August 12, 2022 Friday

ട്രംപും മോഡിയും: ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍

Janayugom Webdesk
February 14, 2020 4:10 am

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും നീണ്ട ഇടവേളയ്ക്കു ശേഷം കണ്ടുമുട്ടുന്ന കാമുകീകാമുകന്മാരെപ്പോലെ അത്യന്തം ചിത്തോദ്വേഗഭരിതരാണ്. ഫെബ്രുവരി 24ന് ഗാന്ധിനഗറില്‍ എത്തുന്ന തങ്ങളെ വരവേല്‍ക്കാന്‍ ദശലക്ഷക്കണക്കിന് ജനങ്ങളായിരിക്കും അണിനിരക്കുക എന്നാണ് ട്രംപും പത്നി മെലാനിയ ട്രംപും ആവേശംകൊള്ളുന്നത്. വരന്റെ വരവിനായി കാത്തിരിക്കുന്ന വധുവിന്റെ ചിത്തവൃത്തിക്ക് സമാനമായ മാനസികാവസ്ഥയിലാണ് നരേന്ദ്രമോഡി.

ട്രംപിന്റെ വരവ് ‘അവിസ്മരണീയ’മാക്കുമെന്ന വാശിയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി. ട്രംപും മോഡിയും, ഹൂസ്റ്റണിലെ ‘ഹൗഡി മോഡി‘യെ അനുസ്മരിപ്പിക്കും വിധം, ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ സ്റ്റേഡിയത്തിലേക്കുള്ള റോഡ്ഷോയ്ക്ക് നഗരം അണിയിച്ചൊരുക്കാനുള്ള തത്രപ്പാടിലാണ് ഭരണയന്ത്രം. വഴിയോരത്തെ ദാരിദ്ര്യത്തിന്റെ നാണക്കേടുകള്‍ മറച്ചുവയ്ക്കാന്‍ ചേരിപ്രദേശങ്ങള്‍ക്കു മുന്നില്‍ അര കിലോമീറ്റര്‍ ദെെര്‍ഘ്യത്തില്‍ ഏഴടി ഉയരത്തില്‍ മതില്‍ക്കെട്ടുകള്‍ ഉയരുന്നു. വഴിനീളെ ഈന്തപ്പനകള്‍ നട്ടുപിടിപ്പിക്കുന്നു. വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന 16 റോഡുകള്‍ നവീകരിക്കുന്നു. ഭിക്ഷക്കാരെയും വഴിവക്കില്‍ ജീവിക്കുന്ന ഹതഭാഗ്യരെയും നീക്കം ചെയ്തുതുടങ്ങി. ആഭ്യന്തരരംഗത്ത് മോഡി സര്‍ക്കാര്‍ നേരിടുന്ന കനത്ത തിരിച്ചടികള്‍ക്ക് മറുമരുന്നായി ട്രംപ് സന്ദര്‍ശനത്തെ മാറ്റിയെടുക്കാനാണ് പദ്ധതി.

ലോകത്തെ ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ, സെെനിക, സാമ്പത്തിക ശക്തിയെന്ന് ഊറ്റം കൊള്ളുന്ന യുഎസ് പ്രസിഡന്റിന്റെ സന്ദര്‍ശനം ആഗോള രാഷ്ട്രീയത്തിലും, സാമ്പത്തിക താല്പര്യങ്ങള്‍ അടക്കം, ഉഭയകക്ഷി ബന്ധത്തിലും സുപ്രധാനം തന്നെ. എന്നാല്‍ അത്തരം ഒരു സന്ദര്‍ശനത്തിന്റെ അതിന്റെ അടിയൊഴുക്കുകള്‍ അവഗണിക്കാവുന്നവ അല്ല. യുഎസിലും ഇന്ത്യയിലും ഇരു രാജ്യങ്ങളുടെയും ചരിത്രത്തില്‍ മുമ്പൊരിക്കലും ദര്‍ശിച്ചിട്ടില്ലാത്ത വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും പ്രതീകങ്ങളാണ് രണ്ട് നേതാക്കളുമെന്നത് നല്‍കുന്ന അപായ സന്ദേശം അവഗണിക്കാവുന്നതല്ല. കോര്‍പ്പറേറ്റ് ആഗോളീകരണത്തിന്റെ കെടുതികളില്‍ ഉഴലുന്ന ജനതകളാണ് ഇരുരാജ്യങ്ങളിലേതും. അവയ്ക്ക് പരിഹാരം കാണുന്നതിന് പകരം വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും കുതന്ത്രങ്ങള്‍ അതിവിദഗ്ധമായി പ്രയോഗിച്ച് അധികാരം കയ്യാളുകയും അത് നിലനിര്‍ത്താന്‍ കൂടുതല്‍ വിനാശകരമായ പാത അവലംബിക്കുകയും ചെയ്യുന്നവരാണ് ട്രംപും മോഡിയും.

