17 March 2025, Monday
KSFE Galaxy Chits Banner 2

ട്രംപ് കാർഡും മോഡി കാർഡും

പ്രൊഫ. കെ അരവിന്ദാക്ഷൻ
March 13, 2025 4:45 am

ഡൊണാൾഡ് ട്രംപ് വർധിത പിന്തുണയോടെ രണ്ടാമതൊരിക്കൽക്കൂടി യുഎസ് പ്രസിഡന്റ് പദവിയിലെത്തിയിരിക്കുകയാണ്. വൈറ്റ് ഹൗസിലെ ഈ അധികാര മാറ്റം അമേരിക്കയിൽ മാത്രമല്ല, ആഗോളതലത്തിലും വമ്പിച്ച മാറ്റങ്ങൾക്കുള്ള സാധ്യതകളാണ് തുറന്നിട്ടിട്ടുള്ളത്. ഇന്ത്യയിലും മാറ്റത്തിന്റെ അലയടികൾ ദൃശ്യമായിരിക്കുന്നു. ഇക്കൂട്ടത്തിൽ ഏറെയും ആശങ്കകളുള്ളതാണ്. വിശിഷ്യ, വിദേശ വ്യാപാരമേഖലയിൽ ഇന്ത്യ – യുഎസ് ബന്ധത്തില്‍ വരാനിടയുള്ള പ്രത്യാഘാതങ്ങൾ. വ്യാപാര നികുതികൾ, എച്ച് 1 ‍ബി വിസകൾ, മതിയായ രേഖകളില്ലാത്ത ഇന്ത്യൻ കുടിയേറ്റ ജനതയുടെ തിരിച്ചയയ്ക്കൽ പ്രക്രിയകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ ഗുരുതരമായ പ്രതിസന്ധികൾക്കാണ് കളമൊരുക്കിയിരിക്കുന്നത്. 

ഇന്ത്യയെ സംബന്ധിച്ചാണെങ്കിൽ പുതുവർഷത്തേക്കുള്ള ബജറ്റ് ചർച്ചകൾ സജീവമായിരിക്കുന്ന ഘട്ടത്തിൽ ട്രംപിന്റെ വ്യാപാരനയം അടക്കമുള്ള സാമ്പത്തിക സമീപനങ്ങൾ ശ്രദ്ധാകേന്ദ്രങ്ങളായിരിക്കുകയുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎസ് സന്ദർശനവും മോഡി — ട്രംപ് ഉഭയകക്ഷി ചർച്ചകളും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന് എത്രമാത്രം സഹായകമായിട്ടുണ്ടെന്ന് തീർത്തുപറയാൻ ഇന്ത്യൻ ഭരണകൂടം സന്നദ്ധമായിട്ടുമില്ല. ഇതിനിടെ മൂന്നു ദിവസങ്ങളിലായി ഇന്ത്യയിൽ നിന്നുള്ള അനധികൃതമെന്ന് മുദ്രകുത്തിയ കുടിയേറ്റക്കാരെ കൈകാലുകൾ ബന്ധിച്ച നിലയിൽ യുഎസ് സൈനിക വിമാനത്തിൽ അമൃത്സർ വിമാനത്താവളത്തിൽ ഇറക്കിവിട്ടിട്ടുമുണ്ട്. ഇന്ത്യയുടെ ആത്മാഭിമാനത്തിന് കനത്ത ക്ഷതമേല്പിക്കുന്ന ഇത്തരമൊരു നടപടിക്കെതിരെ വാക്കാൽപ്പോലും പ്രതികരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കൻ സന്ദർശന വേളയിൽ തയ്യാറായില്ലെന്നത് ദേശീയ താല്പര്യവിരുദ്ധവും വിധേയത്വ സൂചകവുമാണ്. ഈ നയസമീപനം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യക്ക് അപമാനകരമാണെന്നതിൽ സംശയമില്ല. 

