ലോകത്തിലെ ഏറ്റവും വലിയ ഗവേഷണ ലൈബ്രറിയും അമേരിക്കയുടെ നാഷണൽ ലൈബ്രറിയുമായ ലൈബ്രറി ഓഫ് കോൺഗ്രസിലെ ലൈബ്രേറിയൻ ഡോ. കാർല ഹെയ്ഡനെ ട്രംപ് ഭരണകൂടം പുറത്താക്കി. കുട്ടികളുടെ ലൈബ്രേറിയനായി സേവനം ആരംഭിച്ച കാർലയുടെ ലൈബ്രറി ഓഫ് കോൺഗ്രസിലെ കാലഘട്ടം ആഗോളതലത്തിൽ ലൈബ്രറി ഇൻഫർമേഷൻ സയൻസ് (എല്‍ഐഎസ്) സമൂഹത്തിനും സ്വതന്ത്ര വിദ്യാഭ്യാസ പ്രവർത്തകർക്കും അംഗീകാരമായിരുന്നു.
കോൺഗ്രസ് ലൈബ്രേറിയൻ എന്ന നിലയിൽ ഉള്ള പദവി ഈ നിമിഷം മുതൽ അവസാനിപ്പിച്ചതായി അറിയിക്കുന്നു എന്നുള്ള സന്ദേശം മേയ് എട്ടിനാണ് വൈറ്റ് ഹൗസിൽ നിന്നും കാർലയ്ക്ക് ലഭിച്ചത്. തൊട്ടടുത്ത ദിവസം, മേയ് 10ന് കോപ്പിറൈറ്റ് രജിസ്ട്രാറായ ഷിറ പെർൽമുട്ടറിനെയും ഡൊണാൾഡ് ട്രംപ് ഭരണകൂടം പുറത്താക്കി.
2016ൽ അമേരിക്കയുടെ മുൻ പ്രസിഡന്റ് ബരാക്ക് ഒബാമയാണ് ഡോ. കാർലയെ അമേരിക്കൻ കോൺഗ്രസ് ലൈബ്രറിയുടെ തലപ്പത്ത് നിയമിക്കുന്നത്. ഡെമോക്രാറ്റ് പാർട്ടിയും റിപ്പബ്ലിക്കൻ പാർട്ടിയും ഒരുപോലെ അവരെ പിന്തുണച്ചിരുന്നു. 230 വർഷത്തെ ലൈബ്രറി ഓഫ് കോൺഗ്രസ് ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്ത്രീ ലൈബ്രേറിയൻ സ്ഥാനത്ത് എത്തിയത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ കറുത്ത വർഗക്കാരിയും കാർല തന്നെയാണ്. ലോകത്താകമാനമുള്ള കറുത്ത വംശജരുടെയും അവഗണിക്കപ്പെടുന്നവരുടെയും ശബ്ദമായാണ് അവർ പ്രവർത്തിച്ചത്.
ചിക്കാഗോയില്‍ കുട്ടികളുടെ ലൈബ്രേറിയനായി സേവനം ആരംഭിച്ച കാർലയുടെ നേതൃത്വത്തിൽ കറുത്തവർ, ഗോത്രജനത, ലാറ്റിനോ, ഏഷ്യൻ അമേരിക്കൻ, പസഫിക് ദ്വീപുകാര്‍ എന്നിങ്ങനെ അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്ന ജനങ്ങളുടേത് (ഓഫ് ദി പീപ്പിള്‍) എന്ന പദ്ധതി നടപ്പിലാക്കി. രേഖകളുടെയും ചിത്രങ്ങളുടെയും ഡിജിറ്റൈസേഷൻ പദ്ധതിയിലൂടെ ലൈബ്രറി സന്ദർശിക്കാൻ സാധിക്കാത്തവരിലേക്കും കാഴ്ചാ പരിമിതരിലേക്കും അറിവുകൾ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് കാർല നേതൃത്വം നൽകി. എല്ലാവര്‍ക്കും അറിവ് തുല്യമായി ഉറപ്പാക്കുന്നു എന്ന അറിവിന്റെ ജനാധിപത്യമാണ് കാർല നടപ്പിലാക്കാൻ ശ്രമിച്ചത്.
