Web Desk

ന്യൂഡൽഹി

January 17, 2021, 8:54 pm

ടിആര്‍പി തട്ടിപ്പിനു പിന്നാലെ നടന്ന ഉന്നതതല ഗൂഢാലോചനകളുടെ വിവരങ്ങള്‍ പുറത്ത്

Janayugom Online

കോടികളുടെ ടിആര്‍പി തട്ടിപ്പിനു പിന്നാലെ നടന്ന ഉന്നതതല ഗൂഢാലോചനകളുടെ വിവരങ്ങളും പുറത്ത്. റിപ്പബ്ലിക് ടിവി തലവൻ അര്‍ണബ് ഗോസ്വാമിയുടെ വാട്സാപ്പ് സന്ദേശങ്ങളിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. ടിആര്‍പിയിൽ നടത്തിയ തിരിമറിയിൽ നടപടി ഒഴിവാക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുമെന്ന് അര്‍ണബ് ഗോസ്വാമി ബാര്‍ക് സിഇഓയോട് പറയുന്ന സന്ദേശങ്ങളാണ് കഴിഞ്ഞദിവസം സോഷ്യൽ മീഡിയ വഴി പുറത്തെത്തിയ അര്‍ണബ് ഗോസ്വാമിയുടെ വാട്സാപ്പ് ചാറ്റിലുള്ളത്.

നേരത്തെ പുൽവാമ ഭീകരാക്രമണവും ബലാക്കോട്ട് മിന്നലാക്രമണവും അർണബ് നേരത്തെ അറിഞ്ഞതായി ചാറ്റ് വിവരങ്ങൾ വെളിപ്പെടുത്തിയത് രാജ്യത്തെ ഞെട്ടിക്കുന്ന സംഭവമായി മാറിയിരുന്നു. ദേശീയതലത്തിൽ വിവാദമായ സംഭവത്തിൽ പ്രതിപക്ഷ പാര്‍ട്ടികള്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

ബാര്‍ക് മുൻ തലവൻ പാര്‍ഥോ ദാസ് ഗുപ്തയും അര്‍ണബ് ഗോസ്വാമിയും തമ്മിലുള്ള ചാറ്റിലാണ് പ്രധാനമന്ത്രിയുടെ ഓഫീസിനെപ്പറ്റിയുള്ള പരാമര്‍ശങ്ങളുള്ളത്. പിഡിജി എന്ന ചുരുക്കപ്പേരിലാണ് ഇദ്ദേഹത്തെ അര്‍ണബിന്റെ ചാറ്റിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ‘പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കാര്യത്തിൽ എന്തെങ്കിലും പുരോഗതിയുണ്ടോ?’ എന്ന് പാർഥോ ചോദിക്കുമ്പോള്‍ ‘പിഎംഓയെ മറ്റൊരു തരത്തിൽ ഡീൽ ചെയ്തുകൊണ്ടിരിക്കുകയാണ്’ എന്നാണ് അര്‍ണബ് നല്‍കുന്ന മറുപടി. പ്രധാനമന്ത്രിയുടെ ഓഫീസിനെയും ഉന്നത രാഷ്ട്രീയ നേതാക്കളെയും സ്വാധീനിച്ച് ടിവി റേറ്റിങ് മാനദണ്ഡങ്ങളിൽ മാറ്റങ്ങള്‍ കൊണ്ടുവരാൻ സമ്മര്‍ദ്ദം ചെലുത്തിയതായും ചാറ്റിൽ വ്യക്തമാണ്.

മുംബൈയിലെ കണ്ടീവലി പൊലീസ് സ്റ്റേഷനിൽ വെച്ച് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26ന് ദാസ്ഗുപ്തയുടെ ഫോണിൽ നിന്ന് പകര്‍ത്തിയതാണെന്നാണ് ഈ രേഖകളുടെ തലക്കെട്ടിൽ വ്യക്തമാക്കുന്നത്. ഡിസംബര്‍ 24ന് ദാസ്ഗുപ്തയെ അറസ്റ്റ് ചെയ്ത പൊലീസ് കേസിൽ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വാട്സാപ്പ് ചാറ്റ് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്. ചാറ്റ് ചോര്‍ന്നതിനെപ്പറ്റി മുംബൈ പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Eng­lish sum­ma­ry: TRP scam fol­lowup story

You may also lkke this video;