
യുഎന്‍ പൊതുസഭയിലെ എസ്‌കലേറ്ററിന്റെ പ്രവര്‍ത്തനം നിലച്ച സംഭവത്തിലും ടെലിപ്രോംപ്റ്റര്‍ തകരാറിലായ സംഭവത്തിലും ഗൗരവമായ അന്വേഷണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നടന്നത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത അട്ടിമറിയാണെന്ന് ട്രൂത്ത് സോഷ്യലില്‍ എഴുതിയ കുറിപ്പില്‍ ട്രംപ് ആരോപിച്ചു. ഐക്യരാഷ്ട്രസഭയില്‍ എസ്‌കലേറ്റര്‍ നിലച്ചുപോയതും ടെലിപ്രോംപ്റ്ററിന് തകരാര്‍ സംഭവിച്ചതും പിന്നീട് മൈക്കിനുണ്ടായ പ്രശ്നവും വെറും സാങ്കേതിക തകരാറുകള്‍ മാത്രമായി തനിക്ക് തോന്നുന്നില്ലെന്നും മനഃപൂര്‍വമായ അട്ടിമറിയാണെന്നും ട്രംപ് പറഞ്ഞു. രഹസ്യാന്വേഷണ വിഭാഗത്തോട് ഇതില്‍ അന്വേഷണം നടത്താനും അദ്ദേഹം ഉത്തരവിട്ടു.
ഐക്യരാഷ്ട്രസഭയില്‍ കഴിഞ്ഞ ദിവസം താന്‍ അപമാനിക്കപ്പെട്ടു. ഒന്നല്ല, രണ്ടല്ല മൂന്ന് തവണ. ഗൗരവമായ ചില കാര്യങ്ങളാണ് അവിടെ നടന്നത്. ഞാന്‍ വരുന്ന സമയത്ത് തന്നെ ഈ മൂന്ന് വീഴ്ചകള്‍ സംഭവിച്ചു. ഇത് വെറും സാങ്കേതിക വീഴ്ച മാത്രമല്ല. ഐക്യരാഷ്ട്രസഭയില്‍ ലോക നേതാക്കളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ടെലിപ്രോംപ്റ്റര്‍ തകരാറിലായെന്നും ഒന്നും കാണാനോ കേള്‍ക്കാനോ സാധിക്കുന്നുണ്ടായിരുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്തണമെന്നും പ്രത്യേകിച്ച് എസ്‌കലേറ്റര്‍ നിലച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കണെന്നും ട്രംപ് പറഞ്ഞു.
എന്നാല്‍ എസ്‌കലേറ്റര്‍ നിലച്ച സംഭവത്തില്‍ അട്ടിമറിയില്ലെന്നും മെലാനിയയും എസ്‌കലേറ്ററില്‍ കയറുന്നതിന് മുന്‍പ് യു.എസ് പ്രതിനിധി സംഘത്തിലെ ഒരു വീഡിയോഗ്രാഫര്‍ മുന്നിലായി ഓടി എസ്‌കലേറ്ററില്‍ കയറിയപ്പോള്‍ സുരക്ഷയുടെ ഭാഗമായി അതിന്റെ പ്രവര്‍ത്തനം നിലച്ചതാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്നും യുഎന്‍ വക്താവ് സ്റ്റീഫന്‍ ഡുജാറിക് പറഞ്ഞു. എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ ഈ മറുപടിയില്‍ ട്രംപോ വൈറ്റ് ഹൗസോ തൃപ്തരായിട്ടില്ല. നടന്നത് അസീക്വാര്യമായ കാര്യമാമെന്നും വെറുമൊരു സാങ്കേതിക പിഴവായി ഇതിനെ കണക്കാക്കാന്‍ കഴിയില്ലെന്നുമാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.