ഉത്തരവാദിത്തത്തോടെ ചരിത്രപരമായ തീരുമാനങ്ങളുമായി അവർ മുന്നോട്ട് പോവുമ്പോഴാണ് വിചിത്ര ന്യായങ്ങളുന്നയിച്ച് ഒറ്റവരി സന്ദേശത്തിൽ കാർലയെ പിരിച്ചുവിട്ടത്. 10 വർഷത്തെ കാലാവധി പൂർത്തിയാക്കാൻ ഒരു വർഷം ഇനിയും ബാക്കിയാണ്. ഡോ. കാർലയും കോപ്പിറൈറ്റ് രജിസ്ട്രാറായ ഷിറ പെർൽമുട്ടറും ട്രംപ് ഭരണകൂടത്തിന്റെ ‘ബ്ലോക്ക് ലിസ്റ്റിൽ’ ഉള്ളവരാണെന്നും ഈ നീക്കത്തിനു പിന്നിൽ പരിപൂർണമായും രാഷ്ട്രീയ താല്പര്യങ്ങളാണെന്നും ദ ഗാർഡിയൻ വ്യക്തമാക്കുന്നുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരൊളിൻ ലെവിറ്റ് പറയുന്നത്, വെെവിധ്യം, തുല്യത, ഉള്‍ക്കൊള്ളല്‍ (‘DEI’ diversity, equity, inclusion) ലക്ഷ്യങ്ങളിൽ അനാവശ്യമായി ഇടപെട്ടതിനും കുട്ടികൾക്കായി ‘അയോഗ്യമായ പുസ്തകങ്ങൾ’ ലൈബ്രറികളിൽ ഉൾപ്പെടുത്തിയതിനുമാണ് ഡോ. കാർലയെ പിരിച്ചുവിട്ടത് എന്നാണ്. ഇത്തരം വാദങ്ങൾ ലൈബ്രറികളെക്കുറിച്ചോ അതിന്റെ പ്രവർത്തനത്തെക്കുറിച്ചോ മനസിലാക്കാതെയുള്ള വിഡ്ഢിത്തങ്ങളാണെന്ന് ചൂണ്ടിക്കാട്ടുന്നു. 16 വയസിന് താഴെയുള്ളവർക്ക് കോൺഗ്രസ് ലൈബ്രറിയിലെ പുസ്തകങ്ങൾ ഉപയോഗിക്കാൻ അനുമതിയില്ല. ലൈബ്രറി ഓഫ് കോൺഗ്രസ് എന്നത് ഒരു കോപ്പിറൈറ്റ് ലൈബ്രറിയാണ്. അതായത്, ഏത് കൃതികൾ പ്രസിദ്ധീകരിക്കപ്പെട്ടാലും അവ നിയമപരമായി കോപ്പിറൈറ്റ് ലൈബ്രറികളിൽ കാണും.
തീവ്രവലതുപക്ഷ സംഘടനയായ അമേരിക്കൻ അക്കൗണ്ടബിലിറ്റി ഫൗണ്ടേഷൻ (എഎഎഫ്), കാർലയെയും മറ്റ് ലൈബ്രറി ഉദ്യോഗസ്ഥരും, “തീവ്ര ആശയങ്ങളുള്ള പുസ്തകങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും അതുവഴി കുട്ടികളെ ലിംഗന്യൂനപക്ഷമാക്കാൻ ശ്രമിക്കുന്നുവെന്നും” ആരോപിച്ചിരുന്നു. “ഇപ്പോൾ ലൈബ്രറിയുടെ ചീഫ് ആയ കാർലാ ഹെയ്ഡൻ ‘വോക്’ ആക്ടിവിസ്റ്റും, ട്രംപ് വിരോധിയും, കുട്ടികളെ ട്രാൻസ് ആക്കാൻ ശ്രമിക്കുന്നയാളും ആണ്. അവരെ പുറത്താക്കണം, ഒരു ‘പുരുഷനെ’ ആ സ്ഥാനത്ത് നിയമിക്കണം. ” എന്നായിരുന്നു പോസ്റ്റ്.
