ട്രംപും മോഡിയും പ്രതിനിധീകരിക്കുന്നത് ഒരേ വര്‍ഗ താല്‍പര്യം

Web Desk
Posted on July 17, 2019, 10:05 pm

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജനപ്രതിനിധി സഭയിലെ നാല് വനിതാ ഡെമോക്രാറ്റിക് അംഗങ്ങള്‍ക്കെതിരെ ഉന്നയിച്ച വംശീയ വിദേ്വഷ പരാമര്‍ശങ്ങള്‍ വ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തുന്നു. പ്രസിഡന്റിന്റെ പരാമര്‍ശങ്ങളെ രൂക്ഷമായി അപലപിച്ചുകൊണ്ടുള്ള സ്പീക്കര്‍ നാന്‍സി പെലോസിയുടെ പ്രമേയം 187 നെതിരെ 240 വോട്ടുകള്‍ക്ക് സഭ പാസാക്കി. ട്രംപിനെ അധികാരത്തിലേറ്റിയ 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പോടെ യുഎസ് രാഷ്ട്രീയത്തില്‍ വര്‍ണ‑വര്‍ഗ‑വംശീയ അടിസ്ഥാനത്തില്‍ രൂപംകൊണ്ട സാമൂഹ്യ ചേരിതിരിവ് അതിന്റെ രൂക്ഷതയില്‍ എത്തിയിരിക്കുന്നു എന്നാണ് പുതിയ സംഭവവികാസങ്ങള്‍ നല്‍കുന്ന സൂചന. ജനപ്രതിനിധി സഭയിലേക്ക് വന്‍ ജനപിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ട വെള്ളക്കാരല്ലാത്ത നാല് യുവതികള്‍ക്കെതിരെയാണ് പ്രസിഡന്റ് ട്രംപ് ഞായറാഴ്ച അപലപനീയ ‘ട്വീറ്റ്’ ചെയ്തത്. ട്രംപിന്റെ വംശീയ നയങ്ങളെയും പ്രതിലോമ സാമ്പത്തിക സമീപനത്തെയും എതിര്‍ക്കുന്ന അവര്‍ നാലുപേരും ”സമ്പൂര്‍ണമായി തകര്‍ന്ന, കുറ്റകൃത്യങ്ങള്‍ നിറഞ്ഞ അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചുപോകണം”, എന്നായിരുന്നു ട്രംപിന്റെ ആവശ്യം. യുഎസ് പൗരത്വമുള്ള, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സഭാ അംഗങ്ങളോട് പ്രസിഡന്റ് ഉന്നയിച്ച ആവശ്യം ആ രാജ്യത്തിന്റെ ഭരണഘടനയുടെയും അതിന്റെ അന്തഃസത്തയുടെയും സമ്പൂര്‍ണ നിരാകരണമാണ്. അത് വിമര്‍ശനങ്ങളോടുള്ള യാദൃശ്ചിക പ്രതികരണമല്ല. മറിച്ച്, വംശീയ വിദേ്വഷം ആളിക്കത്തിച്ച് 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള ട്രംപിന്റെ കുടില തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്.

