Janayugom Online
trump putin

ഉദ്വേഗഭരിതമായി ഹെല്‍സിങ്കി

Web Desk
Posted on July 16, 2018, 10:42 pm

ഹെല്‍സിങ്കി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ തള്ളി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍. രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരിക്കെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനും കൂടിക്കാഴ്ച നടത്തിയ ശേഷമുള്ള സംയുക്ത പ്രസ്താവനയിലാണ് പരാമര്‍ശം. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ആദ്യം നടന്ന മൂന്ന് സെക്കന്റുകള്‍ മാത്രമുള്ള ഹസ്തദാനം ഹെല്‍സിങ്കി ഉച്ചകോടിയുടെ ആശങ്ക വര്‍ധിപ്പിച്ചിരുന്നു.
പല ഉച്ചകോടികളിലായി ഇരുവരും കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും ഇരു രാജ്യങ്ങളിലെയും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാത്രമായുള്ള കൂടിക്കാഴ്ച ആദ്യമായാണ്. ഫിന്‍ലന്‍ഡിന്റെ തലസ്ഥാനമായ ഹെല്‍സിങ്കിയിലെ പ്രസിഡന്‍ഷ്യല്‍ പാലസിലാണു ചര്‍ച്ച നടക്കുന്നത്. തീരുമാനിച്ചതിലും മിനിറ്റുകള്‍ താമസിച്ചാണ് പുടിനും ട്രംപും ഉച്ചകോടി വേദിയിലെത്തിയത്.
ഇരുനേതാക്കളും കണ്ടെങ്കിലും പരസ്പരം അധികം ചിരിക്കുക പോലും ചെയ്യാതെ അതീവ സമ്മര്‍ദ്ദത്തിലാണെന്നാണു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മൂന്നു സെക്കന്‍ഡ് മാത്രമാണ് ഇരുവരും തമ്മിലുള്ള ഹസ്തദാനം നീണ്ടത്. ലോകകപ്പ് ഫുട്‌ബോള്‍ മികച്ച രീതിയില്‍ സംഘടിപ്പിച്ചതിനു തുടക്കത്തില്‍തന്നെ പുടിനെ ട്രംപ് അനുമോദിച്ചു.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍, യുഎസിനു നേരെയുള്ള റഷ്യന്‍ സൈബര്‍ ആക്രമണം, സിറിയന്‍ വിഷയത്തിലെ റഷ്യയുടെ നിലപാട്, ഉക്രൈന്‍ പെപ്പ് ലൈന്‍ നയം തുടങ്ങിയ വിഷയങ്ങളില്‍ ട്രംപ് ഇടഞ്ഞു നില്‍ക്കുന്നതിനിടെയാണു കൂടിക്കാഴ്ച. യുഎസ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ സഹായിക്കാനായി 12 റഷ്യന്‍ ഹാക്കര്‍മാര്‍ ഡെമോക്രാറ്റുകളില്‍ നിന്നു വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണമുണ്ടായത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്.