അമേരിക്കന്‍ മോട്ടോര്‍സൈക്കിളുകള്‍ക്കു മേല്‍ ഇന്ത്യ ചുമത്തുന്ന കസ്റ്റംസ് ഡ്യൂട്ടി കൂടുതലാണെന്ന് ട്രംപ്

Web Desk
Posted on June 11, 2019, 12:23 pm

വാഷിങ്ടണ്‍: അമേരിക്കന്‍ മോട്ടോര്‍സൈക്കിളുകള്‍ക്കു മേല്‍ ഇന്ത്യ ചുമത്തുന്ന കസ്റ്റംസ് ഡ്യൂട്ടി  വെട്ടിച്ചുരുക്കിയെങ്കിലും കൂടുതലാണെന്ന പ്രസ്താവനയുമായി ഡൊണാള്‍ഡ് ട്രംപ്.

തന്റെ നേതൃത്വത്തില്‍ രാജ്യം ഇനിയും വിഡ്ഡിയാവില്ലെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയെ നോക്കൂ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, നല്ല സുഹൃത്താണ്. പക്ഷെ, മോട്ടോര്‍സൈക്കിളുകള്‍ക്ക് മേല്‍ 100 ശതമാനം നികുതി ഈടാക്കുന്നു. നമ്മള്‍ ഒന്നും തന്നെ ഈടാക്കുന്നില്ല- ട്രംപ് പറഞ്ഞു.

ഹാര്‍ലി ഡേവിഡ്‌സണിന്റെ ഇറക്കുമതി തീരുവ പൂജ്യമായി കുറയ്ക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. നമ്മള്‍ ഹാര്‍ലിയെ അയക്കുമ്ബോള്‍ അതിന് 100 ശതമാനം നികുതി ഈടാക്കുന്നു.അവരിങ്ങോട്ട് ഒട്ടനവധി ബൈക്കുകള്‍ കയറ്റുമതി ചെയ്യുമ്ബോള്‍ ഒരു നികുതിയുമില്ല. ഞാന്‍ മോദിയെ വിളിച്ചിട്ട്, ഇത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞിട്ടുണ്ട്- ട്രംപ് പറഞ്ഞു.

‘ഒറ്റ ഫോണ്‍ കോളില്‍ മോദി 50 ശതമാനം കുറച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും അംഗീകരിക്കാനാവില്ലെന്ന് ഞാന്‍ പറഞ്ഞു. അവര്‍ അത് കുറയ്ക്കാന്‍ ശ്രമിക്കുകയാണ്’- ട്രംപ് പറഞ്ഞു.

ഇതടക്കം നിരവധി ഇറക്കുമതി ഉല്‍പന്നങ്ങളെ ചൂണ്ടിക്കാട്ടി കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ട്രംപ്. ഇന്ത്യ ഇറക്കുമതി തീരുവ കുറച്ചില്ലെങ്കില്‍ വ്യാപാര യുദ്ധത്തിലേക്കു നീങ്ങുമെന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍, ഹാര്‍ലി ഡേവിഡ്‌സണ്‍ അടക്കമുള്ള യു.എന്‍ നിര്‍മിത മോട്ടോര്‍സൈക്കിളുകളുടെ കസ്റ്റംസ് ഡ്യൂട്ടി 50 ശതമാനമായി കുറച്ചിരുന്നു.