ട്രംപ് ആവർത്തിച്ച് പ്രഖ്യാപിച്ചുവന്നിരുന്നത് തന്റെ രാജ്യത്ത് ആഴത്തിൽ സ്വാധീനമുണ്ടാക്കിയിരിക്കുന്ന നിഗൂഢശക്തി, ‘ഡീപ്’ സ്റ്റേറ്റ് എന്ന സംവിധാനത്തെ തീർത്തും ഇല്ലായ്മ ചെയ്യുമെന്നായിരുന്നു. രണ്ടാമതൊരിക്കൽക്കൂടി അധികാരത്തിലെത്തിയതോടെ ഇതിലേക്കായി നിരവധി വിജ്ഞാപനങ്ങളും അദ്ദേഹം ഇറക്കി. ഡീപ് സ്റ്റേറ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു രാജ്യത്തുള്ള വൻകിട വ്യവസായികളും തലമുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരും‍ അടങ്ങുന്ന ബ്യൂറോക്രാറ്റുകൾ അഥവാ ബാബൂസ് എന്നീ വിഭാഗങ്ങളെ മാത്രമല്ല അവരുടെ സുഹൃദ് വലയത്തിൽപ്പെട്ട മാധ്യമ പ്രവർത്തകരെയുമാണ്. ഈ നിഗൂഢശക്തികൾ ഇന്ത്യയിലും സജീവമായി രംഗത്തുണ്ടെന്നാണ് ദേശീയ ആഗോള മാധ്യമങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിൽ അനുദിനം ശക്തിപ്രാപിച്ചുവരുന്ന ഡീപ് സ്റ്റേറ്റ് സംവിധാനം അതിവിദഗ്ധമായ നിലയിലാണ് രാജ്യരക്ഷാ വ്യവസായങ്ങളടക്കമുള്ള വ്യവസായശൃംഖലയുടെ നിയന്ത്രണം സ്വന്തം കൈപ്പിടിയിലാക്കിക്കൊണ്ടിരിക്കുന്നത്. അതേസമയം യുഎസ് ഭരണസംവിധാനത്തിൽ സംസ്ഥാനങ്ങൾക്ക് ഇന്ത്യയിലുള്ളതിലുമേറെ വിപുലവും ഫലപ്രദവുമായ അധികാരങ്ങളാണുള്ളത്. മാത്രമല്ല, യുഎസിൽ സംസ്ഥാനങ്ങൾ അവിടത്തെ പ്രസിഡന്റിന്റെ നയങ്ങളെ പരാജയപ്പെടുത്താൻ ശ്രമിക്കുന്ന നിലയിൽ ശക്തമാണ്. ഇന്ത്യയിലെ സംസ്ഥാനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നയപരിപാടികൾക്ക് പ്രതിബന്ധം സൃഷ്ടിക്കുക പതിവുമല്ല. ഒരുദാഹരണം മാത്രമെടുക്കുക, യാതൊരുവിധ മുന്നറിയിപ്പോ അടിയന്തര സാഹചര്യങ്ങളോ ഇല്ലാതിരുന്നിട്ടും 2016നവംബർ 16ന് രാത്രിയിലല്ലേ പ്രധാനമന്ത്രി മോഡി ഒരു തികഞ്ഞ ഏകാധിപതിയുടെ ശൈലിയിൽ നോട്ട് നിരോധനം പ്രഖ്യാപിച്ചത് ? ഈ സാഹസകൃത്യത്തെ ആരെങ്കിലും ഉടനടി ചോദ്യം ചെയ്തിരുന്നോ ? ജനാധിപത്യ മര്യാദയുടെപേരിൽ പ്രധാനമന്ത്രി ആർബിഐ ഗവർണർ എന്ന ഭരണഘടനാ സ്ഥാപന മേധാവിയെയെങ്കിലും തന്റെ തീരുമാനം അറിയിച്ചിരുന്നോ ? ഡീമോണിറ്റൈസേഷൻ തികഞ്ഞ പരാജയമായിരുന്നു എന്ന് ബോധ്യപ്പെട്ടതിനുശേഷവും പ്രധാനമന്ത്രി തനിക്ക് തെറ്റുപറ്റിയെന്ന് പരോക്ഷമായെങ്കിലും സൂചിപ്പിക്കുകയുണ്ടായില്ല. അദ്ദേഹത്തിന്റെ പാർട്ടിയും മൗനത്തിൽ തുടരുകയാണുണ്ടായത്. 

