ഇംപീച്ച്മെന്റ്: ഹാജരാകില്ലെന്ന് ട്രംപും അഭിഭാഷകരും

Web Desk
Posted on December 02, 2019, 12:46 pm

വാഷിങ്ടൺ: അമേരിക്കൻ പാർലമെന്റിന്റെ ഇംപീച്ച്മെന്റ് നടപടിയിൽ പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അദ്ദേഹത്തിന്റെ അഭിഭാഷകരും വ്യക്തമാക്കി. നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിട്ടുനിൽക്കുന്നതെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി.

ഇംപീച്ച്മെന്റ് നടപടികളിൽ പങ്കെടുക്കുമോയെന്ന് വ്യക്തമാക്കാൻ ഞായറാഴ്ച വൈകുന്നേരം ആറ് മണിവരെയാണ് ഡെമോക്രാറ്റുകൾക്ക് മുൻതൂക്കമുള്ള ജനപ്രതിനിധിസഭയുടെ നീതിന്യായ സമിതി അനുവദിച്ചിരുന്നത്. സാക്ഷികൾ ആരാണെന്ന കാര്യം വ്യക്തമാക്കാത്ത സാഹചര്യത്തിൽ വിചാരണ നടപടികളിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് വൈറ്റ്ഹൗസ് അഭിഭാഷകൻ പാറ്റ്സിപ്പോലോൺ സമിതി അധ്യക്ഷൻ ജെറോൾഡ് നാഡ്‌ലർക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളിലെ വിചാരണയിൽ സമിതി പ്രസിഡന്റിനോട് മാന്യമായ സമീപനമാകുമോ പുലർത്തുകയെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. പ്രസിഡന്റിനോട് പുലർത്തേണ്ട മൗലിക മാന്യത പുലർത്തിയിട്ടുണ്ടോയെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. അതേസമയം പിന്നീടുള് വിചാരണയ്ക്ക് ഹാജരാകാനുള്ള പൂർണ സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞിട്ടില്ല. അതേസമയം ഡെമോക്രാറ്റുകൾ പ്രസിഡന്റിന് ചില ഇളവുകൾ അനുവദിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ട് വച്ചു.

അതേസമയം ഇംപീച്ച്മെന്റ് നടപടികളിൽ ട്രംപിന് പ്രതിരോധം ഉയർത്താനാകുമോയെന്ന കാര്യം വെള്ളിയാഴ്ചയ്ക്കകം വ്യക്തമാക്കണമെന്നും സിപ്പോലോൺ ആവശ്യപ്പെട്ടിട്ടുണ്ട്. ഹാജരാകില്ലെന്ന ട്രംപിന്റെ മറുപടിയോട് ജുഡീഷ്യറി സമിതി പ്രതികരിച്ചിട്ടില്ല.