Monday
23 Sep 2019

കാശ്മീര്‍ തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കണമെന്ന് നരേന്ദ്രമോഡി തന്നോട് ആവശ്യപ്പെട്ടെന്ന് ട്രംപ്, ഞെട്ടലോടെ ഇന്ത്യ

By: Web Desk | Tuesday 23 July 2019 11:06 AM IST


ന്യൂഡല്‍ഹി: കാശ്മീര്‍ തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നോട് ആവശ്യപ്പെട്ടെന്ന വാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എതിര്‍പ്പ് അറിയിച്ച് ഇന്ത്യ.
പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി വൈറ്റ് ഹൗസില്‍ വച്ച് നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കാശ്മീര്‍ മനോഹരപ്രദേശമാണെങ്കിലും അവിടെ ഇപ്പോള്‍ ബോംബുകള്‍ വര്‍ഷിക്കുന്ന സാഹചര്യമാണെന്ന ട്രംപിന്റെ പ്രസ്താവനയിലും ഇന്ത്യ പ്രതിക്ഷേധം അറിയിച്ചിട്ടുണ്ട്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ അമേരിക്ക സന്ദര്‍ശനത്തിനിടയിലെ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ആശങ്കയിലാക്കിയ പ്രസ്താവന വന്നത്. രണ്ടാഴ്ച മുമ്പ് തങ്ങള്‍ കൂടിക്കണ്ടപ്പോള്‍ കാശ്മീര്‍ പ്രശ്‌നത്തില്‍ ഇടനിലവഹിക്കാന്‍ മോഡി സഹായം ചോദിച്ചെന്നാണ് ട്രംപ് പറയുന്നത്. ഒസാക്കയിലെ ജി 20 ഉച്ചകോടിക്കിടെയാണ് കാശ്മീര്‍ വിഷയത്തില്‍ മോഡി സഹായം അഭ്യര്‍ത്ഥിച്ചതെന്നാണ് ട്രംപിന്റെ അവകാശവാദം. പ്രശ്‌നത്തിലിടപെട്ടാല്‍ ജനലക്ഷങ്ങളുടെ പ്രാര്‍ഥന അങ്ങേക്കൊപ്പമുണ്ടാകുമെന്നാണ് ഇമ്രാന്‍ഖാന്‍ പറഞ്ഞത്.

ട്രംപിന്റെ അവകാശവാദം ഇന്ത്യ പാടേ തള്ളി. ട്രംപ് മധ്യസ്ഥത വഹിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടിട്ടേയില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് പ്രതികരിച്ചു. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ അഭിപ്രായം.
കശ്മീരിലെ സ്ഥിതി വളരെ വഷളാണെന്നും രണ്ട് രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അമേരിക്കയ്ക്ക് ഇടപെടാന്‍ കഴിയുമെങ്കില്‍ ഇടപെടാമെന്നുമാണ് ഇമ്രാന്‍ ഖാനെ സാക്ഷിയാക്കി ട്രംപ് പറഞ്ഞത്. എന്നാല്‍ സംഭവം വിവാദമായതോടെ മധ്യസ്ഥതയല്ല സഹായമാണ് ട്രംപ് ഉദ്ദേശിച്ചത് എന്ന വിശദീകരണം അമേരിക്ക പുറത്തുവിട്ടിട്ടുണ്ട്.
പ്രശ്‌നത്തില്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. 1971ലെ യുദ്ധത്തിനുശേഷം നടന്ന സിംലകരാര്‍പ്രകാരം മൂന്നാമത് ഒരു കക്ഷി കാശ്മീര്‍പ്രശ്‌നത്തില്‍ ഇടപെടുന്നത് ഇന്ത്യക്ക് സമ്മതമല്ല. മൂന്നാമതൊരാള്‍ മധ്യസ്ഥം വഹിക്കണമെന്നതാണ് അന്നുമിന്നും പാകിസ്ഥാന്റെ ആവശ്യം.
എന്നാല്‍ കാശ്മീര്‍ പ്രശ്‌നത്തില്‍ താന്‍ വിധികര്‍ത്താവായാണോ മധ്യസ്ഥനായിട്ടാണോ ഇടപെടാന്‍ ആഗ്രഹിക്കുന്നതെന്നത് എന്ന് മോഡി ചോദിച്ചതായാണ് ട്രംപ് വെളിപ്പെടുത്തുന്നത്. ഇത് ഇരുകൂട്ടരും തമ്മില്‍ ഗൗരവമുള്ള ഒരു ചര്‍ച്ച നടന്നതായ സൂചനയാണ് നല്‍കുന്നത്. ഇതിന് മറുപടി പറയാന്‍ മോഡി വിയര്‍ക്കേണ്ടിവരും.

Related News