ഇന്ത്യയിലെ ഔദ്യോഗിക മാധ്യമങ്ങൾക്ക് പുറമെ ഒരു വിഭാഗം സ്വതന്ത്ര മാധ്യമങ്ങൾ തന്നെ മോഡി സ്തുതിയാലപിക്കുന്നതിൽ മത്സരിക്കുകയാണെങ്കിൽ ട്രംപിന്റെ സ്ഥിതി ഇതിൽ നിന്നും ഭിന്നമാണ്. അതേയവസരത്തിൽ ബ്യൂറോക്രാറ്റുകൾക്ക് വളരെ ഗോപ്യമായ നിലയിൽ ഔദ്യോഗിക നയങ്ങൾക്ക് തുരങ്കം വയ്ക്കാനുള്ള തന്ത്രങ്ങൾ വശമാണെന്നതും ഒരു വസ്തുതയാണ്. ഇന്ത്യയിലും യുഎസിലും ഡീപ് സ്റ്റേറ്റ് എന്ന പ്രതിഭാസം നിലവിലുണ്ടെങ്കിലും അത് ഉയർത്തിവിടുന്ന വെല്ലുവിളികൾ നേരിടാൻ വ്യത്യസ്ത തന്ത്രങ്ങളാണ് ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുള്ളതെന്ന് മാത്രമേയുള്ളൂ. മോഡിയെ സംബന്ധിച്ചിടത്തോളം ശമ്പള കമ്മിഷൻ ശുപാർശകൾ നടപ്പാക്കുന്നതിലൂടെ നേരിട്ടുള്ള പണം കെെമാറ്റം എന്ന തന്ത്രം വിജയകരമായി നടപ്പാക്കിയെന്നതാണ് വസ്തുത. ഇതുവഴി അനുദിനം വളർന്നു ശക്തിപ്പെട്ടുവരുന്ന മധ്യവർഗത്തെ ഒരുവശത്ത് ഹിന്ദുത്വ പ്രത്യയശാസ്ത്ര കേന്ദ്രീകൃത തന്ത്രം വിനിയോഗിച്ച് മെരുക്കിയെടുക്കുകയും അവരെ മോഡി എന്ന അതികായനെ രാഷ്ട്രീയ നേതൃത്വസ്ഥാനത്ത് നിലനിർത്തുകയും ചെയ്യുന്ന വിദഗ്ധമായൊരു പദ്ധതിയാണ് വിജയകരമായി നടപ്പാക്കിവരുന്നത്. 

