യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഒരേ തൂവൽ പക്ഷികളാണ്. ഇവർ പല കാര്യങ്ങളിലും സാമ്യതയുള്ളവരാണ്. കോർപ്പറേറ്റുകളോടുള്ള വിധേയത്വം, ന്യൂനപക്ഷങ്ങളോടുള്ള വിദ്വേഷം, കുടിയേറ്റക്കാരോടുള്ള വെറുപ്പ്, ഇസ്‌ലാമിക വിരുദ്ധ നിലപാടുകൾ തുടങ്ങിയ കാര്യങ്ങളിൽ ഇരുവരും അക്ഷരാർഥത്തിൽ ഒരേ തൂവൽ പക്ഷികളാണ്. അതുകൊണ്ടുതന്നെയാണ് ഇരുവരും രാഷ്ട്രീയമായും വ്യക്തിപരമായും സുഹൃത്തുക്കളായത്. രണ്ടാം തവണ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ റിപ്പബ്ലിക് ദിനത്തിലെ അതിഥിയായി ക്ഷണിക്കാനായിരുന്നു മോഡിയുടെ താല്പര്യം. ക്ഷണം സ്വീകരിക്കാൻ ട്രംപ് സന്നദ്ധനായിരുന്നെങ്കിലും യുഎസിലെ തിരക്കുകൾ മൂലം അത് ഉപേക്ഷിച്ചു. ഈ വിടവ് നികത്തിയത് ബ്രസീൽ പ്രസിഡന്റായ ജെയ്ർ ബൊൾസൊനാരോയാണ്. മോഡി-ട്രംപ് വിഭാഗത്തിൽപ്പെടുന്ന ഒരു പക്ഷി തന്നെയാണ് ബൊൾസൊനാരോയും. ഈ മാസം 24, 25 തിയതികളിൽ ട്രംപ് ഇന്ത്യ സന്ദർശിക്കുന്നതിൽ നരേന്ദ്ര മോഡി അതീവ ആഹ്ലാദചിത്തനും സംതൃപ്തനുമാണ്.
ട്രംപിന്റെ വരവിനായി ഇന്ത്യാക്കാൻ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്നുവെന്ന ബോധ്യം സൃഷ്ടിക്കാനാണ് മോഡി സർക്കാർ, സംഘപരിവാർ, അമേരിക്കൻ ലോബി ഉൾപ്പടെ വിവിധ തലത്തിലുള്ളവർ ശ്രമിക്കുന്നത്. രാജ്യ താല്പര്യത്തിനു വേണ്ടിയുള്ള സന്ദർശനമെന്ന വിശ്വാസമല്ല ഭൂരിപക്ഷം ജനങ്ങൾക്കുമുള്ളത്. സമകാലീന ഇന്ത്യൻ ചരിത്രത്തിന്റെ ചുമരുകളിൽ എഴുതപ്പെടുന്നത് ട്രംപ് ഗോ ബാക്ക് (ട്രംപ് തിരിച്ചുപോകൂ) എന്ന മുദ്രാവാക്യമാണ്. ബഹുമുഖമായ വ്യാപാര കരാർ ഒപ്പിടുമെന്ന പ്രതീക്ഷയിലാണ് അമേരിക്കയിലെയും ഇന്ത്യയിലെയും വൻകിട കോർപ്പറേറ്റുകൾ. പ്രതിസന്ധിയിലായ അവരുടെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ഇവർ. ഇന്ത്യയുടെ ചെലവിൽ തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാനാണ് അമേരിക്കയുടെ ശ്രമം. ഇത് തന്നെയാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള പ്രതീക്ഷയും. എന്നാൽ ഇവർ പ്രതീക്ഷിച്ച കരാർ ഉടൻ ഉണ്ടാകില്ലെന്ന് പതിനൊന്നാം മണിക്കൂറിലാണ് അറിയുന്നത്.
