റിപ്പബ്ലിക് ടിവിയുടെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ടിആര്‍പി റേറ്റിങ്ങില്‍ കൃത്രിമം കാണിക്കാന്‍ ടിവി റേറ്റിംഗ് ഏജന്‍സിയായ ബാര്‍ക്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയതായി മുംബൈ പൊലീസ്. ബാര്‍ക്കിന്റെ മുന്‍ സിഇഒ പാര്‍ത്തോ ദാസ് ഗുപ്തക്കും അര്‍ണബ് പണം നല്‍കിയതായി പൊലീസ് വ്യക്തമാക്കിയതായി ‘ദ വയര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാര്‍ത്തോ ദാസ് ഗുപ്തയെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു മുന്‍ ബാര്‍ക് ഉദ്യോഗസ്ഥനും അർണബുമായി ചേർന്ന് തട്ടിപ്പിന്റെ ഭാഗമായിട്ടുണ്ടെന്നും റിപ്പബ്ലിക് ടിവിയുടെ ഹിന്ദിയിലും കൃത്രിമം നടന്നതായും മുംബൈ പൊലീസ് പ്രാദേശിക കോടതിയെ അറിയിച്ചു. ബാര്‍ക്ക് മുന്‍ സിഇഒ ദാസ് ഗുപ്തയാണ് തട്ടിപ്പിന്റെ സൂത്രധാരനെന്നും അദ്ദേഹത്തെ കൂടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പൊലീസ് കസ്റ്റഡിയില്‍ വിട്ടുതരണമെന്നും ക്രൈംബ്രാഞ്ച് വിഭാഗം ആവശ്യപ്പെട്ടു. മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിമാൻഡ് റിപ്പോര്‍ട്ടിലാണ് അര്‍ണബ് ഗോസ്വാമിക്കും ബാര്‍ക്ക് മുന്‍ മേധാവിക്കും എതിരേ മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ച് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
ചില ന്യൂസ് ചാനലുകളുടെ ടിആര്‍പി കൈകാര്യം ചെയ്തതിന് മുന്‍ ബാര്‍ക്ക് സിഇഒ റോമില്‍ രാംഗരിയയും ദാസ് ഗുപ്തയുമായി ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ദാസ് ഗുപ്ത തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് എആര്‍ജി ഔട്ട്‌ലിയര്‍ മീഡിയപ്രൈവറ്റ് ലിമിറ്റഡ്, റിപ്പബ്ലിക് ഭാരത് ഹിന്ദി, റിപ്പബ്ലിക് ടിവി ഇംഗ്ലീഷ് എന്നീ വാര്‍ത്താ ചാനലുകളുടെ ടിആര്‍പി കൃത്രിമം നടത്തിയെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോർട്ടിൽ ആരോപിച്ചിരിക്കുന്നത്.
ബാര്‍ക്ക് സിഇഒ ആയിരിക്കെ ദാസ് ഗുപ്ത, ടിആര്‍പി കൈകാര്യം ചെയ്യുന്നതിനായി അര്‍ണ ബ് ഗോസ്വാമിയും മറ്റുള്ളവരും ചേര്‍ന്ന് ഗൂഢാലോചന നടത്തി. പലപ്പോഴായി ദാസ്ഗുപ്തക്ക് ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയതായും മുംബൈ റിമാന്‍ഡ് റിപ്പോർട്ടിൽ പറയുന്നു. ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും വാങ്ങുവാനാണ് ദാസ് ഗുപ്ത ഈ പണം ഉപയോഗിച്ചതെന്നും പൊലീസ് ആരോപിച്ചു.
കഴിഞ്ഞയാഴ്ച അറസ്റ്റിലായ ദാസ് ഗുപ്തയുടെ പൊലീസ് കസ്റ്റഡി ഇന്നാണ് അവസാനിക്കുന്നത്.
കൂടുതല്‍ പണമിടപാടുകള്‍ നടത്തിയിട്ടുണ്ടോയെന്നും മറ്റ് വാര്‍ത്താ ചാനലുകളുമായും ഇതേ കൃത്രിമം നടത്തിയിട്ടുണ്ടോയെന്നും അറിയാന്‍ ഇയാളെ കസ്റ്റഡിയില്‍ ആവശ്യമാണെന്നും പൊലീസ് പറഞ്ഞു.
ബാര്‍ക് സിഇഒ ആയിരിക്കെ ദാസ് ഗുപ്ത എല്ലാ ചാനലുകളുടെയും ടിആര്‍പി റേറ്റിംഗുകളെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി വച്ചിരിക്കുകയാണെന്നും ഇത് മറ്റുള്ളവര്‍ക്ക് വെളിപ്പെടുത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിവിധ വാര്‍ത്താ ചാനലുകളുടെ ടിആര്‍പി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ 15-ാമത്തെ വ്യക്തിയാണ് ദാസ് ഗുപ്ത.
English Summary: TRP rating rigged: Arnab Bark officials paid lakhs of rupees
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.