Web Desk

വാഷിങ്ടൺ

February 02, 2020, 11:03 am

ട്രംപ് ഇംപീച്ച്മെന്റ് : കൂടുതൽ സാക്ഷികൾ വേണ്ടെന്ന് സെനറ്റ്

Janayugom Online

അമേരിക്കൻ പ്ര­സിഡന്റ് ഡ‍ൊണാൾഡ് ട്രംപിന്റെ ഇംപീച്ച്മെന്റ് വിചാരണയിൽ കൂടുതൽ സാക്ഷികളെ വിസ്തരിക്കേണ്ടതില്ലെന്ന് സെനറ്റ്. സെനറ്റിലെ 100 പേരില്‍ 51 പേര്‍ എതിര്‍ത്തും 49 അനുകൂലിച്ചും വോട്ടുചെയ്തു. യൂട്ടയില്‍ നിന്നുള്ള മിറ്റ് റോംനി, മെയ്‌നിലെ സൂസൻ കോളിൻസ് എന്നീ രണ്ട് റിപ്പബ്ലിക്കൻമാർ സാക്ഷിവിസ്താരത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. അന്തിമ വോട്ടെടുപ്പ് ബുധനാഴ്ച വൈകുന്നേരം നാലു മണിക്ക് നടക്കും.

ഇംപീച്ച്മെന്റിൽ നിന്ന് ട്രംപിനെ സംരക്ഷിക്കാനാണ് റിപ്പബ്ലിക്കന്മാർ ശ്രമിക്കുന്നതെന്ന് വോട്ടെടുപ്പിന് ശേഷം ഹൗസ് സ്പീക്കർ നാൻസി പെലോസി പറഞ്ഞു. വിചാരണ കൂടാതെ ആരെയും കുറ്റവിമുക്തനാക്കാൻ കഴിയില്ല. സാക്ഷികളും രേഖകളും തെളിവുകളും ഇല്ലാതെ പിന്നെ എന്തു വിചാരണയെന്നാണ് പെലോസി പ്രതികരിച്ചത്. ഭരണഘടനക്ക് വിരുദ്ധമായ ഇംപീച്ച്മെന്റ് നടപടികൾ ഉടൻ പിൻവലിക്കണമെന്ന് നൂറ് അംഗങ്ങളുള്ള സെനറ്റിനോട് വൈറ്റ് ഹൗസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് മേധാവിത്വമുള്ള സെനറ്റാവും ട്രംപിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണമോയെന്നതില്‍ തീരുമാനമെടുക്കുക.

ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭയിൽ 197നെതിരെ 230 വോട്ടുകൾക്കാണ് പ്രമേയം പാസായത്. അമേരിക്കയുടെ ചരിത്രത്തിൽ ഇംപീച്ച്മെന്റ് നടപടി നേരിടേണ്ടി വരുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്. അടുത്ത തെരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രധാന എതിരാളിയായ മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡനും മകനുമെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ ഭരണകൂട സ്വാധീനം ഉപയോഗിച്ച് ഉക്രൈൻ സർക്കാറിനു മേൽ സമ്മർദം ചെലുത്തിയെന്ന ആരോപണത്തിലാണ് ട്രംപ് ഇംപീച്ച്മെന്‍റ് വിചാരണ നേരിടുന്നത്.

Eng­lish Sum­ma­ry: Trump impeach­ment: Sen­ate says no more witnesses

You may also like this video