നരേന്ദ്ര മോഡി മൂന്നാംവട്ടം അപ്രതീക്ഷിതമായ തിരിച്ചടികൾക്ക് ശേഷമാണെങ്കിലും അധികാരത്തിലെത്തിയതിനുശേഷം സമ്പന്ന വിഭാഗത്തെയും ഇടത്തരം വിഭാഗത്തെയും കൂടെനിർത്താൻ നേരിട്ടുള്ള പണക്കെെമാറ്റമെന്ന തന്ത്രമാണ് സ്വീകരിച്ചിരിക്കുന്നത്. ഈ തന്ത്രമാണെങ്കിൽ സ്വന്തം അണികളിൽ ഉറച്ചുനിൽക്കുന്നവരും വലതുപക്ഷ ധനശാസ്ത്രത്തിൽ വിശ്വസിക്കുന്നവരുമായവരെ അപമാനിക്കുന്നതിലേക്കാണ് കൊണ്ടെത്തിച്ചിരിക്കുന്നത്. മോഡിയുടെ പുതിയ നയസമീപനം, സോഷ്യലിസ്റ്റ് മോഡൽ സ്വത്ത് വരുമാന പുനർവിതരണ പ്രത്യയശാസ്ത്രത്തിലേക്കാണോ സമ്പദ്‌വ്യവസ്ഥയെ നയിക്കുന്നത് എന്ന ന്യായമായ സംശയവും ഉയർത്താൻ ഇടയാക്കിയിട്ടുമുണ്ട്. വാജ്പേയ് പ്രധാനമന്ത്രിയായിരിക്കെ പൊതുമേഖലാ ഡിസ്ഇൻവെസ്റ്റ്മെന്റ് പ്രക്രിയ ത്വരിതപ്പെടുത്താൻ ഒരു പ്രത്യേക വകുപ്പും അതിന്റെ മന്ത്രിയായി അരുൺ ഷൂരിയും ഉണ്ടായിരുന്നതല്ലേ? എന്നാൽ, ഇപ്പോൾ ഡിസ്ഇൻവെസ്റ്റ്മെന്റിനെപ്പറ്റി പരാമർശിക്കപ്പെടുകപോലും ചെയ്യുന്നില്ല. നേരെമറിച്ച് നിരവധി പൊതുമേഖലാ യൂണിറ്റുകളിൽ അധിക മൂലധനനിക്ഷേപത്തിനായി ശ്രമങ്ങൾ നടത്തിവരുന്നുമുണ്ട്. ഇത്തരമൊരു നയവ്യതിയാനത്തിന്റെ ദിശ വ്യക്തമാണ്. വലതുപക്ഷ ധനശാസ്ത്രവും വലതുപക്ഷ പ്രത്യയശാസ്ത്രവും തമ്മിൽ വലിയ വെെരുധ്യമാണ് പ്രകടമായി വരുന്നത് എന്നതാണിത്. 

സാമൂഹ്യ മാധ്യമങ്ങളിൽ മുമ്പെന്നപോലെ മോഡീസ്തുതി സമീപകാലത്തായി നടക്കുന്നുമില്ല. അതേയവസരത്തിൽ നരേന്ദ്ര മോഡിയുടെ ഉറ്റസുഹൃത്തായ ഡൊണാൾഡ് ട്രംപ് രണ്ടാമതൊരിക്കൽക്കൂടി അധികാരത്തില്‍ എത്തിയതോടെ ഉയര്‍ന്ന ‘മാഗാ’ — മേക്ക് അമേരിക്ക ഗ്രേറ്റ് എഗെൻ- ഇന്ത്യയെ ഒരിക്കൽക്കൂടി മാന്യതയിലേക്ക് ഉയർത്തുക എന്ന മുദ്രാവാക്യം നരേന്ദ്ര മോഡി വീണ്ടും അധികാരത്തിലെത്തി ഒരു വർഷം പൂർത്തീകരിച്ചതിനുശേഷവും എന്തേ ഉയരുന്നില്ല ? മറ്റൊരുവിധത്തിൽ ചിന്തിക്കുമ്പോൾ സ്വാഭാവികമായും അനുഭവപ്പെടാനിടയുള്ളൊരു വികാരവും ചോദ്യവും, ”ട്രംപ് രണ്ടാംവട്ടം അമേരിക്കൻ പ്രസിഡന്റ് പദവിയിലെത്തിയപ്പോൾ അമേരിക്കൻ സമൂഹത്തിൽ ഉയർത്തിയ ‘ട്രംപിസം’ എന്ന വികാരംപോലെ മൂന്നാമതും ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലെത്തിയ നരേന്ദ്ര മോഡിക്കനുകൂലമായ ‘മോഡിസം’ എന്ന വികാരം നമ്മുടെ രാജ്യത്തുണ്ടാകാത്തത് എന്തുകൊണ്ട്” എന്നതാണ്.
ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സബ നഖ്‌വി എന്ന മാധ്യമപ്രവര്‍ത്തക ഈ വിഷയവുമായി ബന്ധപ്പെട്ട് എക്സിൽ, 1,50,000 അനുയായികൾ ട്രംപിനെയും മോഡിയെയും തുലനം ചെയ്ത് നടത്തിയ ഒരു പരാമർശം ഉദ്ധരിക്കുന്നുണ്ട്. ട്രംപും മോഡിയും ഒരുപോലെയുള്ളവരല്ല. അവരെ താരതമ്യം ചെയ്യുന്നതും അർത്ഥശൂന്യമാണ്. ഇരുവരുടെയും നെഞ്ചളവ് മാനദണ്ഡമാക്കി രേഖപ്പെടുത്തിയിരിക്കുന്നത് യഥാർത്ഥത്തിൽ 56 ഇഞ്ച് ട്രംപിന്റേതാണ്. മോഡിയുടേത് 5.6 ഇഞ്ച് പോലും തികയില്ല എന്നുമാണ്.
ഹിന്ദുത്വ പ്രത്യയശാസ്ത്ര വിശ്വാസിയായ ഒരു മുൻ സിബിഐ ഡയറക്ടറുടെ അഭിപ്രായം, ‘കാര്യവിവരമുള്ള ഏതൊരു ഇന്ത്യക്കാരനും കഴിയുന്നത്ര വേഗത്തിൽ ഇന്ത്യ വിട്ടുപോവുക എന്നതായിരിക്കും. കാരണം ഭാരതം ഇപ്പോൾത്തന്നെ ‘വിൽപിറ്റ് ഭാരത്’ അഥവാ ‘നശിച്ചുപോയ ഭാരത്’ ആയി രൂപാന്തരപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അത് ‘വികസിത് ഭാരത്’ ആയി രൂപാന്തരപ്പെടുക എന്നത് ഏറെക്കുറെ അസാധ്യമാണെന്ന വിശ്വാസത്തിലാണ് ഭൂരിഭാഗം വരുന്ന ഇന്ത്യയിലെ സാധാരണ ജനങ്ങളും.’ അവരിൽ ശുഭാപ്തിവിശ്വാസത്തിന്റെ കണികപോലുമില്ലെന്ന് കരുതുന്നതിലും തെറ്റുണ്ടെന്ന് കരുതാനാവില്ല. 