രാഷ്ട്രീയ‑നയതന്ത്ര ബന്ധത്തിലുപരിയായി ഇരു രാജ്യങ്ങളുടെയും സാമ്പത്തിക താല്പര്യങ്ങൾ വെവ്വേറെയാണ്. കമ്പോളത്തിന്റെ കാര്യത്തിൽ തനിക്കും മോഡിക്കും വ്യത്യസ്തമായ വീക്ഷണങ്ങളാണ് ഉള്ളതെന്ന് ട്രംപ് പരസ്യമായി പറഞ്ഞു. ഇന്ത്യയെ പരമാവധി ചൂഷണം ചെയ്യാനുള്ള തന്ത്രമാണ് അമേരിക്ക സ്വീകരിക്കുന്നത്. ഇത് രാജ്യത്തെ കർഷകരെ പ്രതികൂലമായി ബാധിക്കും. ഈ സന്ദർശനത്തിനിടെ ഒപ്പിടുന്ന കരാർ രാജ്യത്തെ ക്ഷീര കർഷകരെയാണ് പ്രതിസന്ധിയിലാക്കുക. തുല്യമായ ഒരു പങ്കാളിത്തത്തിന് അമേരിക്ക തയ്യാറാകില്ലെന്നാണ് ഇരു രാജ്യങ്ങളുടെയും ചരിത്രം വ്യക്തമാക്കുന്നത്. എന്നും ഇന്ത്യക്ക് നഷ്ടം മാത്രം. ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ (ആദ്യം അമേരിക്ക) എന്ന നയം ഇന്ത്യൻ നയതന്ത്ര നിലപാടുകളെ പ്രതികൂലമായി സ്വാധീനിക്കും. ട്രംപിന്റെ സന്ദർശനത്തെ ഏറ സ്വാധീനമുള്ള പങ്കാളിത്തമെന്നാണ് വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ ശൃംഗ്‌ല പറഞ്ഞത്. മരുമകൻ ജാരേദ് കുഷ്നർ, വാണിജ്യകാര്യ സെക്രട്ടറി, വ്യാപാര പ്രതിനിധികൾ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവർക്കൊപ്പമാണ് ട്രംപ് എത്തുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഇതിന് വിരുദ്ധമായ വാക്കുകൾ ട്രംപിന്റെ ഭാഗത്തുനിന്നുമാണ് പുറത്തുവന്നത്. അമേരിക്കയെ വേണ്ടവിധത്തിൽ ഇന്ത്യ പരിഗണിച്ചില്ലെന്ന പരിഭവമാണ് ട്രംപ് പങ്കുവച്ചത്. വലിയ കരാർ സാധ്യമാണെന്നും ട്രംപ് പറഞ്ഞു. ഇന്ന് അല്ലെങ്കിൽ നാളെ ഇന്ത്യൻ കമ്പോളം അമേരിക്കൻ കോർപ്പറേറ്റുകൾക്കായി തുറന്നുകൊടുക്കുമെന്നാണ് ട്രംപിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. അമേരിക്കയിലെ ഇന്ത്യക്കാരുടെ വോട്ടുകൾ നേടാനായി മോഡിയെ ഉപകരണമാക്കിയുള്ള ഒരു യാത്രമാത്രമാണിത്. കഴിഞ്ഞ തവണ മോഡി അമേരിക്ക സന്ദർശിച്ചപ്പോഴുള്ള ആഡംബര കോലാഹലങ്ങളും ഇതു തന്നെയാണ് സൂചിപ്പിക്കുന്നത്.