മറ്റൊരു പോസ്റ്റ് ഇങ്ങനെയാണ്: “അമേരിക്കയിലെ ലൈബ്രേറിയരിൽ 82 ശതമാനം പേരും സ്ത്രീകളാണ്. എന്നാൽ ട്രംപ് ഭരണകൂടത്തിൽ കൂടുതൽ പുരുഷന്മാരെ നിയമിക്കും എന്നതിൽ സംശയം വേണ്ട. ‘പ്രോജക്ട് 2025’ എന്ന കൺസർവേറ്റീവ് പദ്ധതിക്ക് പിന്നിൽ നിൽക്കുന്ന ഹെറിറ്റേജ് ഫൗണ്ടേഷൻ, ഫെഡറൽ ജീവനക്കാരെ ലക്ഷ്യമിട്ടുള്ള ബ്ലാക്ക് ലിസ്റ്റ് തയ്യാറാക്കാൻ അമേരിക്കൻ അക്കൗണ്ടബിലിറ്റി ഫൗണ്ടേഷന്‍ (എഎഎഫ്) ലക്ഷം ഡോളർ സഹായം നൽകി എന്നും റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ പ്രസിഡന്റിന്റെ അജണ്ടകൾ നിർബന്ധിതമായി നടപ്പാക്കാൻ നിലവിലുള്ളവർ വിശ്വസിക്കാൻ കൊള്ളുന്നവരല്ല എന്നാണ് ബ്ലാക്ക് ലിസ്റ്റുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ ലിസ്റ്റുകളിൽ ഒട്ടുമിക്ക പേരുകളും ആരോഗ്യവകുപ്പുകളിലെയും വിദ്യാഭ്യാസവകുപ്പിലെയും കറുത്ത വർഗക്കാരായ ഉദ്യോഗസ്ഥരുടേതാണ്. ആഭ്യന്തര സുരക്ഷാ വകുപ്പിനെ കേന്ദ്രീകരിച്ചുള്ള അതിന്റെ ആദ്യ പട്ടികയ്ക്ക് അവർ (പ്രോജക്ട് സോവറിനിറ്റി 2025) എന്നാണ് പേരിട്ടിരിക്കുന്നത്. എഎഎഫ് തയ്യാറാക്കിയ ഇത്തരം പട്ടികയിൽ ഉൾപ്പെട്ടവരാണ് ഡോ. കാർല ഹെയ്ഡനും ഷിറ പെർൽമുട്ടറും.
“വോക്ക്” എന്നത്, സാമൂഹ്യ നീതിക്കുവേണ്ടി നിലനിൽക്കുന്ന വിവേചനങ്ങൾക്കെതിരെ ജാഗ്രത പുലർത്തുന്ന നിലപാട് സ്വീകരിക്കുന്നവർ എന്ന രീതിയിലാണ് ഉപയോഗിക്കുന്നത്. എന്നാൽ, അമേരിക്കൻ രാഷ്ട്രീയത്തിൽ ഈ പദത്തിന് മാറ്റം സംഭവിച്ചിരിക്കുന്നു. ഇന്ന് വലതുപക്ഷ രാഷ്ട്രീയപക്ഷങ്ങൾക്കും വിമർശകർക്കും ഇടയിൽ “വോക്ക്” എന്നത് പുരോഗമന സമീപനത്തെ പരിഹസിക്കാൻ ഉപയോഗിക്കുന്ന പദമായിരിക്കുന്നു. പ്രത്യേകിച്ച് സാമൂഹ്യ സമത്വം, ജെൻഡർ ഇൻക്ലൂഷൻ, എൽജിബിടിക്യു+ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ. ട്രംപ് ഭരണകൂടം ഇപ്പോൾ നടത്തുന്ന പിരിച്ചുവിടൽ തീവ്ര വലതുപക്ഷ “വോക്ക് വിരുദ്ധ രാഷ്ട്രീയത്തിന്റെ” ഭാഗമാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. DEI (Diversity, Equity, Inclusion) ശ്രമങ്ങളെ “അവശ്യം തള്ളേണ്ട പ്രോഗ്രസീവ് ആശയങ്ങൾ” വോക്ക് വിരുദ്ധ രാഷ്ട്രീയം ചിത്രീകരിച്ചു. ചുരുക്കത്തിൽ ഡോ. കാർല ഹെയ്ഡനെ പുറത്താക്കിയത് കുട്ടികൾക്കുള്ള പുസ്തകങ്ങൾ കുട്ടികൾക്ക് പ്രവേശനമില്ലാത്തിടത്ത് വച്ചതിനല്ല. പിന്നിൽ ട്രംപ് ഭരണകൂടത്തിന്റെയും തീവ്രവലതുപക്ഷക്കാരുടെയും കൃത്യമായ ഗൂഢാലോചനകളാണ്.
