ലോകനേതാക്കൾ പരിഹസിച്ചു: ട്രംപ് നാറ്റോ സമ്മേളനത്തിൽ നിന്ന് മടങ്ങി

Web Desk
Posted on December 05, 2019, 3:45 pm

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടക്കമുള്ള നേതാക്കൾ പരിഹസിച്ചതിനെ തുടർന്ന് നാറ്റോ സമ്മേളനത്തിൽ പങ്കെടുക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവസാനിപ്പിച്ചു. വളരെ ദീർഘമായ വാർത്താസമ്മേളനം നടത്തുന്നതിനെതിരെ ആയിരുന്ന ബക്കിംഗ്ഹാം പാലസിൽ വച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അടക്കമുള്ളവർ അദ്ദേഹത്തെ കളിയാക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് താൻ സമ്മേളനം അവസാനിപ്പിച്ച് മടങ്ങുകയാണെന്ന് ട്രംപ് അറിയിച്ചത്.
കനേഡിയൻ പ്രധാനമന്ത്രി ഇരട്ടമുഖമുള്ളയാളാണെന്നും ട്രംപ് കുറ്റപ്പെടുത്തി. പുറത്ത് വന്ന ദൃശ്യങ്ങളിൽ ട്രൂഡോ മറ്റ് സഖ്യകക്ഷികളുടെ ചെലവിൽ ട്രംപ് നടത്തുന്ന ധൂർത്തിനെയും അവർ കളിയാക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
കാനഡയിലെ പ്രധാനമന്ത്രിക്ക് തന്നോട് അസ്വാരസ്യം ഉണ്ടാകുമെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. കാരണം താൻ അദ്ദേഹത്തെ കുറ്റപ്പെടുത്തിയതാണെന്നും ട്രംപ് പറഞ്ഞു. മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ രണ്ട് ശതമാനം പ്രതിരോധ ആവശ്യങ്ങൾക്ക് ചെലവിടണമെന്ന നാറ്റോ നിർദേശം പാലിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. ഇക്കാര്യത്തിൽ താൻ അവരെ വിമർശിച്ചിരുന്നുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
സഖ്യത്തിലെ ചൈനയുടെയും തുർക്കിയുടെയും ഭീഷണിയടക്കമുള്ള വസ്തുതകളെയും വിമർശിച്ച് ഇവർ പൊട്ടിച്ചിരിക്കുന്നതും കാണാം. സൈനിക ചെലവുകളെയും ഇവർ വിമർശിക്കുന്നുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരം ബക്കിംഗ്ഹാം കൊട്ടാരത്തിൽ നടന്ന വിരുന്നിനിടെ ട്രൂഡോ, ജോൺസൺ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെ, രാജകുമാരി ആൻ എന്നിവർ കൂടിയാണ് ട്രംപിനെ വിമര്‍ശിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നത്. എന്ത് കൊണ്ടാണ് ട്രംപ് വൈകിയതെന്ത് ബോറിസ് ജോൺസൺ ചോദിക്കുന്നതും വാർത്താസമ്മേളനത്തിന് ട്രംപ് നാൽപത് മിനിറ്റ് എടുത്തത് കൊണ്ടാണെന്ന് ട്രൂഡോ മറുപടി നൽകുന്നതും ദൃശ്യങ്ങളിൽ നിന്ന് കേൾക്കാനാകും.