ട്രംപല്ല, മോഡി; മോഡിയല്ല ട്രംപ്. ഇതിൽ ഒരാൾ ദേശീയതയിൽ അടിയുറച്ച് വിശ്വാസമർപ്പിക്കുന്ന വലതുപക്ഷ നേതാവാണെങ്കിൽ മറ്റൊരാൾ കപട ഇടതുപക്ഷക്കാരനാണ്. അതേയവസരത്തിൽ ഈ വ്യാജ ഇടതുപക്ഷക്കാരന്‍, ഫലത്തിൽ വലതുപക്ഷ സമ്മതിദായകരെ കൂടെനിർത്തി അവരെക്കൂടി കബളിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇതെല്ലാം ഉൾക്കൊള്ളുന്ന ഒന്നാണ് ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ യാഥാർത്ഥ്യം. നിയമവിരുദ്ധ കുടിയേറ്റക്കാരെന്ന ലേബലിലാണെങ്കിലും നൂറുകണക്കിന് ഇന്ത്യക്കാരെ സെെനികവിമാനത്തിൽ കെെകാലുകൾ ചങ്ങലകൾകൊണ്ട് ബന്ധിച്ച് ഇന്ത്യൻ വിമാനത്താവളങ്ങളിൽ ഇറക്കിവിടുന്ന നടപടി നരേന്ദ്ര മോഡി വാഗ്ദാനം നല്‍കിയ ദേശീയ മാന്യതയ്ക്ക് എത്രമാത്രം അനുയോജ്യമാണെന്ന് ഇന്ത്യൻ ജനതതന്നെ വിലയിരുത്തട്ടെ. യുഎസിനെ ട്രംപ് ‘മെഗ’യാക്കി രൂപാന്തരപ്പെടുത്തുന്നതുപോലെ ഇന്ത്യയെ ‘മിഗ’യാക്കി മാറ്റാൻ മോഡിക്ക് കഴിയുമോ എന്നതാണ് യഥാർത്ഥ പ്രശ്നം. 

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 17, 2025
March 17, 2025
March 17, 2025
March 16, 2025
March 16, 2025
March 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.