2019ലെ തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്താന്‍ മോഡി എങ്ങനെയാണോ ഹൂസ്റ്റണില്‍ ‘ഹൗഡി മോഡി’ പ്രയോജനപ്പെടുത്തിയത് അതിന്റെ ഭരണകൂട‍ പതിപ്പായിരിക്കും ‘കെംപോട്രംപ്’. അധികാരം നിലനിര്‍ത്താന്‍ ‘പരസ്പരം പുറം ചൊറിയുന്ന’ നിന്ദ്യമായ രാഷ്ട്രീയ തന്ത്രത്തിനാണ് സര്‍ദാര്‍ വല്ലഭഭായ് സ്റ്റേഡിയത്തില്‍ അരങ്ങൊരുങ്ങുന്നത്. യുഎസ് പാര്‍ലമെന്റിന്റെ കുറ്റവിചാരണയില്‍ നിന്നും തടിയൂരാന്‍ ട്രംപിന് കഴിഞ്ഞിട്ടുണ്ടാവാം. എന്നാല്‍ ട്രംപിന്റെ അധികാര ദുര്‍വിനിയോഗവും നീതിനിര്‍വഹണത്തെ തടസപ്പെടുത്തിയതും ചരിത്രത്തില്‍ നിന്ന് തുടച്ചുമാറ്റാനാവില്ല. തന്റെ നിയമരഹിതമായ അധികാരത്തുടര്‍ച്ചയ്ക്ക് കറുത്തവരെയും നിറമുള്ളവരെയും കുടിയേറ്റക്കാരെയും മുസ്‌ലിങ്ങളെയും കുരുതി നല്‍കാന്‍ മടിക്കാത്ത ട്രംപിന്റെ ഇന്ത്യന്‍ പതിപ്പാണ് മോഡി. ജനാധിപത്യത്തെയും ഭരണഘടനയേയും മതനിരപേക്ഷതയേയും മുസ്‌ലിങ്ങളും ദളിതരുമടക്കം ജനവിഭാഗങ്ങളെയും ഭരണകൂട ഭീകരതയ്ക്ക് ഇരകളാക്കിയാണ് മോഡി അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്. ചുരുക്കത്തില്‍ ആഗോള രാഷ്ട്രീയത്തിലെ ഒരേ തൂവല്‍പക്ഷികളെയാണ് മോഡിയും ട്രംപും റിപ്പബ്ലിക് ദിനത്തില്‍ വിശിഷ്ടാതിഥിയായെത്തിയ ബ്രസീലിന്റെ ബൊല്‍സൊനാരൊയും പ്രതിനിധാനം ചെയ്യുന്നത്.

അധികാരദുര മൂത്ത മോഡിയുടെ ഇത്തരം കെട്ടുകാഴ്ചകള്‍ക്ക് ഇന്ത്യ വലിയ വില നല്‍കേണ്ടിവരും. ട്രംപ് സന്ദര്‍ശനത്തില്‍ ഇന്ത്യ ഒപ്പുവയ്ക്കുന്ന കരാറുകളെക്കുറിച്ചുള്ള സൂചനകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. യുഎസ് നിര്‍മ്മിത സീഹോക് ഹെലികോപ്റ്ററുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളുമടക്കം ദശലക്ഷക്കണക്കിനു കോടി ഡോളറിന്റെ കരാറായിരിക്കും ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവയ്ക്കുക. നിര്‍ദ്ദിഷ്ട ഇന്ത്യ‑യുഎസ് വ്യാപാര കരാര്‍ ക്ഷീരമേഖലയടക്കം ഇന്ത്യയുടെ കാര്‍ഷിക മേഖലയ്ക്ക് താങ്ങാനാവാത്ത പ്രഹരമായിരിക്കുമെന്നുള്ള മുന്നറിയിപ്പുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ആശ്വാസം പകരുന്ന യാതൊന്നും ഈ സന്ദര്‍ശനത്തില്‍ ദൃശ്യമല്ല. ചുരുക്കത്തില്‍ ഇരുരാജ്യങ്ങളിലെയും വെറുക്കപ്പെട്ട ഭരണാധികാരികള്‍ക്ക് അധികാരം ഉറപ്പിക്കാന്‍ ഉതകുന്ന ഒരു കൂട്ടുകച്ചവടമായി ഇന്ത്യ‑യുഎസ് ഉഭയകക്ഷി ബന്ധങ്ങള്‍ അധഃപതിക്കുന്നു എന്നു വേണം ഭയപ്പെടാന്‍. ലോകരാഷ്ട്ര സമുച്ചയത്തില്‍ ആദരണീയ പദവി വഹിച്ചിരുന്ന ഇന്ത്യ യുഎസിന്റെ കേവലം സാമന്തനായി തരംതാഴ്ത്തപ്പെടുന്ന അവസ്ഥയാണ് നമ്മെ തുറിച്ചുനോക്കുന്നത്. രണ്ട് രാഷ്ട്രീയ നേതാക്കളുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ക്ക് രാജ്യത്തിന്റെ പരാമാധികാരവും ജനതയുടെ ആത്മാഭിമാനവും അടിയറ വച്ചുകൂട.

Eng­lish sum­ma­ry: Trump and Modi: Two sides of a coin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.