ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ട്രംപ്

Web Desk
Posted on October 27, 2019, 7:49 pm

വാഷിങ്ടണ്‍: ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രണ്ട് മണിക്കൂര്‍ നീണ്ട സൈനിക നടപടികള്‍ക്കൊടുവിലാണ് ഐഎസ് തലവന്‍ കൊല്ലപ്പെട്ടത്. വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തിനിടെയാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്നും ട്രംപ് പറഞ്ഞു.

അമേരിക്കൻ സൈന്യത്തെ കണ്ട് ഭയന്ന് തന്‍റെ മൂന്ന് കുട്ടികളുമായി ഒരു തുരങ്കത്തിനകത്തേക്ക് കടന്ന ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഈ മൂന്ന് കുട്ടികളും പൊട്ടിത്തെറിയിൽ കൊല്ലപ്പെട്ടു. സ്ഥലത്ത് നിന്ന് 11 കുട്ടികളെ അമേരിക്കൻ സൈന്യം രക്ഷിച്ചതായും ഡൊണാൾഡ് ട്രംപ് അറിയിച്ചു.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഐയാണ് ഐഎസ് തലവന്‍റെ താവളം കണ്ടെത്തിയത്. തുടര്‍ന്ന് ബാഗ്ദാദിയെ ലക്ഷ്യംവെച്ച് ആക്രമണം നടത്തിയെങ്കിലും ജീവനോടെ പിടികൂടുന്നതിന് മുമ്പ് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഡിഎന്‍എ, ബയോമെട്രിക് ടെസ്റ്റുകളുടെ ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ ഇത് ബാഗ്ദാദിയായിരുന്നുവെന്ന് സ്ഥിരീകരിക്കുകയായിരുന്നു.