റെ പേഴ്സണൽ ആന്റ് ട്രെയ്നിങ് ഡിപ്പാർട്ട്മെന്റ് അടിയന്തര പ്രാധാന്യം നൽകി കേസ് സിബിഐ ഏറ്റെടുക്കണമെന്ന വിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണ് ഇപ്പോൾ അരങ്ങേറുന്ന മൂന്നാം ഘട്ടത്തിന് തുടക്കമായത്.
English summary; TRP Fraud case latest updation
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.