പ്രസിഡന്റ് ട്രംപിന്റെ വംശീയ വിദേ്വഷത്തിന് ഇരകളായ അലക്‌സാന്‍ട്രിയ ഒകാസിയോ-കോര്‍ട്‌സ്, ഇല്‍ഹാന്‍ ഒമര്‍, അയന്ന പ്രസ്‌ലെ എന്നീ മൂന്ന് പേരും യുഎസില്‍ ജനിച്ചു വളര്‍ന്നവരാണ്. യുഎസ് ഭരണഘടന അനുസരിച്ച് ആ രാജ്യത്ത് ജനിച്ച ഏതൊരാളും വര്‍ണ, വര്‍ഗ, വംശ വിവേചനം കൂടാതെ ആ രാജ്യത്തെ പൗരന്‍മാരാണ്. റഷീദാ തലീബ് ബാല്യത്തില്‍ സോമാലിയയില്‍ നിന്നും കുടിയേറി സ്വാഭാവിക പൗരത്വം നേടിയ പൗരയാണ്. വസ്തുത അതായിരിക്കെ ഭരണഘടനാ മൂല്യങ്ങളുടെയും തന്റെതന്നെ സത്യപ്രതിജ്ഞയുടെയും ലംഘനമാണ് ട്രംപിന്റേതെന്ന് ജനപ്രതിനിധി സഭ പാസാക്കിയ പ്രമേയം അടിവരയിടുന്നു. കുടിയേറ്റക്കാര്‍ക്കെതിരായ ട്രംപിന്റെ മനുഷ്യത്വ ഹീനമായ സമീപനങ്ങള്‍, തൊഴിലിനും ന്യായമായ വേതനത്തിനും വേണ്ടി വെള്ളക്കാരും വര്‍ണ‑വംശ വിവേചനങ്ങളുടെ ഇരകളായ തൊഴിലാളികളും നടത്തുന്ന അവകാശ സമരങ്ങളോടുള്ള ഭരണകൂട എതിര്‍പ്പ്, ഇറാന്‍, പലസ്തീന്‍ പ്രശ്‌നങ്ങളില്‍ അവലംബിക്കുന്ന സമീപനം, കോര്‍പ്പറേറ്റ് മൂലധന ശക്തികളോടുള്ള പ്രീണനം എന്നിവയെ നിശിതമായി എതിര്‍ക്കുന്ന ഡമോക്രാറ്റിക് പാര്‍ട്ടിയിലെ പുരോഗമന വിഭാഗത്തെയാണ് മേല്‍പറഞ്ഞ നാലുപേരും പ്രതിനിധാനം ചെയ്യുന്നത്. സോഷ്യലിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന അവരെ കമ്മ്യൂണിസ്റ്റുകള്‍ എന്ന് മുദ്രകുത്തി അധിക്ഷേപിക്കാന്‍ ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ അദ്ദേഹത്തിന്റെ അനുചരവൃന്ദവും നിരന്തരം ശ്രമിച്ചുവരികയാണ്. ട്രംപിന്റെ സാമൂഹ്യ‑സാമ്പത്തിക‑രാഷ്ട്രീയ നയങ്ങള്‍ ആ രാജ്യത്ത് ഭരണകൂടത്തിനെതിരെ ശക്തമായ ജനവികാരമാണ് ചുരുങ്ങിയ കാലംകൊണ്ട് സൃഷ്ടിച്ചിട്ടുള്ളത്. ആ എതിര്‍പ്പിനെ മറികടക്കാനുള്ള ഫലപ്രദമായ ആയുധമായാണ് ട്രംപും സംഘവും വര്‍ണ, വംശ, വര്‍ഗ വിദേ്വഷ പ്രചാരണത്തെ ഉപയോഗിക്കുന്നത്. യുഎസ് സമ്പദ്ഘടനയുടെ സമസ്ത പ്രശ്‌നങ്ങള്‍ക്കും കാരണം അവയാണെന്ന് വരുത്തിതീര്‍ത്ത് തൊഴിലാളികളടക്കം വെളുത്തവരുടെ പിന്തുണ ആര്‍ജിക്കാമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിലും വിദേ്വഷത്തിന്റെ രാഷ്ട്രീയം പ്രയോജനപ്പെടുത്താന്‍ ട്രംപിന് കഴിഞ്ഞിരുന്നു.

മുതലാളിത്തത്തിന്റെയും നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ പരാജയം വംശീയ‑വര്‍ണ‑വര്‍ഗ വിദേ്വഷ പ്രചാരണത്തില്‍ മറച്ചുവയ്ക്കാന്‍ ലോകത്തെമ്പാടും വലതുപക്ഷ ശക്തികള്‍ തീവ്രയത്‌നമാണ് നടത്തിവരുന്നത്. യുഎസില്‍ കരുത്താര്‍ജിച്ചുവരുന്ന ഇടതുപക്ഷ‑പുരോഗമന ശക്തികളെ ഈ വിദേ്വഷ രാഷ്ട്രീയംകൊണ്ട് തടയാനാണ് ട്രംപും കൂട്ടരും ശ്രമിക്കുന്നത്. സമാനമായ കുടില രാഷ്ട്രീയ തന്ത്രങ്ങള്‍ ഇന്ത്യക്കും സുപരിചിതമായിരിക്കുന്നു. നരേന്ദ്ര മോഡിയും ബിജെപിയും സംഘ്പരിവാര്‍ ശക്തികളും പ്രതിനിധീകരിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയം അത്തരത്തില്‍ ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിച്ച് അധികാര രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുന്നതിനാണ് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. തീവ്ര ഹിന്ദുത്വ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളെയും കപട ദേശീയതയെയും അവരുടെ പ്രതിലോമ നയപരിപാടികളെയും എതിര്‍ക്കുന്നവര്‍ക്ക് ‘പാകിസ്ഥാനിലേക്ക് പോകാം’ എന്നു പറയുന്നതും ‘നിങ്ങള്‍ വന്നിടത്തേക്ക് തിരികെപ്പോകുക’ എന്ന ട്രംപിന്റെ ആക്രോശവും വേര്‍തിരിച്ച് കാണാനാവില്ല. അവയ്ക്ക് രണ്ടിനും ഒരേ ലക്ഷ്യമാണുള്ളത്- രാഷ്ട്രീയ അധികാരം. അതാവട്ടെ വെള്ളക്കാരുടെയോ ഹിന്ദുക്കളുടെയോ ഉത്തമ താല്‍പര്യങ്ങളിലും ഉന്നമനത്തിലുമുള്ള ഉല്‍ക്കണ്ഠയല്ല. മറിച്ച്, അത് കോര്‍പ്പറേറ്റ് മൂലധന താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള വലതുപക്ഷ വ്യഗ്രതയെ ആണ് പ്രതിനിധീകരിക്കുന്നത്. ട്രംപും മോഡിയും പ്രതിനിധാനം ചെയ്യുന്നത് അതിന്റെ സത്തയിലും ശൈലിയിലും ഒരേ വര്‍ഗ താല്‍പര്യത്തെയാണ്.