നയതന്ത്ര ബന്ധങ്ങളുടെ അടിസ്ഥാന പ്രമാണങ്ങൾ പോലും കാറ്റിൽപ്പറത്തിയുള്ള പ്രഹസനമായിരുന്നു ഹൂസ്റ്റണിൽ നടന്ന ‘ഹൗഡി മോഡി’ ആഘോഷം. അതേ താല്പര്യം തന്നെയാണ് ഇപ്പോഴും മോഡി കാണിക്കുന്നത്. ഏഴ് ദശലക്ഷം ജനങ്ങൾ എയർപോർട്ടിലും മൊട്ടേറ ക്രിക്കറ്റ് സ്റ്റേഡിയത്തിലുമായി ഉണ്ടാകുമെന്ന് മോഡി അറിയിച്ചിരുന്നതായി ട്രംപ് തന്നെ യുഎസ് മാധ്യമങ്ങളോട് പറഞ്ഞു. ഇത് തികച്ചും ആകാംക്ഷ ഉളവാക്കുന്നതാണ്. എന്നാൽ ഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരും പറയുന്നത് ട്രംപ് ഗോബാക്ക് എന്നാണ്. അഹമ്മദാബാദിൽ 70 ദശലക്ഷം ആൾക്കാരെ എത്തിക്കുമെന്നത് ഇരുനേതാക്കളും തമ്മിലുള്ള സ്നേഹവും ബന്ധവുമാണ് സൂചിപ്പിക്കുന്നത്. തങ്ങളുടെ പരാജയങ്ങൾ മൂടിവയ്ക്കുന്നതിനായി രണ്ട് പരാജയപ്പെട്ട നേതാക്കളുടെ തന്ത്രം മാത്രമാണിത്. ചേരികൾ മറയ്ക്കാനായി അഹമ്മദാബാദിൽ മതിൽ പണിത മോഡിയുടെ നടപടി ഇതിനുള്ള ഉദാഹരണമാണ്. വൈബ്രന്റ് ഗുജറാത്തിന്റെ യഥാർഥ മുഖം മറയ്ക്കാനുള്ള തന്ത്രം. 20 വർഷം മുഖ്യമന്ത്രി, തുടർന്നുള്ള ആറ് വർഷം പ്രധാനമന്ത്രിയുമാണ് മോഡി. ഇത്രമാത്രം കാലം അധികാരത്തിലിരുന്ന മോഡി ഇന്ത്യൻ ജനതയുടെ ദൈന്യത മറയ്ക്കാൻ മതിൽ കെട്ടിയത് തികച്ചും നാണക്കേടാണ്.
ഗ്രാമനഗര വ്യത്യാസമില്ലാതെ ജനങ്ങൾ പട്ടിണിയിലാണ്. അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥ എന്ന് പറയുമ്പോഴും രാജ്യത്ത് അസമത്വം കൊടികുത്തിവാഴുന്നു. രാജ്യത്തെ മൊത്തം ബജറ്റ് അടങ്കലിനെക്കാൾ സ്വത്ത് 63 വ്യക്തികളുടെ പക്കലാണ്. ജനങ്ങൾ തമ്മിലുള്ള വരുമാനത്തിന്റെ അന്തരം ഗണ്യമായി വർധിക്കുന്നു. മെക്സിക്കൻ അതിർത്തിയിൽ മതിൽ കെട്ടാൻ തയ്യാറെടുക്കുന്ന ട്രംപിന്റെ എല്ലാ അർഥത്തിലുമുള്ള സുഹൃത്ത് തന്നെയാണ് അഹമ്മദാബാദിൽ മതിൽ കെട്ടിയ മോഡി. ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ വിഭാഗീയതയുടെ മതിൽ കെട്ടാനായി സിഎഎ, എൻപിആർ, എൻആർസി എന്നിവ നടപ്പാക്കുകയാണ് മോഡി. ഇത്തരത്തിലുള്ള വിഭാഗീയ ചുമരുകൾക്കെതിരെ രാജ്യത്തെ ജനത ശക്തമായി പ്രതിഷേധിക്കുന്നു. ഈ പ്രതിഷേധിക്കുന്ന ഇന്ത്യയെ മറയ്ക്കാൻ ഒരു ആഡംബരങ്ങൾക്കും കഴിയില്ല. രാജ്യത്തുടനീളം യഥാർഥ ഇന്ത്യയുടെ മുദ്രാവാക്യം പ്രകമ്പനംതീർക്കും- ട്രംപ് ഗോ ബാക്ക്.
ENGLISH SUMMARY: Trump go back
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.