Web Desk

മുംബൈ:

October 10, 2020, 3:33 pm

ടിആര്‍പി റേറ്റിങ് തട്ടിപ്പ് : മുംബൈ പൊലീസ് അന്വേഷണം ശക്തമാക്കുന്നു

റിപ്പബ്ലിക്ക് ടിവി സിഎഫ്ഒ ചോദ്യംചെയ്യലിന് ഹാജരായില്ല
Janayugom Online

ടിആര്‍പി റേറ്റിങ് തട്ടിപ്പിൽ സംഘപരിവാർ അനുകൂല റിപ്പബ്ലിക്ക് ടിവിക്കെതിരെ അന്വേഷണം മുംബൈ പൊലീസ് ശക്തമാക്കി. അതേസമയം കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസർ ശിവസുബ്രഹ്മണ്യം പൊലീസ് ചോദ്യം ചെയ്യലിന് ഹാജരായില്ല.
റിപ്പബ്ലിക്ക് ടിവി ഉൾപ്പെടെ മൂന്ന് ചാനലുകള്‍ ടിആര്‍പി റേറ്റിങ്ങില്‍ കൃത്രിമം കാണിച്ചുവെന്നാണ് ആരോപണം. വ്യക്തിപരമായ കാരണങ്ങളാൽ ഹാജരാകാൻ കഴിയില്ലെന്നും ചോദ്യംചെയ്യൽ മാറ്റി ക്രമീകരിക്കണമെന്നും ശിവ സുബ്രഹ്മണ്യം പൊലീസിനെ അറിയിക്കുകയായിരുന്നു. അതേസമയം റിപ്പബ്ലിക്ക് ടിവിയുടെ അക്കൗണ്ടുകൾ ഫോറന്‍സിക് ഓഡിറ്റിന് വിധേയമാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്കാണ് മുംബൈ പൊലീസ് നീങ്ങുന്നത്.

ടിആര്‍പി റേറ്റിങ്ങിലെ തട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സിഎഫ്‌ഒയ്കക്ക് അറിയാന്‍ സാധ്യതയുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. റിപ്പബ്ലിക് ടിവി തലവന്‍ അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്യുമെന്ന സൂചനയും മുംബൈ പൊലീസ് കമ്മിഷണര്‍ പരംബീര്‍ സിങ് നല്‍കിയിട്ടുണ്ട്. കൂടാതെ ചാനലിന്റെ പ്രമോട്ടര്‍മാരും ഡയറക്ടര്‍മാരും ഹാജരാകേണ്ടി വരും. ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നിവയാണ് മറ്റ് രണ്ട് ചാനലുകൾ.

അതേസമയം എഫ്ഐആറിൽ ഇന്ത്യാ ടുഡേക്കെതിരെയും പരാമർശമുണ്ട്. നാലോളം തവണ ഇന്ത്യാ ടുഡേയുടെ പേര് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. നാല് പേരാണ് ഇതുവരെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ളത്. ടിവി ചാനലുകളുടെ കാഴ്ചക്കാർ എത്രയെന്ന് കണ്ടെത്താൻ ടിആർപി റേറ്റിംഗ് സംവിധാനത്തെയാണ് പരസ്യം നൽകുന്നവർ ആശ്രയിക്കുന്നത്.

റേറ്റിംഗ് കണക്കാക്കുന്നതിനായി ബാരോ മീറ്ററുകള്‍ സ്ഥാപിച്ചിരിക്കുന്ന മുംബൈയില്‍ രണ്ടായിരത്തോളം വീട്ടുകാരെ പണം നല്‍കി ചാനലുകള്‍ സ്വാധീനിക്കുന്ന സംഭവമാണ് കഴിഞ്ഞദിവസം സ്ഥിരീകരിച്ചത്. ഹന്‍സ എന്ന ഏജന്‍സിക്കാണ് ഇതിന്റെ മേല്‍നോട്ടം. ഈ വീടുകള്‍ കണ്ടെത്തി തങ്ങളുടെ ചാനലുകള്‍ മാത്രം മുഴുവന്‍ സമയവും ഓണ്‍ ചെയ്ത് വെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു ഇതിനായി വീട്ടുകാര്‍ക്ക് പണവും നല്‍കിയിരുന്നു. വീടുകളില്‍ ആരും ഇല്ലാത്ത സമയത്തു പോലും ടിവി ഓണ്‍ ചെയ്ത് ഈ ചാനലുകള്‍ മാത്രം വയ്ക്കുകയായിരുന്നു. പ്രതിമാസം അയ്യായിരം രൂപ വരെയാണ് ചാനലുകള്‍ വാഗ്ദാനം ചെയ്തിരുന്നത്. സംഭവത്തിൽ നൂറുകോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് മുംബൈ പൊലീസ് കണക്കാക്കുന്നത്.

പാര്‍ലമെന്ററി സമിതി അന്വേഷിക്കും

ടിആര്‍പി റേറ്റിംഗില്‍ ക്രമക്കേട് കാണിച്ച സംഭവം ഐടി കാര്യ പാര്‍ലമെന്ററി സമിതി പരിശോധിക്കും. വിഷയത്തില്‍ വിശദീകരണം തേടാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രസാര്‍ ഭാരതിക്കും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും സമിതി നോട്ടീസും അയച്ചിട്ടുണ്ട്. വരുന്ന പതിനഞ്ചാം തീയതി നടക്കുന്ന യോഗത്തിന്‍റെ അജണ്ടയില്‍ വിഷയം ഉള്‍പ്പെടുത്തിയതായി സമിതി വ്യക്തമാക്കി. ടിവി കാഴ്ചക്കാരുടെ എണ്ണം കണക്കാക്കുന്ന റേറ്റിംഗ് തട്ടിപ്പിൽ റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് മാധ്യമങ്ങളുടെ പേരാണ് മുംബൈ പൊലീസ് വെളിപ്പെടുത്തിയിട്ടുള്ളത്.

ENGLISH SUMMARY: TRP rat­ing scam: Mum­bai police inten­si­fy probe

YOU MAY ALSO LIKE THIS VIDEO