കോൺഗ്രഷണൽ റിസർച്ച് സർവീസ് (സിആര്‍എസ്) ലൈബ്രറി ഓഫ് കോൺഗ്രസിന്റെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ്. സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു ഗവേഷണ വിഭാഗമാണിത്. അതിന്റെ പഠനങ്ങളും റിപ്പോർട്ടുകളും രാഷ്ട്രീയ ചേരികൾക്കപ്പുറം ശാസ്ത്രീയമായ നയപരിശോധനകൾ സാധ്യമാക്കുന്നു. വിവിധ വിഷയങ്ങളിലെ പഠനങ്ങൾ ഇവർ അംഗങ്ങൾക്ക് നൽകുകയും ചെയ്യുന്നുണ്ട്. ഇതുണ്ടാക്കുന്ന പൊതുസംവാദങ്ങൾ ട്രംപ് ഗവൺമെന്റിന് എന്നും ഒരു തലവേദനയാണ്.
ഡോ. കാർല ഹെയ്ഡൻ അമേരിക്കൻ ലൈബ്രറി അസോസിയേഷൻ (എഎല്‍എ) പ്രസിഡന്റായിരുന്ന കാലത്ത്, ലൈബ്രറി റെക്കോഡുകളുടെ സ്വകാര്യതയെപ്പറ്റി പ്രതിപാദിക്കുന്ന സെക്ഷൻ 215നെതിരെ തുറന്ന സംവാദത്തിലേർപ്പെട്ടിരുന്നു. ലൈബ്രറികളിൽ നിന്ന് പുറത്തുവരുന്ന ഇലക്ട്രോണിക് കമ്മ്യൂണിക്കേഷനുകൾ രഹസ്യമായി നിരീക്ഷിക്കാൻ അന്വേഷണ ഏജൻസികളെ അനുവദിക്കുന്നതായിരുന്നു സെക്ഷൻ 215. ലൈബ്രേറിയരോട് വായനക്കാരുടെ വിവരങ്ങൾ നൽകാൻ ഇതിലൂടെ ആവശ്യപ്പെട്ടിരുന്നു. എഎല്‍എയുടെ വക്താവെന്ന നിലയിൽ കാർല തുടർച്ചയായി ഈ വിഷയത്തിൽ ഇടപെട്ടു. “സെക്ഷൻ 215 ലൈബ്രറി ഉപയോക്താക്കളുടെ പൗരത്വ അവകാശങ്ങളുടെയും സ്വകാര്യതയുടെ അവകാശത്തിന്റെയും നേരെയുള്ള ഭീഷണിയാണ്,” എന്നവർ ആവർത്തിച്ചു.
ഗ്രന്ഥശാലകളെ എക്കാലത്തും തീവ്രവലത് ആശയക്കാർക്കും ഫാസിസ്റ്റുകൾക്കും ഭയമാണ്. അറിവിന്റെ സ്വതന്ത്രമായ വിതരണം, പ്രസിദ്ധീകരണ സ്വാതന്ത്ര്യം, തുടങ്ങിയവയെ രാഷ്ട്രീയ നിയന്ത്രണത്തിലാക്കാനുള്ള ശ്രമങ്ങൾ എക്കാലത്തും അവർ നടത്തിയിട്ടുണ്ട്. പുരോഗമന ആശയങ്ങളുടെ അക്കാദമിക ഇടമായ കൊളംബിയ, ഹാർവാർഡ് സർവകലാശാലകൾക്കെതിരെ തുറന്ന ഏറ്റുമുട്ടലിലാണ് ട്രംപ് ഭരണകൂടം. ലൈബ്രേറിയൻ ഓഫ് കോൺഗ്രസ് സ്ഥാനത്തുനിന്ന് കാർലയെ പുറത്താക്കിയതും ഈ നീക്കങ്ങളുടെ തുടർച്ചയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.