ജി7: റഷ്യയെ പുനഃപ്രവേശിപ്പിക്കണമെന്ന് ട്രംപ്, ബിയാരിറ്റിസില്‍ തര്‍ക്കം

Web Desk
Posted on August 26, 2019, 12:02 pm

ബിയാരിറ്റിസ്(ഫ്രാന്‍സ്): ജി7ല്‍ റഷ്യയെ പുനഃപ്രവേശിപ്പിക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യത്തെ തുടര്‍ന്ന് ഉച്ചകോടിയില്‍ തര്‍ക്കം.  ട്രംപിന്റെ ആവശ്യം മറ്റ് അംഗരാഷ്ട്രങ്ങള്‍ തള്ളി. ജി7 ഉദാര ജനാധിപത്യ രാഷ്ട്രങ്ങളുടെ ഒരു കൂട്ടായ്മയാണെന്നും ഉച്ചകോടിയില്‍ പങ്കെടുത്ത അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം നടന്ന അത്താഴവിരുന്നിനിടെ നടന്ന ഇത് സംബന്ധിച്ച ചര്‍ച്ച ചൂടന്‍ വാഗ്വാദങ്ങള്‍ക്ക് വഴി വച്ചു. വ്‌ളാഡിമര്‍ പുട്ടിനെ തിരിച്ച് വിളിക്കണമെന്ന ശക്തമായ നിലപാട് ട്രംപ് കൈക്കൊണ്ടു. ക്രീമിയ പിടിച്ചെടുത്തതിനെ തുടര്‍ന്ന് റഷ്യയെ ജി8ല്‍ നിന്ന് പുറത്താക്കുകയായിരുന്നു. അഞ്ച് വര്‍ഷമായി തുടരുന്ന വിലക്ക് പിന്‍വലിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം.
കാലാവധി കഴിയാറായ ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗിസെപ്പെ കോണ്ടെ മാത്രമാണ് ട്രംപിനെ അനുകൂലിച്ചത്. അതേസമയം ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ നിഷ്പക്ഷ നിലപാട് സ്വീകരിച്ചു. എന്നാല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചേല മെര്‍ക്കല്‍, കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ അധ്യക്ഷന്‍ ഡൊണാള്‍ഡ് ടസ്‌ക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തുടങ്ങിയവര്‍ ശക്തമായി ട്രംപിന്റെ നിര്‍ദേശത്തെ എതിര്‍ത്തു.
ജനാധിപത്യം തെല്ലും പുലര്‍ത്താത്ത പുട്ടിനെ ഈ കൂട്ടായ്മയിലേക്ക് വീണ്ടും ക്ഷണിക്കാനാകില്ലെന്ന് അവര്‍ ഏകകണ്ഠമായി വ്യക്താക്കി. ട്രംപ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വയ്ക്കരുതായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇറാന്‍, സിറിയ, ഉത്തരകൊറിയ തുടങ്ങിയവ പോലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പുട്ടിനും ഉണ്ടാകണമെന്നായിരുന്നു ട്രംപിന്റെ വാദം.